Monday 19 November 2018 05:39 PM IST : By സ്വന്തം ലേഖകൻ

മീ ടു ചിലർക്ക് ഫാഷനാണ്; മലയാള സിനിമയ്ക്ക് അതുകൊണ്ട് കുഴപ്പമുണ്ടാകില്ല: മോഹൻലാൽ

Mohanlal-dubai.jpg.image.784.410

മീ ടു ക്യാംപെയിൻ ഒരു പ്രസ്ഥാനമല്ലെന്നു നടൻ മോഹൻലാൽ. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവുമുണ്ടായിട്ടില്ല. മാധ്യമങ്ങൾ പറഞ്ഞ് ഉണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നീക്കങ്ങൾ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. കുറച്ചു കാലം നിലനിൽക്കും പിന്നെ അത് ഇല്ലാതെയാകുമെന്നാണ് കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള അമ്മയുടെ ‘ഒന്നാണ് നമ്മൾ ഷോ’യെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബുദാബിയിൽ ഡിസംബർ ഏഴിന് നടക്കുന്ന ‘ഒന്നാണ് നമ്മൾ ഷോ’യിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്നും മോഹൻലാൽ പറഞ്ഞു. യുഎഇ ആംഡ് ഫോഴ്സ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. മലയാള സിനിമയിലെ അറുപതോളം നടീനടൻമാർ പരിപാടിയിൽ പങ്കെടുക്കും. ത്രീഡി ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഷോ നടക്കുക.

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുഹമ്മദ് നഹ്യാൻ പരിപാടി ഉദ്ഘാടനം ചെയ്യും. പാസ് മൂലം മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ. 100 ദിർഹം മുതൽ 5000 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഈ ഷോയിലൂടെ ഏതാണ്ട് അഞ്ചു കോടിയോളം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും മോഹൻലാൽ പറഞ്ഞു.

more...