Friday 01 September 2023 02:44 PM IST : By സ്വന്തം ലേഖകൻ

ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

attingal-aadi-dev

ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമത്താണ് നെഞ്ചുപിളർക്കുന്ന സംഭവം. മൂന്നര വയസ്സുകാരൻ അഭിദേവാണ് മരണപ്പെട്ടത്. കുന്നുംപുറത്ത് രേവതിയിൽ രമ്യയാണ് മകനെയും ഒക്കത്തേറ്റി കിണറ്റിൽ ചാടിയത്. മൂത്ത കുട്ടിയേയും കൊണ്ടുപോയെങ്കിലും കുട്ടി കുതറി മാറിയതിനാൽ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. ഇവർ താ‌മസിക്കുന്ന വാടകവീട്ടിലെ കിണറ്റിലേക്കാണ് ചാടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അറിയിച്ച പ്രകാരം അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രമ്യ നിലവിൽ ചികിത്സയിലാണ്. 

ആറ്റിങ്ങലിൽ ടെക്സറ്റൈൽ ജീവനക്കാരാണ് രമ്യയും ഭർത്താവ് രാജേഷും. രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്ന് പറയുകയും തുടർന്ന് കിണറ്റിൽ ചാടുകയുമായിരുന്നെന്നാണ് രാജേഷ് പറഞ്ഞത്. രാജേഷിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.