Saturday 20 April 2019 03:05 PM IST : By സ്വന്തം ലേഖകൻ

മരണവീട്ടിൽ, കരയുന്ന സ്ത്രീയെ നെഞ്ചോട് ചേർത്ത്, ആശ്വസിപ്പിച്ച് ഒരു കുരങ്ങൻ! വിഡിയോ വൈറൽ

monkey

കൗതുകമുള്ള, എന്നാൽ മനസ്സ് നിറയ്ക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടകയിലെ നര്‍ഗുണ്ടിലാണ് സംഭവം. മരണവീട്ടില്‍, കരയുന്ന സ്ത്രീയെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്ന കുരങ്ങനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രം.

മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന, മരിച്ചയാളുടെ ബന്ധുവായ സ്ത്രീയുടെ അടുത്തേക്ക് നടന്നു വന്ന്, അവരുടെ കൈയ്യിലും തോളിലും തട്ടി ആശ്വസിപ്പിക്കുന്ന കുരങ്ങന്‍ സ്ത്രീയുടെ തല തന്റെ മാറത്തേക്കു ചായ്ച്ച് വച്ച് വേദന പങ്കിടുന്നുമുണ്ട്.

ബന്ധുക്കളെല്ലാം മരണപ്പെട്ട 80കാരന്റെ മൃതദേഹത്തിനരികെ വിഷമിച്ചിരിക്കുന്ന സമയത്താണ് കുരങ്ങന്‍ അവിടേക്ക് നടന്ന് വരുന്നത്. കരയുന്ന പലരെയും മാറി മാറി നോക്കിയ ശേഷമാണ് അതിൽ ഒരാളെ ആശ്വസിപ്പിക്കാന്‍ തുടങ്ങിയത്.

ഇതാദ്യമല്ല ഈ കുരങ്ങന്‍ ഇങ്ങനെ ചെയ്യുന്നത്. ഒരു വര്‍ഷത്തോളമായി പല മരണവീടുകളിലും കുരങ്ങൻ ആശ്വാസവുമായി എത്തുന്നുണ്ട്. അവിടെയുള്ളവര്‍ പരസ്പരം ആശ്വസിപ്പിക്കുന്നത് കണ്ട് കുരങ്ങും അതുപോലെ അനുകരിക്കുമെന്നാണ് പ്രദേശവസികള്‍ പറയുന്നത്. മാത്രമല്ല ഇപ്പോള്‍ ഈ നാട്ടിലെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഈ കുരങ്ങന്‍ വരണമെന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.