Thursday 02 April 2020 04:12 PM IST : By Shyama

തിരിച്ചടവ് സാവകാശം എല്ലാ ലോണുകൾക്കും ബാധകമാവുമോ? മൊറട്ടോറിയം, ബാങ്കിങ് ഇടപാടുകളിൽ അറിയേണ്ടതെല്ലാം...

rbi-credi

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ലോണുകൾക്ക് മൂന്ന് മാസത്തെ തിരിച്ചടവ് സാവകാശം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 1, 2020 മുതൽ മേയ് 31, 2020 വരെയാണ് ഇതിന്റെ കാലയളവ്. ഇത് എല്ലാ പ്രാദേശിക, ഗ്രാമീണ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമാണ്. നിലവിൽ നിങ്ങളെടുത്തിട്ടുള്ള ലോണുകളുടെ മാസഗഡു (ഇഎംഐ) അടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. വീട്, വാഹനം, വിദ്യാഭ്യാസം, കാർഷിക ലോൺ തുടങ്ങിയ പലതിനും ഈ സാവകാശം ബാധകമാണ്. മാർച്ച് ഒന്നിന് മുൻപ് അടവിൽ മുടക്കം വരുത്തിയവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല താനും.

ബാങ്കുകൾ നേരിട്ടോ അപ്പുകൾ, വെബ്സൈറ്റ് വഴിയോ വിശദവിവരങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കും. ഈ സമയത്ത് പലിശ നിരക്കുകൾ കുറയില്ല, ഇത്രയും മാസം കഴിഞ്ഞു അടയ്ക്കുന്പോൾ ചെറിയൊരു തുക കോമ്പൗണ്ട് ഇന്ററസ്റ്റ് റേറ്റ് ഇനത്തിൽ അധികമായി കൊടുക്കേണ്ടതായും വരാം. അതുകൊണ്ട് സ്ഥിര വരുമാനക്കാർ/ ലോൺ മുടക്കമില്ലാതെ അടയ്ക്കാൻ സാധിക്കുന്നവർ കഴിവതും ഈ സൗകര്യം ഉപയോഗപ്പെടുത്താതെ നിലവിലുള്ളത് പോലെ തന്നെ തുടരുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ പ്രതിദിന വരുമാനക്കാർക്കും മറ്റു സാമ്പത്തിക വൈഷമ്യങ്ങൾ നേരിടുന്നവർക്കും ഇത് ഒരു ആശ്വാസം തന്നെയാണ്. കച്ചവട സംബന്ധമായ വർക്കിങ് ക്യാപിറ്റൽ ലോണുകൾക്ക് 3 മാസത്തെ തിരിച്ചടവ് സാവകാശം ലഭിക്കുന്നതാണ്. (സാധാരണ നിലയിൽ 3 മാസം പലിശ അടച്ചില്ലെങ്കിൽ അത് നിഷ്ക്രിയ ആസ്തി ആയി പരിഗണിക്കും.)

ജൂൺ മാസത്തിൽ ഈ കാലയളവിലെ പലിശ തിരിച്ചു അടക്കേണ്ടതാണ്. നിലവിൽ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ കൊടുത്തിട്ടുള്ളവർ ഈ മാസങ്ങളിൽ അത് നിർത്തിവയ്ക്കണമെങ്കിൽ ബാങ്കിൽ അപേക്ഷ നൽകണം. ഓൺലൈനായി അപേക്ഷ നൽകാനുള്ള സൗകര്യം ചില ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക് ഡൗൺ കാലയളവിൽ അത്യാവശ്യമില്ലാത്ത ബാങ്ക് സന്ദർശനം ഒഴിവാക്കാം. ലോണുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ അറിയാൻ അതാത് ബാങ്കുകളുടെയോ സ്ഥാപനത്തിന്റെയോ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.

Tags:
  • Spotlight