Thursday 08 November 2018 10:16 AM IST : By സ്വന്തം ലേഖകൻ

നിലവാരം താഴുന്നു; കൊച്ചിയിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന വാഹനം കണ്ട് ഞെട്ടലോടെ മോട്ടോർ വാഹന വകുപ്പ്!

Motor Vehicle Inspection

ഡ്രൈവിങ് പഠന നിലവാരം താഴുന്നതായി മോട്ടോർ വാഹന വകുപ്പ്. അനധികൃത ഡ്രൈവിങ് പഠിപ്പിക്കൽ പെരുകുന്നതാണ് കാരണം. ഡ്രൈവിങ് ടെസ്റ്റിലെ വിജയ ശതമാനവും താഴുന്നുണ്ട്. കാറിനു രൂപമാറ്റം വരുത്തി അനധികൃതമായി ഡ്രൈവിങ് പഠിപ്പിക്കുന്ന കടവന്ത്ര സ്വദേശിനിയുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടികൂടി. ലൈസൻസുള്ള ഡ്രൈവിങ് സ്കൂളുകളുടെ ബ്രാഞ്ചുകളെന്ന പേരിൽ നിയമവിരുദ്ധ ഡ്രൈവിങ് പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർടിഒ ജോജി പി. ജോസിന്റെ നിർദേശ പ്രകാരം എംവിഐ എൽദോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അനധികൃത പരിശീലനത്തിനു ശേഷം ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന പരീക്ഷാർഥികൾക്കു പണം വാങ്ങി അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ വാഹനം വിട്ടു കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മികച്ച ക്ലാസ്റൂം, ഓട്ടോമൊബൈൽ ഡിപ്ലോമയുള്ള ഇൻസ്ട്രക്ടർ, പഠിതാക്കൾക്കു വിശദീകരിച്ചു നൽകാൻ വാഹനങ്ങളുടെ പാർട്സുകൾ തുടങ്ങിയവയൊക്കെ ഡ്രൈവിങ് സ്കൂളിനോടനുബന്ധിച്ചു വേണമെന്നാണു മോട്ടോർ വാഹന നിയമം. ഗതാഗത നിയമം പാലിച്ചു നേരേചൊവ്വേ വാഹനമോടിക്കാൻ അറിയാത്തവർ പോലും ചില ഡ്രൈവിങ് സ്കൂളുകളുടെ ശാഖകളെന്ന പേരിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന ആശാൻമാരായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണു വിവരം.

ഓട്ടോമൊബൈൽ എൻജിനീയറിങിൽ ബിരുദമോ പോളിടെക്നിക്ക്, ഐടിഐ ഡിപ്ലോമയോ ഉള്ളവർ മാത്രമേ ഡ്രൈവിങ് പഠിപ്പിക്കാവു. എല്ലാ ഡ്രൈവിങ് സ്കൂളുകാരുടെയും കൈവശം ഇങ്ങനെ ഒരാളുടെ സർട്ടിഫിക്കറ്റുണ്ടാകുമെങ്കിലും ശാഖകളെന്ന പേരിൽ പല കേന്ദ്രങ്ങളിലും ഡ്രൈവിങ് പഠിപ്പിക്കുന്നതു സാധാരണ ഡ്രൈവർമാർ തന്നെ. അഞ്ചു വർഷമെങ്കിലും ഡ്രൈവിങിൽ പരിചയമുള്ളവർ മാത്രമേ ഇൻസ്ട്രക്ടർമാരാകാൻ പാടുള്ളു. ഇതു ലംഘിച്ചു ഡ്രൈവിങ് ലൈസൻസ് കിട്ടി പിറ്റേന്നു പഠിപ്പിക്കാനിറങ്ങുന്ന ആശാൻമാരുമുണ്ട്.

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ എച്ചും എട്ടും എങ്ങനെയെങ്കിലും കടത്തി വിടാനുള്ള പരിശീലനമാണ് അനധികൃത ഇൻസ്ട്രെക്ടർമാർ നൽകുന്നത്. ഡ്രൈവിങിന്റെ മറ്റു കാര്യങ്ങളും നിയമങ്ങളുമൊക്കെ ശിഷ്യർ മറ്റു വഴികളിലൂടെ സ്വായത്തമാക്കണം. കമ്പിയിൽ തട്ടാതെ വണ്ടിയോടിച്ചാൽ ആശാനും ശിഷ്യർക്കും തൃപ്തിയായി. ചട്ടവും വട്ടവുമൊക്കെ റോഡിൽ നിന്നു തനിയെ കിട്ടിക്കോളുമെന്ന ആശാന്റെ ഉപദേശം കൂടിയാകുമ്പോൾ പല അനധികൃത സ്കൂളുകളിലും ഡ്രൈവിങ് പഠനം പൂർണ്ണം.

more...