ഇരുപത്തിയൊന്നാം വയസ്സിൽ സ്ത്രീ ഉടലിൽ നിന്നു മോചനം നേടുമ്പോൾ ജയ്സനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ദേശീയതലത്തിൽ അറിയപ്പെടുന്ന ബോഡി ബിൽഡർ ആകണം. തന്റെ സ്വത്വം ഉൾക്കൊള്ളാനാകാതെ പരിഹസിച്ചവർക്കു മുന്നിൽ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി കടന്നിരിക്കുകയാണ് 27 വയസ്സുള്ള ഈ ട്രാൻസ്മാൻ– ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് ആലപ്പി നടത്തിയ ജില്ലാതല മത്സരത്തിൽ ചാംപ്യനായി.
മുഹമ്മ കാട്ടുകട അനിൽ നിവാസിൽ അനിൽകുമാർ–ജയമോൾ ദമ്പതികളുടെ മകളായാണു ജനിച്ചത്. പെണ്ണുടലിലെ ആൺമനസ്സ് നേരത്തേ തിരിച്ചറിഞ്ഞു. വീട്ടുകാർ ഒറ്റപ്പെടുത്തിയില്ല, ഒപ്പം നിന്നു. വീട് വിറ്റാണ് അവർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. അങ്ങനെ പ്ലസ് വൺ വിദ്യാർഥിയായിരിക്കെ, ജയ്സണിലേക്കുള്ള പിറവി. സാധാരണക്കാരായ മാതാപിതാക്കൾ തന്നെ മനസ്സിലാക്കി പിന്തുണ നൽകിയതാണു സ്വപ്നങ്ങൾ കാണാനുള്ള ആത്മവിശ്വാസം നൽകിയതെന്നു ജയ്സൺ പറയുന്നു. എങ്കിലും എളുപ്പമായിരുന്നില്ല പിന്നീടുള്ള കാലം. ശാരീരികമായും മാനസികമായും. ഒപ്പം നിന്നവരും പരിഹസിച്ചവരുമുണ്ട്. സ്നേഹപൂർവം ചേർത്തു നിർത്തിയ കൂട്ടുകാരി അഞ്ജലി പിന്നീടു ജീവിത പങ്കാളിയായി. 23–ാം വയസ്സിലായിരുന്നു വിവാഹം.
സ്ത്രീ എന്ന മേൽവിലാസത്തിൽ നിന്നു പുറത്തുവന്നെങ്കിലും ബോഡി ബിൽഡർ എന്ന ലക്ഷ്യത്തിലേക്കു ശരീരത്തെ പരുവപ്പെടുത്തി എടുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കുറിയർ എത്തിച്ചിരുന്ന ജോലി ഉപേക്ഷിച്ചു മുഴുവൻ സമയവും ജിമ്മിലേക്ക്. പത്തനംതിട്ട ചിറ്റാറിൽ വാടക വീട്ടിലാണു താമസം. അവിടത്തെ ജിമ്മിൽ ദിവസവും 6 മണിക്കൂറോളം കഠിന പരിശീലനം. ജയ്സന്റെ അമ്മ ജയമോളുടെയും അഞ്ജലിയുടെ അമ്മ അജിതയുടെയും ചെറിയ വരുമാനത്തിൽ നിന്ന് ഒരു ഭാഗം എല്ലാ മാസവും ജയ്സനെ തേടിയെത്തും– പരിശീലന ചെലവുകൾക്കായി.
അറിയപ്പെടുന്ന ഒരു ബോഡി ബിൽഡറാകണമെന്ന ആഗ്രഹത്തിനു പിന്നിൽ തന്റെ കമ്യൂണിറ്റിയിലുള്ളവർക്കു പ്രചോദനമാകണമെന്ന നിശ്ചയദാർഢ്യവുമുണ്ട്. സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തിനായി ഭക്ഷണവും പരിശീലനവും കൂടുതൽ കർശനമാക്കി. അടുത്ത മാസം കൊച്ചിയിൽ മോഡലിങ് ഷോയിൽ റാംപ് വാക്കും ചെയ്യുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും പരിശീലനം തുടരുന്നു. സ്പോൺസർ ചെയ്യാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയോടെ.