Thursday 23 September 2021 11:33 AM IST : By സ്വന്തം ലേഖകൻ

ശരീരം മുഴുവന്‍ നീരു വന്ന് പൊട്ടി രക്തമൊലിക്കും, കണ്ടുനില്‍ക്കാനാവില്ല ഈ കുരുന്നിന്റെ വേദന; ചികിൽസയ്ക്ക് കാരുണ്യം തേടി മുഹമ്മദ് സിയാൻ

s-kalaa3333fgg

കണ്ടുനില്‍ക്കാനാവില്ല ഈ കുരുന്നിന്റെ വേദന. ശരീരം മുഴുവന്‍ നീരു വന്ന് പൊട്ടി രക്തമൊലിച്ചു കൊണ്ടേയിരിക്കും. ശരീരം നിറയെ  മുറിവുകളുമായാണ് ഒന്നര വയസുകാരന്‍ മുഹമ്മദ് സിയാന്റെ ജീവിതം. അപൂര്‍വ ജനിതകരോഗമാണ് ആലപ്പുഴ പുന്നപ്രയിലെ സിദ്ധിക്കിന്റെയും കാവ്യയുടെയും ഇളയമകന്. അഞ്ചാം മാസത്തിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. രാത്രിയില്‍ പലപ്പോഴും സിയാന് വേദന കാരണം ഉറങ്ങാനാകില്ല. കുഞ്ഞിന്റെ ശരീരത്തുനിന്നും ഒഴുകുന്ന രക്തം തുടച്ച തുണികള്‍ ധാരാളമുണ്ട് ഈ വീട്ടില്‍.

വിവിധ ആശുപത്രികളിലെ പരിശോധനയ്ക്ക് ശേഷം ഇപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് ചികില്‍സ. അപൂര്‍വ ജനിതകരോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. രോഗകാരണം കണ്ടെത്താന്‍ ജനിതക പരിശോധന നടത്തണം. മജ്ജ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. ചികില്‍സയ്ക്കായി വന്‍തുക വേണ്ടി വരും. കുഞ്ഞിന്റെ ചികില്‍സയ്ക്കുള്ള ചിലവുകള്‍ കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം.

ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് വാളത്താറ്റ് സിദ്ധിക്കിന്‍റെയും കാവ്യയുടെയും രണ്ടാമത്തെ മകനാണ് സിയാന്‍. ഒറ്റമുറി ഷെഡിലാണ് സിയാനും ചേച്ചി അന്‍സിബയും അമ്മ കാവ്യയും അച്ഛന്‍ സിദ്ധിയ്ക്കും അമ്മൂമ്മ കലയും കഴിയുന്നത്. കലയുടെ പേരിലുള്ള സ്ഥലത്ത് പാതിവഴിയില്‍ നിര്‍മാണം മുടങ്ങിയ വീടുണ്ട്. കലയ്ക്ക് ലോട്ടറി വില്‍പനയാണ് തൊഴില്‍. സിയാന്റെ മുഖത്ത് വീണ്ടും പുഞ്ചിരിയും സന്തോഷവും വിരിയാൻ കരുതലിന്റെ കരങ്ങള്‍ നാം ഉയര്‍ത്തണം.

Tags:
  • Spotlight