Tuesday 03 May 2022 11:24 AM IST : By സ്വന്തം ലേഖകൻ

ചെറിയ പെരുന്നാളിന് ഇക്കുറി മധുരം ഏറെ..; കുഞ്ഞു മൊമ്മയുടെ ചികിത്സയ്ക്ക് അഫ്ര വീൽചെയറിൽ ഇരുന്നു സമാഹരിച്ചത് 46 കോടി രൂപ!

muhammed-celebrate-cheriya-perunnal.jpg.image.845.440

കോടി പുണ്യം പെയ്തിറങ്ങിയ മാട്ടൂൽ ഗ്രാമത്തിലെ മുഹമ്മദിന് ഇത് ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാൾ. കേരളം ഹൃദയത്തോടു ചേർത്തുപിടിച്ച മുഹമ്മദ് ഇക്കുറി പെരുത്തു സന്തോഷത്തിലാണ്. ചെറിയ പെരുന്നാളിന് ഇക്കുറി മധുരം ഏറെയെന്നു മുഹമ്മദിന്റെ മൂത്ത ചേച്ചി അഫ്ര, രണ്ടാമത്തെ ചേച്ചി അൻസില, ഉപ്പ റഫീഖ്, ഉമ്മ മറിയം എന്നിവർ പറയുന്നു.

സ്പൈനൽ മസ്കുലർ അട്രോപി (എസ്എംഎ) രോഗം ബാധിച്ച മുഹമ്മദ് എന്ന ഒന്നര വയസ്സുകാരനായ സഹോദരന്റെ ചികിത്സയ്ക്ക് എസ്എംഎ രോഗ ബാധിതയായ സഹോദരി അഫ്ര വീൽചെയറിലിരുന്നു നടത്തിയ അഭ്യർഥനയിൽ ചെറുതും വലുതുമായ കാരുണ്യം കോടി പുണ്യമായി പെയ്തിറങ്ങി. ദിവസങ്ങൾക്കകം സമാഹരിച്ചതു 46 കോടി രൂപ ആയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 നാണു മരുന്ന് കുത്തിവച്ചത്. ഇപ്പോൾ ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങി. ഉപ്പയോട് അനുജന്റെ മുടി പുതിയ സ്റ്റൈലിൽ മുറിക്കണം എന്ന് പറഞ്ഞത് അഫ്രയാണ്. ഉപ്പ മുഹമ്മദിനെ കൂട്ടി വീടിനടുത്തുള്ള ബാർബർ ഷോപ്പിൽ പോയി കേപ് കട്ട് സ്റ്റൈലിൽ മുടി മുറിച്ചു.

അഫ്ര സ്നേഹപൂർവം മൊമ്മ എന്ന് വിളിക്കുന്ന മുഹമ്മദിനു പുതിയ സ്റ്റൈൽ ഇഷ്ടമായി. അടുത്ത പെരുന്നാൾ ആകുമ്പോഴേക്കും തങ്ങളുടെ പ്രിയപ്പെട്ട മുഹമ്മദ് പൂർണ ആരോഗ്യത്തോടെ ഓടി ചാടി കളിക്കുന്നത് കാണാൻ കഴിയണം എന്നാണ് ഇവരുടെ പ്രാർഥന. നാടിന്റെ ആകെ പ്രാർഥനയും അല്ലാഹുവിന്റെ അനുഗ്രഹവും അതിന് വഴി തെളിയുമെന്ന് ഉറച്ചു വിശ്വസത്തിലാണ് ഈ കുടുംബം.

Tags:
  • Spotlight