Monday 03 October 2022 02:25 PM IST : By സ്വന്തം ലേഖകൻ

‘ആരെയും ദ്രോഹിച്ചില്ല, എല്ലാവർക്കും സഹായിയായിരുന്നു, പിന്നെന്തിന് ഈ ചതി എന്റെ കുഞ്ഞിനോട് ചെയ്തേ?’; കണ്ണീരണിഞ്ഞു കുടുംബം

alappuzha-bindhu-kumar-murder.jpg.image.845.440

‘ആരെയും ദ്രോഹിച്ചില്ല. എല്ലാവർക്കും സഹായിയായിരുന്നു. പിന്നെന്തിന് ഈ ചതി എന്റെ കുഞ്ഞിനോട് ചെയ്തേ?’- ചങ്ങനാശേരി പൂവം എസി കോളനിയിൽ കൊല്ലപ്പെട്ട ബിന്ദുമോന്റെ മൃതദേഹം കോമളപുരത്തെ കിഴക്കേതയ്യിൽ വീട്ടിൽ കൊണ്ടുവന്നപ്പോൾ അമ്മ കമല മകന്റെ അരികിലെത്തി നിലവിളിച്ചു കൊണ്ടു ചോദിച്ചു. അരികെ നിന്ന പിതാവ് പുരുഷനും കണ്ണീരണിഞ്ഞു.

മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മുഖം ഉൾപ്പെടെ മൂടി പൊതിഞ്ഞായിരുന്നു കൊണ്ടുവന്നത്. ഇന്നലെ വൈകിട്ട് 3ന് വീട്ടിൽ എത്തിച്ച ശേഷം 15 മിനിറ്റിനകം ചടങ്ങുകൾ പൂർത്തിയായി. പണിതീരാത്ത വീടിന്റെ മുറ്റത്ത് ഒരുക്കിയ ചിതയ്ക്ക് ജ്യേഷ്ഠൻ ഷൺമുഖന്റെ മകൻ ഷാരൂ തീകൊളുത്തി. ബിജെപി ആര്യാട് കിഴക്ക് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു ബിന്ദുമോൻ.

പ്രതി പിടിയിലായത് ഒളിവിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

ബിന്ദുമോൻ കൊലക്കേസിലെ പ്രതി മുത്തുകുമാർ പിടിയിലായത് ആലപ്പുഴ കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. തമിഴ്നാട്ടിൽ നിന്ന് തിരികെയെത്തിയ മുത്തുകുമാർ ഐടിസി കോളനിയിലാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ്  ശനി രാത്രി തന്നെ ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൂവത്ത് താമസം തുടങ്ങുന്നതിന് 15 വർഷം മുൻപ് മുത്തുകുമാർ കലവൂർ, കോമളപുരം എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്.

ആ സമയത്താണ് ബിന്ദുമോനുമായി അടുപ്പത്തിലായത്. ഇന്നലെ രാവിലെ നോർത്ത് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം എഎസ്പി സാജൻ പോൾ, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.സാബു, ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മുത്തുകുമാർ പ്രതിയാണെന്നു രേഖപ്പെടുത്തി. ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷ്, സിപിഒമാരായ യു.ഉല്ലാസ്, എം.ഹരികൃഷ്ണൻ, എസ്.അനസ്, ഷഫീക്ക്, ശ്യാം, സുരേഷ്ബാബു എന്നിവർ അടങ്ങിയ സ്പെഷൻ സ്ക്വാഡ് ആണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്.

Tags:
  • Spotlight