Wednesday 22 August 2018 04:19 PM IST

‘‘ലോകത്തിലെ ഏറ്റവും നിറമുള്ള പൂവിതളാണ് ഞാന്‍...’’ ശാലിനി സരസ്വതി എന്ന മലയാളി െപണ്‍കുട്ടി പറയുന്നു

Vijeesh Gopinath

Senior Sub Editor

cover_shalini
ഫോട്ടോ - ശ്യം ബാബു

നാലു വയസ്സുകാരി വേദ ഒരിക്കല്‍ അവളുെട അമ്മ യോടു പറഞ്ഞു, ‘മമ്മാ... നമ്മുടെ പൂജാമുറിയിലെ ഗോഡസ്സിന് കുറേ കൈകളില്ലേ... രണ്ടു കൈ ശാലുചേച്ചിക്ക് കൊടുക്കാൻ പറയട്ടെ...’

‘‘കൂട്ടുകാരിയുടെ മകൾ വേദ എന്‍റെ െെക വളരാന്‍ അന്നു ദൈവത്തോടു ഒരുപാടു പ്രാർഥിച്ചിട്ടുണ്ടാകും... പിന്നെ, കാണുമ്പോഴൊക്കെ വളർന്നോ എന്നറിയാൻ അവൾ െെകകളില്‍ തലോടി നോക്കും.’’ ഇതും പറഞ്ഞ് ആത്മവിശ്വാസത്തിന്റെ  താരാപഥത്തിലെ തിളക്കമുള്ള നക്ഷത്രം പോലെ ശാലിനി സരസ്വതി  ചിരിച്ചു. ശാലിനിയുെട ഒാരോ വാക്കിലും തൊട്ടു കിടക്കുന്നുണ്ട്, ‘ഇതാ  ലോകത്തിലെ ഏറ്റവും നിറമുള്ള പൂവി തളാണ് ഞാൻ’ എന്ന സന്തോഷ. 

ഉള്ളിലെവിടെയോ മൊെെബല്‍േഫാണ്‍ ചിലയ്ക്കുന്നു. മുറിച്ചു മാറ്റിയ രണ്ടു കാലുകളോടും ചേർത്തുവച്ച ‘ബ്ലേഡിന്റെ’ ചിറകിൽ അകത്തേക്കു പറന്ന് ശാലിനി തിരിച്ചു വന്നു.  വിരലുകൾ കൊഴിഞ്ഞു പോയ കൈപ്പത്തികൊണ്ട് ഫോൺ നിശബ്ദമാക്കി. പിന്നെ, ചിരിയുടെ പുതുപൂവെടുത്തു വച്ച്  സംസാരിച്ചു തുടങ്ങി.

 ‘‘എന്നെ കാണുമ്പോൾ ഏറ്റവും  സത്യസന്ധമായി  പെരുമാറുന്നത് കുട്ടികളാണ്. അവരുടെ മുഖത്തൊരിക്കലും സഹതാപത്തിന്റെ നരച്ച ഭാവം ഉണ്ടാകില്ല. കൗതുകവും പിന്നെ,  സഹായിക്കാനുള്ള മനസ്സുമായിരിക്കും.   

എന്റെ കോച്ചിന്റെ മകളെ ആദ്യമായി കണ്ട ദിവസം ഇന്നും ഒാർമയുണ്ട്. മാരത്തൺ ഒാടാനുള്ള പരിശീലനം നടക്കുന്നതിനിടയിലൊരു ദിവസമാണ് അവളെ കാണുന്നത്. സന്തോഷത്തിൽ ഇരുകൈയും നീട്ടി ഞാൻ ഒാടിച്ചെന്നു. എന്നെ കണ്ട തും കുഞ്ഞ് കരഞ്ഞു കൊണ്ടു തിരിച്ചോടി. 

മാസങ്ങൾക്കു ശേഷം അരികിൽ വന്ന്  കൈയിൽ പതുക്കെ തൊട്ടിട്ട് അവൾ പറഞ്ഞു, ‘ശാലൂന്റെ കൈ നല്ല സോഫ്റ്റാല്ലേ, ഞാൻ തൊട്ടപ്പോ വേദനിച്ചോ? അതേയ്, അന്നു ഞാന്‍ ആദ്യം കണ്ടപ്പോള്‍ പേടിച്ചുപോയി. അതാ ഒാടിയത്. ഇപ്പോ പേടി പോയി.’ ഞാനവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. 

പക്ഷേ, മുതിർന്നവർ അങ്ങനെയല്ല,  ‘വിധിയുെട കൊടുങ്കാ റ്റിൽ പെട്ട് ചിതറിപ്പോയ പെൺകുട്ടി’ എന്ന മട്ടിലാണ് എന്നെ കാണാറുള്ളത്. ‘നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ആ ത്മഹത്യ ചെയ്തേനെയെന്നും ദൈവം നിന്നോടു ക്രൂരമായാണ് പെരുമാറിയതെന്നും’പറഞ്ഞ് എന്റെ മുന്നിൽ സങ്കടപ്പെടുന്നവരുണ്ട്... അവരോടൊക്കെ പൊട്ടിച്ചിരിച്ചു കൊണ്ടു ഞാൻ പറ‍യും. ‘തെറ്റാണ്, മൈ ലൈഫ് ഈസ് ഗ്രേറ്റ്. എന്റെ ജീവിതം ദൈവത്തിന്റെ മുറ്റത്തെ സ്വർണമുല്ല പോലെ സുന്ദരമാണ്...’

sali

രോഗത്തിന്റെ വിത്തുകൾ

ഒരൊറ്റ ജന്മത്തിലെ രണ്ടു ജീവിതമാണ് ശാലിനിയുടെത്. കം ബോ‍ഡിയ യാത്രയ്ക്ക് മുൻപും അതിനു ശേഷവും. ഒരിക്കൽ പോലും തിരിച്ചെടുക്കാനാകാത്ത വിധം ജീവിതം മാറിപ്പോയത് ആ യാത്രയ്ക്ക് ശേഷമായിരുന്നു. 

അരളിപ്പൂ വീണ ചോലമരപ്പാതകളിലൂടെ ആർത്തിരമ്പിയൊഴുകിയ പഴയ യാത്രകൾ ശാലിനി ഒാർമിക്കാറുണ്ട്. ബെം ഗളുരുവിലെ തിരക്കുകൾക്കു മീതേ കൂടി ഒരപ്പൂപ്പൻതാടി പോ ലെ പാറി നടന്ന കൗമാരവും യൗവനവും. കൊല്ലത്താണ് അ ച്ഛൻ ഗോപിനാഥിന്റെ വീട്. അമ്മ സരസ്വതിയുടെത് കരു നാഗപ്പള്ളിയിലും. കേന്ദ്ര സർക്കാർ ജീവനക്കാരനായാണ് ഗോപിനാഥ് ബെംഗളൂരുവിൽ എത്തുന്നത്. ശാലിനി ജനിച്ചതും വളർന്നതുമെല്ലാം അവിടെ. നല്ലൊരു നർത്തകനായ ഗോപിനാഥ് മകളെ ന‍ൃത്തം പഠിപ്പിച്ചു. അന്നൊക്കെ ചിലങ്കയുടെ ചിരിയില്ലാതെ ശാലിനിയുടെ ഒരു ദിവസം തീരാറില്ല.

salini-new

പട്ടം പോലെ പറന്ന കാലം 

‘‘ടോംബോയ് ജീവിതമായിരുന്നു അന്ന്.’’ ശാലിനി ഒാര്‍ക്കുന്നു. ‘‘ഒന്നിനേയും ഭയക്കേണ്ടെന്നു പറഞ്ഞാണ് എന്നെയും അനുജത്തിയെയും അച്ഛനുമമ്മയും വളർത്തിയത്. എല്ലാ സ്വാതന്ത്ര്യവും തന്നു. ആരോടു സംസാരിച്ചാലും അവരെന്റെ ചങ്ങാതിയായി മാറും. പഠിക്കുമ്പോഴേ അമ്മ പറഞ്ഞു തന്നു,  എത്രയും വേഗം ജോലി നേടണം. ആണിന്റെ മുന്നിൽ പണത്തിനായി കൈ നീട്ടേണ്ടി വരരുത്. ആരുടെ മുന്നിലും തല താഴ്ത്താനും പാടില്ല.

അങ്ങനെ തന്നെ വളർന്നു. പഠനം കഴിഞ്ഞ ഉടൻ ജോലി കിട്ടി. മൾട്ടി നാഷനൽ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജറായി. സഹപ്രവർത്തകനായിരുന്ന പ്രശാന്ത് ചൗ‍ഡപ്പയെ വിവാഹം കഴിച്ചു.’’ 

നാലാം വിവാഹ വാർഷികത്തിൽ ശാലിനിയും പ്രശാന്തും ഒരു യാത്ര തീരുമാനിച്ചു. ഒരുപാടു യാത്രകൾ പോയിട്ടുണ്ടെങ്കിലും ഇതുവരെ പോകാത്ത രാജ്യം – കംബോഡിയ. എന്തുകൊണ്ടു ആ രാജ്യമെന്നു ചോദിച്ചവരോട് ശാലിനി പറഞ്ഞു, ‘‘ഒരുപാട് ചരിത്രമുറങ്ങുന്ന നാട് പിന്നെ, ലോകത്തിലെ ഏ റ്റവും വലിയ ക്ഷേത്രം അവിടെയാണ്, അംകോർവാട്ട്.’’

സന്തോഷച്ചായം പരന്നൊഴുകിയ കംബോഡിയ യാത്രയ്ക്കൊടുവിൽ അതാ ആഹ്ലാദത്തിന്റെ മറ്റൊരു മഴവില്ല്, ശാ ലിനി അമ്മയാകാൻ പോകുന്നു... വീടും കൂട്ടുകാരും എല്ലാം കുഞ്ഞിനായി കാത്തിരിക്കുമ്പോളാണ് ആശങ്കകളുടെ ഇടിമേഘങ്ങൾ കൊള്ളിയാൻ എറിഞ്ഞു തുടങ്ങിയത്.

യാത്ര കഴിഞ്ഞ് ഒരുമാസമായിട്ടുണ്ടാകും. പനിയായിരുന്നു തുടക്കം. ‌‍ഡോക്ടറെ കണ്ടപ്പോൾ പാരസെറ്റമോൾ നൽകി. ര ണ്ടു ദിവസത്തെ ആശ്വാസം. പക്ഷേ, വീണ്ടും പനിയും ക്ഷീ ണവും. പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതോടെ ഡെങ്കിപ്പനിയോ മലേറിയയോ ആകാമെന്നു ഡോക്ടർമാർ കരുതി. 

 പ്രശാന്തിന്റെ വിരൽത്തുമ്പു വിട്ട് ശാലിനി െഎസിയുവിന്റെ വാതിൽ തുറന്ന് കയറി. ഒാർമകൾ ഇവിടെ വച്ച് മുറിഞ്ഞു. പിന്നെ, ശാലിനി കണ്ണു തുറക്കുന്നത് ഏഴു ദിവസത്തിനു ശേ ഷമാണ്. കൈയും കാലും അവിശ്വസനീയമായ രീതിയിൽ നീരുവന്നു വീർത്തിരുന്നു. എഴുന്നേൽക്കാനാകുന്നില്ല. ചുറ്റും ഇരുട്ടുപോലെ. ഒന്നും വ്യക്തമല്ല. ആരോ ഒരാള്‍ എന്‍റെ മു ന്നില്‍ നില്‍ക്കും പോലെ എനിക്കു തോന്നി. 

‘സംഭവിച്ചത് എന്താണെന്ന്  ഒാർക്കാൻ ശ്രമിച്ചു. വെറുമൊരു പനിയായി ആശുപത്രിയിലെത്തിയ എനിക്ക് എന്താണു പറ്റി യത്? എന്‍റെ മുന്നില്‍ വന്നു നിന്നിരുന്ന െെസക്കോളജിസ്റ്റ്  അ പ്പോൾ വളരെ ശാന്തമായി എന്നോടു സംസാരിച്ചു തുടങ്ങി.’

salini-sara
ഫോട്ടോ - ശ്യം ബാബു

മുറിക്കാതെ വയ്യ, ചിറകുകൾ

‘ഒാര്‍ക്കുന്നില്ലേ, മാസങ്ങള്‍ക്കു മുന്‍പു നടത്തിയ കംബോഡിയ യാത്ര. അതിനിടയില്‍ എപ്പോഴോ ‘റിക്കെറ്റ്സിയ’ എന്ന ബാക്ടീരിയ നിന്റെ  ശരീരത്തിൽ കയറിയിരുന്നു. അതോടെ ഒാരോ അവയവത്തിന്റെ പ്രവർത്തനങ്ങളും തകരാറിലായി തുടങ്ങി. ഈ ബാക്ടീരിയ മൂലമുള്ള ‘റിക്കറ്റ്സിയൽ ഡിസീസ്’ ബാധി ച്ചാൽ ജീവിതത്തിലേക്കു തിരിച്ചു വരുന്നവർ കുറവാണ്.

നീ അധികകാലം ജീവിച്ചിരിക്കില്ല എന്ന് േഡാക്ടര്‍മാരും വിധിയെഴുതി.  അവസാനമായി കാണേണ്ടവർ വന്നു കണ്ടോളൂ എന്നും വീട്ടുകാരെ അറിയിച്ചു. ശ്വാസകോശം തകരാറിലായിരുന്നു. രണ്ടു പ്രാവശ്യം  ഹൃദയാഘാതമുണ്ടായി. എന്നിട്ടും നി നക്ക് ജീവൻ തിരിച്ചു കിട്ടി.  പക്ഷേ....’ ഒന്നു നിർത്തി കരിനീലിച്ചു കിടന്ന എന്റെ കൈകളിലേക്കു നോക്കി അദ്ദേഹം തുടര്‍ന്നു, ‘കൈകളിലും കാലുകളിലും അണുബാധയേറ്റിട്ടുണ്ട്. അവ മുറിച്ചു മാറ്റിയേ പറ്റൂ. പഴയതു പോലെ ആകില്ല. കരയരുത്, ധൈര്യം വിടരുത്...’

എനിക്ക് കരച്ചിലൊന്നും വന്നില്ല, അങ്ങനെ ചെയ്യാതെ നിവ‍ൃത്തിയില്ലെന്നുറപ്പാണെങ്കിൽ... എങ്കിലും പ്രതീക്ഷകൾ കൈവിട്ടില്ല. ആംപ്യൂട്ടേഷൻ നടത്താതെ തന്നെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പോന്നു. ഒറ്റയ്ക്ക് നടക്കാൻ പറ്റില്ല. കൈയും കാലും  അത്രയ്ക്ക് നീരുവച്ച് വീർത്തിരുന്നു. വീട്ടിലെ   ‘മുറിക്കൂട്ടിൽ’ പകൽ പിറന്നു, അസ്തമിച്ചു.    

ഇതിനിടയിൽ പരീക്ഷിക്കാത്ത മരുന്നുകളില്ല. ഒാക്സിജൻ തെറപ്പി, ഇലക്ട്രോ മാഗ്‌നറ്റിക് തെറപ്പി തുടങ്ങി എന്തൊക്കെയോ ചികിത്സകൾ. വിളിക്കാത്ത ദൈവങ്ങളില്ല. അപ്പോഴൊന്നും മാനസികമായി തളർന്നിരുന്നില്ല. ശരിയാകും എന്ന മെ ഴുകുതിരി വിശ്വാസം ആരോ കൊളുത്തി വച്ച പോലെ. പക്ഷേ, അത് അധികകാലം ഉണ്ടായിരുന്നില്ല’’   

നാലഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ശാലിനിയുടെ ജീ വിതത്തിലേക്ക് ഇരുട്ടിന്റെ ഇടമുറിയാ മഴ നിന്നു പെയ്തു. പ്ര തീക്ഷകളുടെ എല്ലാ മണ്ണടരുകളെയും ദുർബലമാക്കി, ആത്മവിശ്വാസത്തിന്റെ ഒാലവീടിനെ വിറപ്പിച്ചു കൊണ്ട്... 

പെട്ടെന്നായിരുന്നു ശരീരത്തിൽ മുറിവുകൾ വീണു തുട ങ്ങിയത്. ദുർഗന്ധം പരന്നു. അതോടെ ആരോടും വീട്ടിലേ ക്കു വരേണ്ട എന്നു ശാലിനി തീർത്തു പറഞ്ഞു. നിഴലിനോടു പോ ലും സംസാരിക്കാനാകാതെ വീണുകിടന്നു. ഉറക്കമില്ലാത്ത രാത്രികളിൽ സമയദോഷത്തെ പഴി പറഞ്ഞു. ‘ദൈവമേ എ ന്നോടെന്തിനിങ്ങനെ’ എന്ന് അലറി ചോദിച്ച്, ദുഃസ്വപ്നങ്ങളുടെ വേട്ടനായ്ക്കുരയിൽ നിലവിളിച്ച്, ഇനിയില്ല ജീവിതമെന്ന് തീർത്തുറപ്പിച്ച്... പാതി ചിറകറ്റു പോയ ശലഭം മരണം സ്വ പ്നം കാണുന്നതു പോലെ... പക്ഷേ, ആ ഇരുട്ട് അധികനാളില്ലായിരുന്നു. ആത്മവിശ്വാസത്തിന്റെ സൂര്യൻ ശാലിനിയുടെ മനസ്സിൽ ഉദിച്ചുയർന്നു. ‌എന്തിനിങ്ങനെ കിടക്കണം എന്നു സ്വയം ചോദിച്ചു. മുറിവേൽക്കാത്ത മനസ്സുണർന്നു തുടങ്ങി.

‘‘ പെയ്തു കൊണ്ടിരുന്ന ദുരിത മഴ തീരും എന്ന് ഞാൻ ഉ റച്ചു വിശ്വസിച്ചു.  ഒാഫിസ് ജോലി പാർട് ടൈം ആയി വീട്ടിലി രുന്നു ചെയ്യാൻ തുടങ്ങി. പക്ഷേ, കൈയില്‍ അണുബാധ കൂ ടി. ജീവനു തന്നെ ആപത്തായേക്കാം എന്നു വന്നതോടെ ഇ ടതുകൈ മുറിച്ചു മാറ്റാൻ തീരുമാനിച്ചു. അതോടെ  ഒറ്റക്കൈ കൊണ്ട് കംപ്യൂട്ടർ കീ ബോർഡ് അമർത്തി ജോലി തുടർന്നു

അപ്പോഴേക്കും വലതു കൈയിലെ വിരലുകൾ ഉണങ്ങിയ മരക്കൊള്ളി പോലെയായിക്കഴിഞ്ഞിരുന്നു. കറുത്ത നിറം. ഒരു ദിവസം ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ തോളെല്ലിൽ ആണി തറയുന്നതു പോലൊരു വേദന. സഹിക്കാൻ പറ്റിയില്ല. പെട്ടെന്ന്  വലതു കൈപ്പത്തിയിലെ  വിരലുകള്‍ ഉൾപ്പടെയുള്ള ഭാഗം അറ്റ് താഴെ വീണു, കൊ‍ടും കാറ്റിൽ  ഉണങ്ങിയ ചില്ല താഴെ വീഴുന്നതു പോലെ–ഒാട്ടോ ആംപ്യൂട്ടേഷൻ. ഞാനൊഴിച്ച് ക ണ്ടു നിന്നവരെല്ലാം ഞെട്ടി. എനിക്കതിൽ വിഷമം തോന്നിയില്ല.  ഇനിയും വിധി പരീക്ഷിക്കട്ടെ. ഞാൻ തോൽക്കില്ല. ഇതിന്റെ പേരില്‍ കരഞ്ഞിരിക്കാൻ തയാറല്ല എന്നും ഉറപ്പിച്ചു. 

കൂട്ടുകാരെ വിളിച്ചു വരുത്തി ജീവിതം ഉഷാറാക്കി. അ തുവരെ ചിരിയുടെ  ഇലയനക്കം  പോലുമില്ലാതിരുന്ന വീടിന്റെ മുഖം മാറി. അതിനിടയിലും  ദുരന്തങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷേ, അപ്പോഴേക്കും മനസ്സു കൊണ്ട് ഞാൻ കരുത്തു നേടി യിരുന്നു. ഇതിനേക്കാൾ മോശമായതൊന്നും ജീവിതത്തില്‍ സംഭവിക്കില്ല എന്നുറപ്പായിരുന്നു. ഇരു കാലുകളും  മുറിച്ചു മാറ്റിയപ്പോഴും, വേദന സഹിക്കേണ്ടല്ലോ ഇനിയെനിക്കു കിടന്നു റങ്ങാമല്ലോ എന്നുമാത്രമേ ചിന്തിച്ചുള്ളൂ. ’’ ശാലിനിയുടെ ക ണ്ണിൽ കനൽക്കരുത്ത്.

sal_1
ഫോട്ടോ - ശ്യം ബാബു

പർപ്പിൾ ക്യൂട്ടക്സിട്ട കാൽവിരലുകൾ

അണുബാധ നിയന്ത്രിക്കാനാകാതെ വന്നപ്പോൾ കാലുകൾ മുറിച്ചു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. സർജറിക്കായി ആശുപത്രിയിലേക്കു പോകേണ്ട ദിവസം എത്തി. ശാലിനിക്ക്  നെയിൽ പോളിഷ് ഒരുപാടിഷ്മായിരുന്നു. പല നിറക്കൂട്ടിലെ ചായങ്ങൾ വാങ്ങി സൂക്ഷിക്കാറുമുണ്ടായിരുന്നു. ഈ ജന്മ ത്തില്‍ അതിന്റെ ആവശ്യമുണ്ടാകില്ലെന്നോർത്തപ്പോൾ ഉ റപ്പിച്ചു– അവസാനമായി നെയിൽ പോളിഷ് ഇടണം. അങ്ങനെ  പർപ്പിൾ നിറമുള്ള ചായം കാൽവിരലുകളിൽ കൂട്ടുകാർ പുരട്ടി. 

പക്ഷേ, തിയറ്ററിലേക്കു പോകും മുൻപേ നഴ്സ് അതു ക ണ്ടുപിടിച്ചു. അവർ പോളിഷ് തുടച്ചുകളയാനൊരുങ്ങിയപ്പോ ൾ പ്ലാസ്റ്റിക് സർജൻ ഡോ.അനന്തേശ്വർ പറഞ്ഞു. അതു വേ ണ്ട, അവൾ മിടുക്കിയായി തിയറ്ററിലേക്ക് കയറട്ടെ... അന്നു രാത്രി വേദനാസംഹാരികളുടെ തൊട്ടിലിൽ ശാലിനി ഉറങ്ങി, ഒരുപാടു മാസങ്ങൾക്കുശേഷം. 

‘‘ആരും  എനിക്കു മുന്നില്‍ കരഞ്ഞില്ല. നമ്മൾ ജീവിതം ആ ഘോഷിക്കാൻ പോകുകയാണെന്ന് എല്ലാവരും പറഞ്ഞു. സ ത്യമായിരുന്നു, പിന്നെ, കൂട്ടുകാരുടെ നടുക്കല്ലാതെ ഞാനിരു ന്നിട്ടില്ല. ശനിയാഴ്ചകളിൽ എനിക്കു വേണ്ടി വീട്ടിൽ പാർട്ടിക ൾ വച്ചു. പ്രശാന്തും വീട്ടുകാരും നിഴലുപോലെ ഒപ്പം നിന്നു. വീണ്ടും ജനിച്ചതു പോലെയായിരുന്നു. ഒരുമുറിയിൽ നിന്ന് അടുത്തതിലേക്ക് എടുത്തുകൊണ്ടാണ് പോയിരുന്നത്. ഭ ക്ഷണം വാരിത്തരും. വെള്ളം എടുത്തു ചുണ്ടോടു ചേർത്തു തരും.  കൈകാലിട്ടടിക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാൻ...

ഒന്നര വർഷം കടന്നു പോയി. എനിക്ക് പിച്ചവയ്ക്കണമെന്നു തോന്നി. വീണ്ടും നടക്കണം. അങ്ങനെ കൃത്രിമക്കാൽ വ യ്ക്കുന്ന സെന്ററിലേക്ക് ഞാനും പ്രശാന്തും ചെന്നു. വലിയ ഭാരമുള്ള കാലുകൾ അനക്കാൻ പോലും ഏറെ പണിപ്പെട്ടു. മാസങ്ങൾ കഴിഞ്ഞേ എല്ലാം ശരിയാകൂ. പക്ഷേ, എനിക്കത്ര സമയമുണ്ടായിരുന്നില്ല. 2013 ഡിസംബർ 31. പുതുവർഷ രാത്രി  എനിക്ക് രണ്ടു കാലില്‍ നിന്ന് ആഘോഷിക്കണമായിരുന്നു. 

കൂട്ടുകാരന്റെ ഫാം ‌ഹൗസിൽ എനിക്കു വേണ്ടി ന്യൂഇയര്‍ പാർട്ടി. പക്ഷേ, അന്നത്തേക്ക് എന്റെ കൃത്രിമക്കാൽ ശരിയായില്ല. താൽക്കാലികമായ ഒരെണ്ണം വച്ച് അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. 2014 നെ ‘എന്റെ കാലിൽ നിന്നു’ കണ്ടു. കണ്ണീരു ചാറി കാഴ്ചമങ്ങിയിരുന്നു. അത് സന്തോഷം കൊണ്ടായി രുന്നു. ഒറ്റ മുറിയിരുട്ടിൽ വേദനക്കനലിൽ കിടന്ന ഞാൻ നിയോ ൺ വെളിച്ചത്തിൽ അങ്ങനെ നിൽക്കുമ്പോൾ എങ്ങനെയാ ണ് കണ്ണീെരനിക്ക് ഉമ്മ തരാതിരിക്കുക?’’ ശാലിനി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. 

എന്നാൽ ക‍ൃത്രിമക്കാലിലെ നടത്തം അത്ര എളുപ്പമായി രു ന്നില്ല. മനസ്സു പോകുന്ന വേഗത്തിൽ കാലനങ്ങിയില്ല. വേദ നയിലും നിരാശയിലും നീറിനിന്ന ശാലിനിയെ അച്ഛൻ ഗോ പിനാഥ് പണ്ടു പഠിച്ച നൃത്തച്ചുവടുകൾ ഒാർമിപ്പിച്ചു. ‘വൺ ടു ത്രീ ഫോർ... വൺ ടു ത്രീ ഫോർ...’ ആ താളത്തിൽ നട ക്കാൻ പരിശീലിപ്പിച്ചു. അങ്ങനെ ബെഡ്റൂമിൽ നിന്ന് ടിവി റൂ മിലേക്കും അവിടെ നിന്ന് ബാൽക്കണിയിലേക്കും ശാലിനി പിച്ചവച്ചു. പിന്നെ, പണ്ട് അപ്പൂപ്പൻതാടിയായി പാറി നടന്ന പാർക്കുകളിലേക്കിറങ്ങി. 

UNADJUSTEDNONRAW_thumb_5113

വിജയത്തിന്റെ ട്രാക്കിലേക്ക്

‘‘തടി കൂടിയത് വലിയ പ്രശ്നമായി.’’ ശാലിനി ഒാര്‍ക്കുന്നു.   ‘‘പഴയതു പോലെ നടക്കാൻ പറ്റാതായി. ആദ്യമൊരു ജിമ്മിൽ ചേർന്നെങ്കിലും എങ്ങനെ പരിശീലിപ്പിക്കണമെന്നറിയാതെ ട്രെയ്നർ കൈമലർത്തി. ആയിടയ്ക്കാണ് ഭരത് എന്ന സു ഹൃത്ത് വഴി കോച്ച് ബി.പി അയ്യപ്പയെ പരിചയപ്പെടുന്നത്.  

 കണ്ഠീരവ സ്റ്റേഡിയത്തിൽ 2014 ഏപ്രില്‍ ഏഴാം തീയതി ഞാന്‍ മറ്റൊരാളാകുകയായിരുന്നു. 400 മീറ്റർ ട്രാക്കിൽ മൂന്നു റൗണ്ട് നടക്കുക അതായിരുന്നു ആദ്യ ലക്ഷ്യം. രണ്ടാം റൗ ണ്ടിൽ തളർന്നുപോയി. കോച്ചും  പ്രശാന്തും കൈയടിച്ചു കൊ ണ്ടു പറഞ്ഞു, ‘നടക്കൂ, നിനക്കതിനു പറ്റും’ അങ്ങനെ മൂന്നാം റൗണ്ടും പൂർത്തിയാക്കി. മാസങ്ങൾ കഴിഞ്ഞപ്പോള്‍ ഇനി ഒാ ടാം എന്നായി. പിന്നെ, ടൈമർ സെറ്റ് ചെയ്തുള്ള ഒാട്ടം.  

ദിവസവും ഒന്നരമണിക്കൂർ കഠിന പരിശീലനം. ഇതിനിടയിൽ സാധാരണ കൃത്രിമക്കാലുകളിൽ നിന്നു ബ്ലേഡുകളിലേക്കു മാറി. ട്രാക്കിലിറങ്ങുമ്പോൾ റണ്ണിങ് ബ്ലേഡ് വയ്ക്കാൻ തുടങ്ങിയതോടെ ഒാട്ടം എളുപ്പമായി. വേദനയും കുറവ്.  

അടുത്ത വർഷം കോച്ച് പറഞ്ഞു, ഇനി മാരത്തൺ ഒാടാം. ടിസിഎസ് അഞ്ച് കിലോമീറ്റർ മാരത്തൺ. ഞാൻ പക്ഷേ, മുങ്ങി. ആ ദിവസങ്ങളിൽ പ്രശാന്തും ഞാനും അമേരിക്കൻ ട്രിപ്പിനു പോയി. തിരിച്ചു വന്നപ്പോൾ കോച്ച് പറഞ്ഞു, ‘മുങ്ങിയതാണെന്നു മനസ്സിലായി. കുഴപ്പമില്ല, അടുത്തവർഷം പകരം ടിസിഎസ്10കെ മാരത്തൺ ഒാടാം– 10 കിലോമീറ്റർ’ ‌

മാരത്തൺ ദിവസം നടക്കാന്‍ പോകുന്ന കാര്യങ്ങൾ മനസ്സിൽ ഒാരോന്നായി സെറ്റ് ചെയ്തു കൊണ്ടിരുന്നു. മാരത്തൺ ഒാടിക്കഴിഞ്ഞു വരുമ്പോഴുള്ള കാഴ്ചകൾ. പ്രശാന്തിന്റെയും മറ്റുള്ളവരുടെയും സന്തോഷം നിറഞ്ഞ മുഖം. എന്നാൽ വിചാരിച്ചതിനേക്കാൾ കഠിനമായിരുന്നു. ഒാടിയെത്താന്‍ രണ്ടര മണിക്കൂറോളമെടുത്തു. പൂർത്തിയാക്കിയതും  കുഴഞ്ഞുവീണു. 

പക്ഷേ, അങ്ങനെ പോരാ എന്നു തോന്നി. ഞാനോടുന്നത് എന്നെ പോലുള്ളവർക്കു വേണ്ടിയാണ്. അവരുടെയും കൂടി ആത്മവിശ്വാസത്തിനു വേണ്ടി.  

അടുത്തവർഷം പിന്നെയും ഒാടി. ഒരു മണിക്കൂറും മുപ്പത്തഞ്ചു മിനിട്ടുമെടുത്ത് പത്തു കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കി. ’’ ആകാശത്തിനു താഴെ ആത്മബലത്തിന്റെ സാമ്രാജ്യമായി നിന്ന ആ നിമിഷത്തെക്കുറിച്ച് ശാലിനി ഒാർത്തു...

കരഞ്ഞിരുന്നാൽ കൈ വളരുമോ?

പരാജയത്തിന്റെ പടിക്കെട്ടിൽ പാതിചിറകറ്റു കിടന്ന ആ പഴയ ശാലിനി ഇന്ന് ഒാർമകളിലേയുള്ളൂ. ഇന്നത്തെ ശാലിനിയുടെ പകൽ അഞ്ചുമണിക്കു തുടങ്ങുന്നു. ആറര മുതൽ എട്ടര വരെ സ്റ്റേഡിയത്തിൽ പരിശീലനം. പിന്നെ, ഉച്ചയോടെ ഒാഫിസിൽ. മൾട്ടി നാഷനൽ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജറാണ്. തിരിച്ച് എട്ടുമണിയാകുമ്പോഴേക്കും വീട്ടിൽ. ഇതിനിടയിൽ കോൺഫറൻസുകൾ, മോട്ടിവേഷനൽ ക്ലാസുകൾ, ബ്ലോഗെഴുത്ത്, പിന്നെ, നൈറ്റ് പാർട്ടികൾ...

സ്വപ്നങ്ങളേറെയുണ്ട്. നാഷനൽ പാരാ അത്‌ലറ്റിക്സിൽ 100 മീറ്റർ സ്പ്രിന്റിൽ മൂന്നാം സ്ഥാനം നേടി. രാജ്യാന്തര മത്സരങ്ങൾക്ക് യോഗ്യത നേടിയെങ്കിലും പ്രധാന സ്വപ്നം  2020ലെ പാരാലിംപിക്സ് ആണ്.

ചിലർ ശാലിനിക്ക് അവരുടെ ജീവിതത്തിലെ സങ്കടങ്ങൾ പറഞ്ഞു മെയിൽ അയക്കാറുണ്ട്...‘‘എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്. എനിക്കു മാത്രം എന്താണിങ്ങനെ എന്ന ചിന്തയുണ്ടാകുമ്പോഴാണ് ഒാരോ പ്രശ്നങ്ങളും  വലുതാവുന്നത്. കരഞ്ഞ്, സങ്കടപ്പെട്ട് വീട്ടിൽ ഇരുന്നാൽ കൈയും കാലും വളരുമോ? ആ ജീവിതം എനിക്കൊന്നും നൽകുകയുമില്ല. എ ല്ലാവരിലും ഒരു ചാൻസ് ഉണ്ട്. അതു നിങ്ങളെ തേടി വരും. മാരത്തൺ എനിക്കു കിട്ടിയ വഴിയാണ്. 

എവിടെ പോയാലും എനിക്കൊപ്പം കൂട്ടുകാരുണ്ടാകും. എ ന്നെ ഭക്ഷണം കഴിപ്പിച്ചിട്ടേ അവർ കഴി‍ക്കൂ. എനിക്ക് ഊർജം തന്ന് വീട്ടുകാരും പ്രശാന്തും എപ്പോഴും കൂടെയുണ്ട്.  പലരും പ്രശാന്തിനെക്കുറിച്ചു പറയും– അദ്ദേഹത്തെ സമ്മതിക്കണം, എന്നെ ഉപേക്ഷിച്ചു പോയില്ലല്ലോ എന്ന്. അതും നമ്മുടെ സ മൂഹത്തിന്റെ കുഴപ്പമാണ്. ഭാര്യയ്ക്ക് അങ്ങനെ ഒരവസ്ഥ വ ന്നാൽ പുരുഷന്മാർ ഉപേക്ഷിച്ചു പോകുമെന്ന ധാരണ എ ന്തൊരു കഷ്ടമാണ്. പ്രശാന്ത്, ഞങ്ങളുടെ കുടുബം, കൂട്ടുകാ ർ. ഈ രസതന്ത്രമാണ് ജീവിതത്തിലെ ഭാഗ്യങ്ങൾ...’’ 

ശാലിനി യാത്ര പറഞ്ഞ് എഴുന്നേറ്റപ്പോഴേക്കും  കൂട്ടുകാരി സപ്ന പയസ് പാഞ്ഞെത്തി. കൈയിൽ ഭക്ഷണത്തിന്റെ പാക്കറ്റ് ഉണ്ട്. ‘ഇത്രയും നേരം സംസാരിച്ചതല്ലേ, വിശക്കുന്നില്ലേ’  എന്നു ചോദിച്ച് ഭക്ഷണം വാരി കൊടുക്കുന്നു. ഒന്നാം ക്ലാസ് മുതൽ ശാലിനിക്കൊപ്പമുള്ള ഒരുപാടു കൂട്ടുകാരിൽ ഒരാൾ. 

ബ്ലേഡ് കാലിൽ ശലഭം പോലിളകി നിൽക്കുന്ന ശാലിനിയോടു ഒടുവിലായി ചോദിച്ചു, ‘എങ്കിലും, എപ്പോഴെങ്കിലുമൊക്കെ വരുന്ന സങ്കടസന്ധ്യകളെ എങ്ങനെ മായ്ച്ചു കളയും?’

‘‘ചിലപ്പോഴൊക്കെ വരാറുണ്ട് കുഞ്ഞു സങ്കടങ്ങൾ. കടൽത്തിരയുടെ ഉമ്മകൾ എനിക്കറിയാനാകില്ലല്ലോ എന്നോർക്കു മ്പോൾ, കണങ്കാലിൽ ചിലങ്ക ചുറ്റാനാകില്ലെന്നു അറിയുമ്പോ ൾ, പുൽനാമ്പുകളുടെ കാൽക്കുളിരു കിട്ടില്ലെന്നോർക്കുമ്പോ ൾ... ചില കുഞ്ഞു സങ്കടങ്ങൾ ആരുടെ ജീവിതത്തിലാ ചങ്ങാ തീ, ഇല്ലാത്തത്?’’

വേഗം പകരാൻ ബ്ലേഡ്

ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഉപയോഗിച്ചു നിർമിച്ച പ്രത്യേക തരം ക‍ൃത്രിമക്കാലാണ് റണ്ണിങ് ബ്ലേ ഡ്. കാൽപ്പാദത്തിനു പകരമുള്ള ബ്ലേഡ്, ബ്ലേഡും ശരീരവുമായി ബന്ധിപ്പിക്കുന്ന സോക്കറ്റ്, കൃത്രിമ കാൽമുട്ട് എന്നിവയാണ് ബ്ലേഡിന്റെ ഭാഗങ്ങൾ. ഉരുക്കിനെക്കാൾ അഞ്ചിരട്ടി കരുത്തുണ്ട് ഇതിന്. കാർബൺ ഫൈബറിന്റെ എൺപതോളം ലെയറുകളാണ് ഒരു ബ്ലേഡിലുള്ളത്. ചലനം മൂലമുള്ള ഊർജം സംഭരിച്ച് അത് ശരീരത്തിലേക്കു പകരുകയാണ് റണ്ണിങ് ബ്ലേഡ് ചെയ്യുന്നത്. പത്തു ലക്ഷത്തോളം രൂപ വരെ വിലയുള്ള ബ്ലേഡുകളുണ്ട്.