മണാലിയില്‍ മകള്‍ക്കൊപ്പം വിനോദയാത്രക്ക് പോയ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി നഫീസുമ്മയെ അധിക്ഷേപിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് മറുപടിയുമായി നഫീസുമ്മയുടെ മകള്‍ രംഗത്തുവന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നാണ് മകൾ ജിഫ്ന ചോദിക്കുന്നത്. ‘വിധവയ്ക്ക് ലോകം കാണാന്‍ വിലക്കുള്ളതായി അറിയില്ല. പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. ഉമ്മാന്റെ കണ്ണീരിനു പണ്ഡിതന്‍ സമാധാനം പറയേണ്ടി വരും’- ജിഫ്ന പറയുന്നു.
‘ഇപ്പോൾ എല്ലാവരും പോകുന്ന ഒരു വേദിയിലേക്ക് പോകാനോ, മറ്റുള്ളവരോട് സംസാരിക്കാനോ ഉമ്മയ്ക്ക് സാധിക്കുന്നില്ല. ഇന്നലെ അടുത്ത ഒരു ബന്ധു മരിച്ചു. അവിടേക്കു പോകാൻ ഉമ്മയ്ക്ക് സാധിക്കുന്നില്ല. കാരണം അവിടെ എത്തുന്നവരെല്ലാം ഉസ്താദ് ഇങ്ങനെ പറഞ്ഞല്ലോ നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കും. ഉമ്മ കരച്ചിലായിരുന്നു. അത്രയും വലിയ പ്രയാസത്തിലാണ് ഇപ്പോഴുള്ളത്. ഉമ്മ എന്തോ വലിയ തെറ്റു ചെയ്തപോലെയാണ്. ഒരു യാത്ര പോയതാണ് ആകെ ചെയ്തകാര്യം.’– ജിഫ്ന പ്രതികരിച്ചു.
25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ അന്യസംസ്ഥാനത്ത് മഞ്ഞുവാരിക്കളിക്കാൻ പോയി എന്നായിരുന്നു മതപണ്ഡിതന്റെ വിമർശനം. പ്രാർഥനയുമായി വീടിന്റെ മൂലയിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇബ്രാഹിം സഖാഫിയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.