Monday 25 October 2021 11:02 AM IST : By സ്വന്തം ലേഖകൻ

വരനു മുന്നിൽ നർഗീസ് ഒരു ഉപാധിയേ വച്ചുള്ളൂ, മഹറായി ഒന്നര ലക്ഷം രൂപ വേണം; നർഗീസ് ബീഗത്തിന്റെ കാരുണ്യത്തിൽ കര കയറുന്നതൊരു ജീവിതം

nargissssfghhh

സാമൂഹിക പ്രവർത്തകയായ നർഗീസ് ബീഗവും ചെർപ്പുളശ്ശേരി സ്വദേശി സുബൈറും വിവാഹിതരായപ്പോൾ മറ്റാരെക്കാളും സന്തോഷിച്ചത് പാലക്കാട് ജില്ലയിലെ കിടപ്പുരോഗിയായ ചെറുപ്പക്കാരനാണ്. അതിനു കാരണമായതാകട്ടെ, സ്വന്തം വിവാഹവും സാമൂഹിക സേവനത്തിനുള്ള വഴിയാക്കിയ നർഗീസ് ബീഗത്തിന്റെ വലിയ മനസ്സും. 

വിവാഹമുറപ്പിക്കുന്ന ഘട്ടത്തിൽ വരനു മുന്നിൽ നർഗീസ് ഒരു ഉപാധിയേ വച്ചുള്ളൂ. മഹറായി (വിവാഹസമയത്ത് വരൻ വധുവിനു നൽകേണ്ട വിവാഹമൂല്യം) ഒന്നര ലക്ഷം രൂപ വേണം. ആവശ്യത്തിനു പിന്നിലുള്ള ലക്ഷ്യമറിഞ്ഞതോടെ സുബൈർ നിറഞ്ഞ മനസ്സോടെ  അത് അംഗീകരിച്ചു. അങ്ങനെ, മഹറായി ലഭിച്ച ഒന്നര ലക്ഷം രൂപ നർഗീസ് ബീഗം പാലക്കാട് ജില്ലയിലെ കിടപ്പുരോഗിയായ യുവാവിന്റെ തുടർ ചികിത്സയ്ക്കായി നൽകി.  

വാഴയൂർ പഞ്ചായത്തിലെ കാരാട് ലക്ഷം വീട് കോളനിയിൽ കാരാട് കൊട്ടടംപാടം വീട്ടിൽ ഹംസക്കോയ - ഖമറുന്നിസ ദമ്പതിമാരുടെ മകളായ നർഗീസ് ബീഗത്തിനു സേവനം ജീവിതചര്യയാണ്. ഫറോക്കിലെ ആശുപത്രിയിലെ നഴ്സാണ് നർഗീസ്. ജോലിക്കിടെ കണ്ട ദൈന്യതകളാണു നർ‍ഗീസിനെ സാമൂഹിക പ്രവർത്തകയാക്കിയത്.

നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഒത്തുപോകാതെ വന്നപ്പോൾ രണ്ടു മക്കളെയും കൂട്ടി നാട്ടിലേക്കു പോന്നു. ആശുപത്രിയിലെ ജോലിയും സേവനവും തുടർന്നു. വർഷങ്ങളായി ലഭിക്കുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് സേവനപ്രവർത്തനങ്ങൾക്കു ചെലവഴിക്കുന്നു. സമാനമനസ്കർ ചേർന്നു വയനാട് ആസ്ഥാനമായി രൂപീകരിച്ച അഡോറ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ സ്ഥാനവും വഹിക്കുന്നു. നിലവിൽ 4 ജില്ലകളായി 72 വീടുകൾ നിർമിച്ചുനൽകി.

40 ശുദ്ധജല പദ്ധതികളും പൂർത്തിയാക്കി. സൗജന്യമായി വിവാഹവസ്ത്രങ്ങൾ നൽകാനായി സംസ്ഥാനത്ത് 7 എയ്ഞ്ചൽ ഷോപ്പുകൾ തുടങ്ങി. മുന്നൂറിലേറെ രോഗികൾക്കു തുടർചികിത്സാ സഹായവും നൽകിവരുന്നു. സേവനവഴിയിൽവച്ചാണു നർഗീസ് ബീഗവും വിദേശത്തു വ്യവസായിയായ സുബൈറും കണ്ടുമുട്ടിയത്. പാലക്കാട് ജില്ലയിലെ നിർധന കുടുംബത്തിനു വീടു നിർമിക്കാനായി സഹായം തേടിയതിൽനിന്നാണു തുടക്കം. നർഗീസിന്റെ പ്രവർത്തനങ്ങളിലെ സത്യസന്ധതയാണ് തന്നെ ആകർഷിച്ചതെന്നു സുബൈർ പറയുന്നു. സേവനവഴിയിൽ ഒന്നിച്ചുള്ള യാത്രയും ഈ പുണ്യപ്രവൃത്തിയിൽ തുടങ്ങുന്നതിന്റെ ആഹ്ലാദത്തിലാണു രണ്ടുപേരും.

Tags:
  • Spotlight