Wednesday 21 February 2024 11:45 AM IST : By സ്വന്തം ലേഖകൻ

‘മകള്‍ നാലാമതും ഗര്‍ഭിണിയാണെന്ന വിവരം നയാസ് മറച്ചുവച്ചു, അറിഞ്ഞത് ഒരു മാസം മുന്‍പ്!’; ഷമീറയുടെ കുടുംബം പറയുന്നു

shameera-parents-nayas-21.jpg.image.845.440

മകള്‍ നാലാമതും ഗര്‍ഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന് കാരയ്ക്കാമണ്ഡപത്ത് പ്രസവത്തെ തുടര്‍ന്ന് മരിച്ച ഷമീറയുടെ മാതാപിതാക്കള്‍. ഒരു മാസം മുന്‍പ് മാത്രമാണ് ഷമീറ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. 

അതേസമയം, യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികില്‍സയെന്ന് കണ്ടെത്തല്‍. ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികില്‍സിച്ചത്. ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ്  നിര്‍ബന്ധിച്ചുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ട ആരോഗ്യപ്രവര്‍ത്തകരോട് നയാസ് മോശമായി പെരുമാറിയെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും കുഞ്ഞും ഇന്നലെയാണ് മരിച്ചത്.

യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭര്‍ത്താവ് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാന്‍ ആവശ്യപ്പെട്ട പൊലീസിനോട് എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് ചോദിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ വെളിപ്പെടുത്തി. യുവതിയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയനായിരുന്നുവെന്നും അവസാന പ്രസവം കഴിഞ്ഞിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നും ആരോഗ്യപ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും കൗണ്‍സിലര്‍ ദീപിക വെളിപ്പെടുത്തി.

എന്‍റെ ഭാര്യയെ എനിക്ക് നോക്കാനറിയാം നാട്ടുകാര്‍ നോക്കേണ്ടെന്നും നയാസ് പറഞ്ഞുവെന്ന് അയല്‍വാസികളായ സ്ത്രീകള്‍ പറയുന്നു. അയല്‍വാസികളുമായി യുവതിയും മക്കളും സംസാരിക്കുന്നത് നയാസിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. മൂത്ത മകന്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ ഇവര്‍ തയാറായില്ലെന്നും സംശയം തോന്നി അകത്ത് കയറി സംസാരിച്ചപ്പോഴാണ് നാലാമത്തെ പ്രസവമാണെന്ന് അറിഞ്ഞതെന്നും കാര്യത്തിന്‍റെ ഗൗരവം മനസിലായതോടെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും കൗണ്‍സിലര്‍ വെളിപ്പെടുത്തി.

Tags:
  • Spotlight