Thursday 22 August 2019 05:35 PM IST : By സ്വന്തം ലേഖകൻ

‘ചെറുപ്പം മുതൽ ശാരീരികമായി ഉപദ്രവിച്ചിരുന്നു, ഒരിക്കൽ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു’! പൊട്ടിക്കരഞ്ഞും വിതുമ്പിയും നീനു: നിർണായകമായി മൊഴി

neenu-new

കേരളത്തെ നടുക്കിയ കെവിൻ കൊലക്കേസിൽ വഴിത്തിരിവായത് കെവിന്റെ ഭാര്യ നീനുവിന്റെ നിര്‍ണ്ണായക മൊഴി. കേസിൽ, സെഷൻസ് കോടതി വിധി പറയുമ്പോള്‍ മുഖ്യപ്രതി സാനു ചാക്കോ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കോടതിയെ സഹായിച്ചത് നീനുവിന്റെ മൊഴിയാണ്.

നീനുവിന്‍റെ മൊഴി മാത്രമാണ് ദുരഭിമാനക്കൊലയാണ് നടന്നതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന്റെ പക്കലുണ്ടായിരുന്ന തെളിവ്. സ്വന്തം അച്ഛനും സഹോദരനുമാണ് പ്രതിക്കൂട്ടിലുള്ളതെങ്കിലും നീനു പതറിയില്ല. അതോടെ നീനുവിന്റെ മൊഴി കേസിൽ നിര്‍ണ്ണായകമായി.

നിങ്ങളെ വീട്ടിൽ ആരെങ്കിലും പൊന്നു എന്നു വിളിക്കാറുണ്ടോ എന്നായിരുന്നു നീനുവിനോട് പ്രതിഭാഗം വക്കീലിന്റെ ചോദ്യം. എല്ലാവരും പൊന്നുവെന്നാണ് വിളിക്കുന്നതെന്ന് നീനു മറുപടി നല്‍കി. ചേട്ടൻ ഷാനുവുമായി ആറു വയസിന്റെ വ്യത്യാസമുണ്ടെന്നും നീനു പറഞ്ഞു. കാത്തുകാത്തിരുന്ന മകളാണ് നീനു അല്ലേയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കാൻ നീനു ഒന്നു മടിച്ചു. അതെങ്ങനെ അവര്‍ക്ക് പറയാൻ കഴിയും എന്ന ജഡ്ജിയുടെ തമാശ കലര്‍ന്ന ചോദ്യം കോടതിയിൽ ചിരി പടര്‍ത്തി.

നീനു കോടതി മുറിയിലേക്കു കയറുമ്പോള്‍ വാതിലിനു സമീപം അമ്മ രഹ്നയുണ്ടായിരുന്നെങ്കിലും ആരെയും ശ്രദ്ധിക്കാതെയാണ് നീനു സാക്ഷിക്കൂട്ടില്‍ നിന്നത്. ഇടയ്ക്ക് പൊട്ടിക്കരഞ്ഞ നീനു പുറത്തിറങ്ങിയപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു. കെവിൻ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട യുവാവായതുകൊണ്ടാണ് വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതെന്നും വീട്ടുകാരെ ഭയന്നിട്ടാണ് കെവിനുമായുള്ള പ്രണയം വീട്ടിൽ അറിയിക്കാതിരുന്നതെന്നും നീനു മൊഴി നല്‍കി.

ചെറുപ്പം മുതൽ വീട്ടുകാര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഒരിക്കൽ പപ്പ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചുവെന്നും താൻ ശബ്ദമുണ്ടാക്കി കരഞ്ഞാൽ അമ്മ വായിൽ മുളകു തേക്കുമായിരുന്നുവെന്നും പപ്പയും അമ്മയും തമ്മിൽ എന്നും വഴക്കായിരുന്നുവെന്നും എന്തു കാര്യത്തിലും എടുത്തു ചാടി ഇവര്‍ പ്രതികരിക്കുമായിരുന്നുവെന്നും നീനു കോടതിയെ അറിയിച്ചു.