Tuesday 11 September 2018 11:44 AM IST : By സ്വന്തം ലേഖകൻ

മൂന്നാറിലെ നീലവസന്തം കാണാൻ, പ്രളയം തകർത്ത റോഡുകളും കുന്നുകളും താണ്ടി ഒറ്റക്കാലിൽ നീരജെത്തി!

neeraj-at-munnar

മൂന്നാറിലെ നീലവസന്തം കാണാൻ ഒറ്റക്കാലിൽ നീരജ് എത്തി. പ്രളയം തകർത്ത റോഡുകളും കുന്നുകളുമെല്ലാം താണ്ടിയാണ് നീരജ് തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നായ നീലക്കുറിഞ്ഞി പൂവിട്ടത് കാണാൻ മൂന്നാറിലെത്തിയത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണുകയെന്നത് നീരജിന്റെ പ്രിയപ്പെട്ട സ്വപ്നമായിരുന്നു.

എട്ടാം വയസ്സ് മുതൽ വിധിയോട് പോരാടിയാണ് നീരജ് ജീവിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ തന്നെ അർബുദത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ ഭാവി കുറിച്ചോർത്തു സങ്കടപ്പെടാനൊന്നും നീരജ് തയാറായില്ല. സ്വപ്നങ്ങൾക്ക് പുറകെയായിരുന്നു പിന്നീടുള്ള സഞ്ചാരം.

യാത്രകളെ ഏറെയിഷ്ടപ്പെട്ടിരുന്ന നീരജിന് പരിമിതികൾ തടസ്സമായില്ല. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു. കൂട്ടുകാരുടെ പിന്തുണയും ഊർജവും നീരജിന് കരുത്തായി. ആലുവ സ്വദേശിയായ മേജർ പ്രഫസർ സി.എം. ബേബിയുടെയും ഷൈലയുടെയും മകനാണ് നീരജ് ബേബി ജോർജ്.