Wednesday 08 November 2023 05:33 PM IST

കുത്തനെയുള്ള കയറ്റങ്ങൾ, വനപാതകൾ... അപകടം പതിയിരിക്കുന്ന സഞ്ചാരപാത: കുതിരപ്പുറത്തേറി നിദയുടെ വിജയഗാഥ

Rakhy Raz

Sub Editor

nida-anjum മുഹമ്മദ് അനസ്, മിന്നത്ത്, ഫാത്ത്മ, അൻവർ അമീൻ ചേലാട്ട്, നിദ, ഫിദ

ഞാൻ എപ്സിലോൺ സലോ. ഫ്രാൻസിൽ നിന്നുള്ള മത്സരക്കുതിരയാണ്. വളരെ അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും എന്റെ റൈഡർ നിദയും.

രാജ്യാന്തര പ്രശസ്തമായ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് (FEI) സംഘടിപ്പിക്കുന്ന ദീർഘദൂര കുതിരയോട്ട മത്സമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ എന്ന നേട്ടമാണ് നിദ അൻജും ചേലാട്ട് എന്ന മലയാളി പെൺകുട്ടി കൈവരിച്ചത്. ദക്ഷിണ ഫ്രാൻസിലെ മനോഹര നഗരമായ കാസ്റ്റൽ സെഗ്രാറ്റിൽ ആണു മത്സരം നടന്നത്. ഞാനായിരുന്നല്ലോ നിദയുടെ ഒപ്പം എന്നോർക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു.

വളരെ സങ്കീർണമായ ഈ മത്സരത്തിൽ 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 70 മത്സരാർഥികളാണു പങ്കെടുത്തത്. അതിൽ 30 പേർ മാത്രമാണു മത്സരം പൂർത്തിയാക്കിയത് എന്നോർക്കണം. ‘എൻഡൂറൻസ് റൈഡിങ്’ എന്ന വിഭാഗത്തിലാണു ഞാനും നിദയും പങ്കെടുത്തത്. കുന്നും മലയും പാറകളും വഴുതി വീഴാവുന്ന വഴികളും നിറഞ്ഞ 120 കിലോമീറ്റർ ദൂരമാണു പൂർത്തിയാക്കിയത്. ജയം പോലെ പ്രധാനമാണ് ഇവിടെ മത്സരം പൂർത്തിയാക്കലും. നിദയോടൊപ്പമുള്ള എല്ലാ സവാരികളും ഞാൻ ആസ്വദിച്ചു. അ‍ത്രമേൽ ശ്രദ്ധയോടെയാണ് അവളെന്നെ മുന്നോട്ട് നയിച്ചത്.

മത്സരദൂരമായ 120 കിലോമീറ്റർ നാലു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ കയറിയും വനപാതകളിലൂടെയും സഞ്ചരിക്കേണ്ടി വരും. വഴുക്കലുള്ള വഴികളിലും കൊടും വളവുകളിലും വീഴാതെ മുന്നോട്ടു പോകണം. മത്സരത്തിലുടനീളം നമ്മളെ നിരീക്ഷിക്കാൻ ആളുണ്ട്. മരച്ചില്ലകളിലും മറ്റും തട്ടി എനിക്കു പരിക്കേറ്റാലോ ഞാനൊന്നു മുടന്തിയാലോ പോലും നിദ മത്സരത്തിൽ നിന്നു പുറത്താകുമായിരുന്നു.

മത്സരം പൂർത്തിയാക്കി ഞങ്ങൾ എത്തുമ്പോൾ ഫ്രാൻസുകാരിയായ എന്‍റെ ട്രെയിനർ പറഞ്ഞതെന്താണെന്നോ, ‘എസ്പിലോൺ സലോ നീ എന്നത്തേക്കാളും ആരോഗ്യത്തോടെയിരിക്കുന്നല്ലോ’ എന്ന്. അതാണ് നിദ എന്ന റൈഡറുടെ മികവ്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പൗരൻ ഈ മത്സരം പൂർത്തിയാക്കുന്നത്. നിദയോടൊപ്പം എന്റെ ചിത്രവും എല്ലായിടത്തും വന്നു. ഹൊ... എന്തൊരഭിമാനമാണ്. ഞാൻ വാചകമടിച്ച് അധികം ബോറടിപ്പിക്കുന്നില്ല. ഇനി നിദ പറയട്ടെ.

കുട്ടിക്കാലത്തേ തുടങ്ങിയ ഇഷ്ടം

‘‘ഉപ്പച്ചിയുെട കായിക താത്പര്യമാണ് എനിക്കു കിട്ടിയതെന്നു തോന്നുന്നു...’’ നിദ പറഞ്ഞു തുടങ്ങി. ‘‘ഉപ്പച്ചി അൻവർ അമീൻ ചേലാട്ട് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റു കൂടിയാണ്. യുഎഇയിൽ ബിസിനസ് ചെയ്യുന്നു. ഉമ്മ മിന്നത്ത് അൻവർ അമീൻ അധ്യാപികയായിരുന്നു. സഹോദരി ഫിദ അൻജും ഡോക്ടറാണ്. ഭർത്താവ് മുഹമ്മദ് അനസ്, മകൾ ഫാത്ത്മ അൻജും അനസ്.

ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിലായിരുന്നു സ്കൂൾ പഠനം. പരീക്ഷയുള്ള ദിവസങ്ങളിൽ ചിലപ്പോൾ കുതിരയോട്ടവും ഉണ്ടാകും. സ്കൂളിന്റെ അനുവാദത്തോടെ മത്സരങ്ങളിൽ പങ്കെടുക്കും. എങ്കിലും പഠനത്തി ൽ പിന്നാക്കം പോയില്ല. ഇപ്പോൾ യുകെയിൽ യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ങാമിൽ സോഷ്യൽവർക്ക് ബിരുദത്തിനു പഠിക്കുന്നു. ഒപ്പം കുതിരസവാരി പരിശീലനവും.

യുഎഇ കുതിരയോട്ട മത്സരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള രാജ്യമാണ്. കായിക ഇനം എന്നതിലുപരി കുതിരയോടു വലിയ സ്നേഹബഹുമാനങ്ങളാണ് ഇവിടെ എല്ലാവര്‍ക്കും. സര്‍ക്കാര്‍ തന്നെ എത്ര വലിയ തുകയാണു കുതിരകളുടെ പരിപാലനത്തിനും പരിശീലനത്തിനുമായി മുടക്കുന്നത്.

ഞങ്ങൾ കുടുംബത്തോടെ യുഎഇയിൽ ആയതിനാലാണു മികച്ച പരിശീലനം നേടാനായത്. നാട് തിരൂർ കൽപകഞ്ചേരിയാണ്. നാട്ടിൽ കുതിരസവാരി കായിക ഇനം എന്ന നിലയിൽ അത്ര വ്യാപകമല്ല. എന്റെ നേട്ടം നാട്ടിൽ ഇക്വസ്ട്രിയൻ സ്പോർട്സിനു വളർച്ച സമ്മാനിക്കുമെങ്കിൽ അ തായിരിക്കും ഏറ്റവും വലിയ സന്തോഷം.

കുട്ടിക്കാലം മുതലേ കുതിരകളെ വലിയ ഇഷ്ടമാണ്. അവയെക്കണ്ടാൽ ‘ആഹാ എന്തൊരു സൗന്ദര്യം’ എന്നമ്പരന്നു നോക്കി നില്‍ക്കും. പിന്നെ ആ പവര്‍. വിവരിക്കാന്‍ വാക്കുകളില്ല. ഇവിടെ എന്‍റെ ചില ബന്ധുക്കള്‍ റൈഡിങ് പരിശീലിക്കാൻ തുടങ്ങിയതോടെ എനിക്കും ആവേശമായി. അവരോടൊപ്പം ഞാനും ചേർന്നു. കുതിരയോടൊത്തു ചെലവഴിക്കുന്ന നിമിഷങ്ങൾ ജീവിതത്തിലെ വലിയ സന്തോഷമായി മാറി.

കുതിരയ്ക്ക് ഒരുതരം ‘ഹീലിങ് പവർ’ ഉണ്ട്. അതിന്റെയടുത്തു പോയി നിന്നാൽ മനസ്സു ശാന്തമാകും. മനുഷ്യവികാരങ്ങളെ ഇത്ര മനസ്സിലാക്കുന്ന വേറെ ജീവി ഈ ഭൂമിയിലില്ല. കുതിരയെ നിയന്ത്രിക്കുക എന്നതു പരിശീലനം കൊണ്ടു മാത്രം സാധ്യമല്ല. മനസ്സുകൊണ്ടു കൂടിയുള്ള പ്രക്രിയയാണത്.

തുടക്കത്തിൽ എനിക്കു കുതിരയോടിക്കണം എന്ന ഇ ഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ പലരും മത്സരങ്ങളിൽ പങ്കെടുത്തു വിജയിക്കുന്നതു കണ്ടപ്പോൾ അതും മോഹമായി. പതിമൂന്നു വയസ്സുള്ളപ്പോഴാണ് ആദ്യ മത്സരത്തില്‍ പങ്കെടുക്കുന്നത്.

വളരെ പ്രൗഢമായ മേഖലയാണ് ഇക്വസ്ട്രിയൻ ഫീൽഡ്. കുതിരയുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തെയും പൊതുവിൽ പറയുന്ന വാക്കാണ് ഇക്വസ്ട്രിയൻ. അതിലൊരു ഭാഗം മാത്രമാണു കുതിരയോട്ട മത്സരങ്ങൾ. അതു തന്നെ പതിമൂന്നിലധികം വ്യത്യസ്ത രീതികളുണ്ട്.

വിജയം പോലെ മധുരം

2019 ൽ അബുദാബിയിലെ ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ ചാംപ്യൻഷിപ്പിൽ ടു സ്റ്റാർ ജൂനിയർ പദവിയോടെ 120 കിലോമീറ്റർ റെയ്സ് വിജയിച്ചു സ്വർണ വാൾ സമ്മാനമായി നേടി. അന്നു പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ആ മത്സരം വിജയിക്കുന്ന ആദ്യ ഇന്ത്യൻ ഞാനായിരുന്നു. എൻഡ്യൂറൻസ് റെയ്സിൽ യങ് റൈഡേഴ്സ് ആൻഡ് ജൂനിയേഴ്സ് ചാംപ്യൻഷിപ്പിലാണ് ഞാൻ പങ്കെടുത്തത്. മത്സരത്തിന്റെ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കുതിരയെ ബുദ്ധിപൂർവം കൈകാര്യം ചെയ്യണം. നമ്മുടെ പരിശീലകൻ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരുമായി ഓരോ ലൂപ്പ് കഴിയുമ്പോഴും ചർച്ച ചെയ്താണു ശരിയായ പ്ലാനിങ്ങിലേക്ക് എത്തുക. യുഎഇയിലെ പ്രശസ്ത കുതിര പരിശീലകനായ അലി അൽ മുഹേരിയായിരുന്നു എന്റെ ട്രെയിനർ.

nida-2

നമ്മുടെ റൈഡിങ് സ്റ്റൈലിന് ഇണങ്ങുന്ന കുതിരയെ തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്. ഏതു കുതിരയെയും ഏറ്റവും സുന്ദരമായി ഓടിക്കാൻ തക്ക കഴിവിലേക്കു സ്വയം വളരാനാകണം.

ഫ്രാൻസിലെ മികച്ച മത്സര കുതിരകളിലൊന്നാണ് എ പ്സിലോൺ സലോ. മത്സരത്തിലെ പെർഫോമെൻസ് ക ണക്കാക്കി സ്റ്റാർ റേറ്റിങ് കുതിരയ്ക്കും റൈഡർക്കും ലഭിക്കും. എനിക്ക് ത്രീ സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു.

nida-1

കരുത്തായി കൂടെ നിന്നവർ

അപകടസാധ്യതയുള്ള കായിക ഇനമാണ് കുതിരയോട്ടം. കുഞ്ഞുകുട്ടിയായ ഞാൻ കുതിരയുടെ മുകളിൽ കയറുന്നതോർത്തപ്പോൾ ഉപ്പച്ചിക്കും ഉമ്മയ്ക്കും ആദ്യം പേടിയായിരുന്നു.

പിന്നീട് എന്റെ ഇഷ്ടവും ആഴത്തിലുള്ള താൽപര്യവും ഒക്കെ മനസിലാക്കി അനുവദിക്കുകയായിരുന്നു. അല്ലെങ്കിൽ ഇതൊക്കെ പണ്ടേ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു.

പിന്നെ നന്ദി പറയേണ്ടത് യുഎഇ ഗവൺമെന്റിനോടാണ്. മറ്റൊരു രാജ്യക്കാരി എന്ന ലേബലിൽ മാറ്റി നിർത്താതെ അവരോെടാപ്പം തന്നെ അവസരങ്ങള്‍ നൽകി.

മാതൃരാജ്യത്തിന്റെ പേരിൽ മത്സരിക്കാനും അനുവദിച്ചു. ബാഫി റീസൈക്ലിങ് കമ്പനി, ഗ്രാൻഡ് ഹൈപ്പർ മാ ർക്കറ്റ്സ് ആൻഡ് സൂപ്പർ മാർക്കറ്റ്സ് എന്നീ നല്ല രണ്ടു സ്പോൺസർമാരുമുണ്ട്.

രണ്ടുപേരോടു കൂടി നന്ദി പറയണം. എല്ലാ മത്സരത്തിലും എന്നോടൊപ്പം വരുന്ന അങ്കിൾ ഷംസുദ്ദീൻ മൊഹിയുദ്ദീൻ. പിന്നെ എെന്‍റ പുന്നാര, എപ്സിലോൺ സലോ.

രാഖി റാസ്