Saturday 10 February 2024 12:13 PM IST : By സ്വന്തം ലേഖകൻ

ക്യാംപിനെത്തിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു; തിരിച്ചറിഞ്ഞത് രാത്രിയിൽ! അധ്യാപികയെ എത്തിക്കാൻ ശ്രമിച്ചപ്പോൾ വനപാതയിൽ ആനകൾ!

demis66788

നിലമ്പൂർ നെടുങ്കയത്ത് കരിമ്പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞത് രാത്രി ഒൻപതുമണിയോടെ. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.വി.ആയിഷ റിദ (13), ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുഹ്സിന(11) എന്നിവരുൾപ്പെട്ട സംഘം നെടുങ്കയത്ത് വനം വകുപ്പിന്റെ ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്.

ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ ഒപ്പമുള്ള അധ്യാപകർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. നെടുങ്കയത്ത് ഡോർമിറ്ററി ചുമതലയുള്ള അധ്യാപിക ഫായിസയെ ആശുപത്രിയിലെത്തിച്ചാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. അധ്യാപികയെ എത്തിക്കാൻ നെടുങ്കയത്തേക്ക് കാർ അയച്ചെങ്കിലും വനപാതയിൽ ആനകൾ ഇറങ്ങിയതിനാൽ സ്ഥലത്തെത്താനായില്ല. തുടർന്ന് കൂപ്പിലെ ലോറിയിൽ ചെറുപുഴ വരെ എത്തിച്ചു. കാർ മാർഗം ആശുപത്രിയിൽ കൊണ്ടുവന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

നിലമ്പൂർ കരുളായി വനത്തിൽ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാംപിനെത്തിയ വിദ്യാർഥിനികളിൽ 2 പേർ കരിമ്പുഴയിൽ മുങ്ങിമരിച്ചു. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.വി.ആയിഷ റിദ (13), ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുഹ്സിന(11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിൽ ഇന്നലെ വൈകിട്ട് 6ന് ആണ് അപകടം.

അബുദാബിയിൽ ജോലി ചെയ്യുന്ന കുറുങ്കാട് കന്മനം പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകളാണ് ആയിഷ റിദ.  മാതാവ്: റസീന. സഹോദരങ്ങൾ: റിൻസിൽ, റിൻഷ. പുത്തനത്താണി ചെല്ലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകളാണ് ഫാത്തിമ മുഹ്സിന. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുർഷിദ്, മുർഷിദ

വനംവകുപ്പുമായി സഹകരിച്ച് സ്കൂൾ അധികൃതർ ക്രമീകരിച്ച, സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പ്രകൃതിപഠന ക്യാംപിനെത്തിയതായിരുന്നു കുട്ടികൾ. 49 വിദ്യാർഥികളും 8 അധ്യാപകരും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് 4ന് ആണ് നെടുങ്കയത്തെത്തിയത്. ക്യാംപ് തുടങ്ങുന്നതിന് മുൻപ് ഇവർ നെടുങ്കയം പരിസരം ചുറ്റിക്കാണാൻ ഇറങ്ങി.  ഡോസൻ പാലത്തിന് അൽപമകലെ കരിമ്പുഴയിൽ ഇറങ്ങിയ കുട്ടികളിൽ മൂന്നുപേർ കയത്തിൽപെടുകയായിരുന്നു.  അധ്യാപകൻ എം.സി.മുബഷിർ ഒരാളെ രക്ഷപ്പെടുത്തി. 

കരുളായി റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാനും സ്ഥലത്തെത്തി. ആറരയോടെ വനംവകുപ്പ് ഡ്രൈവർ സിദ്ദീഖ് അലി ആയിഷയെയും ഫാത്തിമയെയും മുങ്ങിയെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ചാണു മരണം സ്ഥിരീകരിച്ചത്.

കുറുങ്കാട് കന്മനം പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകളാണ് ആയിഷ റിദ. പുത്തനത്താണി ചെല്ലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകളാണ് ഫാത്തിമ മുഹ്സിന.സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോട് വിശദമായ അന്വേഷണത്തിനും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. 

Tags:
  • Spotlight