Friday 24 May 2024 03:54 PM IST : By സ്വന്തം ലേഖകൻ

കാമുകനോടൊപ്പം ജീവിക്കാൻ ഇരട്ടക്കൊല: ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി, പരോളില്ലാതെ 45 വര്‍‌ഷം തടവ്

nino-anusanth

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി. പ്രതി പരോളില്ലാതെ 45 വര്‍‌ഷം തടവ് അനുഭവിക്കണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. രണ്ടാംപ്രതി അനുശാന്തിയുടെ അപ്പീല്‍ തള്ളി. അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.

2014 ഏപ്രില്‍ 16നാണ് നിനോ മാത്യു കാമുകി അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

Tags:
  • Spotlight