അകവും പുറവും ഉരുകിയൊലിക്കുമ്പോഴും നിറഞ്ഞു ജ്വലിക്കുന്ന മെഴുതിരി വെട്ടങ്ങളെ കണ്ടിട്ടുണ്ടോ? നിഷ ജോസ് കെ മാണിയും അങ്ങനെയൊരാളാണ്. ഉള്ളുപൊള്ളിക്കാന്‍ പോന്നൊരു വേദനയുടെ കൊടുങ്കാറ്റ് അവരുടെ ശരീരത്തിൽ മൊട്ടിട്ടത് ഇക്കഴിഞ്ഞ മാസമാണ്. മഞ്ചാടിക്കുരു വലുപ്പത്തിൽ പതിയിരുന്നൊരു പരീക്ഷണം. ആ നോവിന് ടെസ്റ്റ് റിസൽറ്റുകൾ ഇങ്ങനെ പേരു നൽകി, ബ്രെസ്റ്റ് കാൻസർ...!
പെൺമയെ, അവളുടെ അടയാളത്തെ, അഴകിനെ എല്ലാം കീഴ്മേൽ മറിക്കുന്ന കാൻസറിന്റെ വേരുകൾ ഉള്ളിൽ വേരൂന്നിയെന്നറിഞ്ഞാൽ ഏതു പെണ്ണും തകർന്നു പോകും. ആധിയും ആശങ്കകളും ഭയവും കടലു പോലിരമ്പും. പക്ഷേ ഇവിടെ കഥ തിരിച്ചാണ്. വേദനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ആ മനഃക്കരുത്തിനു മുന്നിൽ കാൻസർ നാണിച്ചു നിൽപ്പാണ്.
‘ഇതുവരെ ഞാൻ ബോൾഡ് മാത്രമായിരുന്നു, ഇനി ബാൾഡർ (balder) കൂടിയാകും കേട്ടോ’
താടിക്കു കയ്യും കൊടുത്ത് ദീനം തിരക്കാൻ വന്നവരോട് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി പങ്കുവച്ച് നിഷ ജോസ് കെ മാണി സംസാരിക്കുന്നു. ജോസ് കെ മാണി എംപിയുടെ ഭാര്യ എന്ന മേൽവിലാസത്തിനുമപ്പുറം കാൻസറിൽ വേദനിക്കുന്നവരുടെ ഉള്ളുതൊട്ടറിഞ്ഞ സാമൂഹ്യ പ്രവർത്തക കൂടിയായ നിഷ എങ്ങനെ ഇത്രയും കരുത്തയാകുന്നു എന്ന ചോദ്യമാണ് ആദ്യം കേട്ടത്.
‘കാൻസർ എന്റെ ശരീരത്തിന് പരിചിതമാകുന്നത് ആദ്യമായിട്ടാകും. പക്ഷേ ആ വേദന എന്റെ മനസിലേക്ക് കോറിയിട്ട എത്രയോ പേരെ ഞാൻ കണ്ടിരിക്കുന്നു.’
വേരൂന്നിയ കാൻസര്‍ പരീക്ഷണത്തെക്കുറിച്ച് നിഷ ജോസ് വനിത ഓൺലൈനോട് സംസാരിക്കുമ്പോഴും കണ്ടു കെടാത്ത തിരിനാളം പോലുള്ള ആ ആത്മവിശ്വാസം...
മനസേ... തളരാതെ...
ഉലയാതെ... വീണുപോകാതെ ഇങ്ങനെ ചിരിയോടെ എന്നെ പിടിച്ചു നിർത്തുന്ന മനസേ... നിന്നോടാണ് എനിക്കു കടപ്പാടുള്ളത്. വേദനയിലും കരുത്തോടെ നിൽക്കാനുള്ള ജീവിത രഹസ്യം എന്തെന്നാണ് ചോദ്യമെങ്കിൽ. ഉത്തരം സിംപിൾ... കാൻസറിനോട് തോൽക്കാന്‍ എനിക്ക് തൽക്കാലം മനസില്ല. എന്നെ മനസിലാക്കുന്ന ജോ... സ്നേഹം കൊണ്ട് എന്നെ പൊതിഞ്ഞു പിടിക്കുന്ന എന്റെ മക്കൾ പ്രിയങ്ക, ഋതിക, പിന്നെ എന്റെ കുഞ്ഞുമാണി... അവരുടെ സ്നേഹമാണ് ഈ യുദ്ധത്തിൽ എനിക്കുള്ള കരുത്ത്.– നിഷ പറഞ്ഞു തുടങ്ങുന്നു.

കാൻസർ അവബോധ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയ സാമൂഹ്യ പ്രവർത്തക കൂടിയാണ് ഞാൻ. ആ ജീവിത തീരുമാനങ്ങളോട് ഞാനിപ്പോൾ വല്ലാതെ കടപ്പെട്ടു പോകുന്നുണ്ട് ന്നുണ്ട്. കാൻസർ രോഗികൾക്കുള്ള പ്രതിരോധ പരിപാടികൾ, വിഗ്ഗ് നിർമാണം– വിതരണം, മെഡിക്കൽ ക്യാപുകൾ എന്നിവയിലെല്ലാം സജീവമായി നിൽക്കുന്ന ആളാണ് ഞാൻ. കാൻസർ വേദനയുടെ വേരുകൾ ഉള്ളിലിട്ട് പോരാടുന്ന ഒരുപാട് പേർക്ക് വഴിവിളക്കാകാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. അതൊക്കെ കൊണ്ടു കൂടിയാകാം, എന്നിലും കാൻസറിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പതറിപ്പോകാത്തത്.
38 വയസു മുതൽ എല്ലാ വർഷവും ബ്രെസ്റ്റ് കാൻസറിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്ന മാമോഗ്രാം ഞാൻ ചെയ്യാറുണ്ട്. ഇപ്പോള്‍ എനിക്ക് 50 വയസാകുന്നു. ഇന്നു വരെയും അതിനൊരു മുടക്കം വന്നിട്ടില്ല. കോവിഡിന്റെ സമയത്തു മാത്രമാണ് അതിനൊരു മുടക്കം വന്നത്. എന്തു കൊണ്ട് മാമോഗ്രാം പരിശോധനയ്ക്ക് ശ്രദ്ധ കൊടുക്കുന്നു എന്നു വച്ചാൽ എന്റെ ഫാമിലിയിൽ കാൻസർ പലവട്ടം വില്ലനായിട്ടുണ്ട്. എന്റെ മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ എന്നിവർക്കെല്ലാം കാൻസർ വന്നിട്ടുണ്ട്. പക്ഷേ അങ്ങനെയൊരു സാധ്യത ഇല്ലെങ്കിൽ പോലും ഓരോ സ്ത്രീകളും നിശ്ചിത ഇടവേളകളില്‍ മാമോഗ്രാം ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യ വാരം ജോയ്ക്കൊപ്പം (ജോസ് കെ മാണി) ഡൽഹിയിൽ പോയിരുന്നു. അവിടെവച്ച് വളരെ കാഷ്വലായി നടത്തിയൊരു മാമോഗ്രാം ടെസ്റ്റ്. ‘മാമോയിൽ എന്തോ കണ്ടു’ എന്നാണ് ആദ്യം അവര്‍ പറഞ്ഞത്. വിശദമായ റിപ്പോർട്ട് പുറത്തു വരുമ്പോൾ സംഗതി പോസിറ്റീവാണ്. ‘കാൻസറോ... എനിക്കോ’ എന്ന ഫീലാണ് ആദ്യം വന്നത്. മാമോ ചിലപ്പോൾ തെറ്റായിരിക്കും എന്നു കരുതി. ജോയോട് സംഭവം വിശദീകരിക്കുമ്പോഴും പുള്ളിക്ക് കാര്യം മനസിലായില്ല. മാമോയിൽ എന്തോ തെറ്റ് സംഭവിച്ചതാണെന്നു തന്നെ ജോയും ചിന്തിച്ചു.

മനഃക്കരുത്തോടെ നിസംഗമായി കേട്ട ആ ദുഃഖസത്യം ഇനി ഉറപ്പിക്കണമെങ്കിൽ അൾട്രാ സൗണ്ട് സ്കാനിങ്ങ് ചെയ്യണം. ഒന്നും സംഭവിക്കില്ലെന്നുറപ്പിച്ചാണ് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷം പാലയിലെ മാർസ്ലീവ മെഡിസിറ്റിയിൽ തുടർ പരിശോധനയ്ക്കെത്തി. ആരെയും കൂടെ കൂട്ടിയില്ല. ഇതെല്ലാം സംഭവിക്കുമ്പോൾ ജോ അപ്പോൾ കേരള കാൻസറിന്റെ ഒരു മീറ്റിങ്ങിലായിരുന്നു. ഞാനായിട്ട് നിർബന്ധിക്കാത്തതാണ്, കാരണം ജോയെ കാണാൻ അങ്ങു കോഴിക്കോടു നിന്നു വരെ ആൾക്കാർ എത്തിയിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയായ എനിക്കത് മനസിലാകും. അതു കൊണ്ടാണ് കൂട്ടുവിളിക്കാത്തത്.

അൾട്രാ സൗണ്ട് സ്കാനിങ്ങിന് വിധേയയാകുമ്പോഴും മനസു കൂളായിരുന്നു. പരിശോധന കഴിഞ്ഞ് ഫലം കാത്ത് ഇരിക്കുമ്പോഴും അരുതാത്തത് സംഭവിക്കില്ല എന്നു തന്നെ കരുതി. മാമോഗ്രാമിലെ ‘തെറ്റ്’ അൾട്രാ സൗണ്ട് തിരുത്തുമെന്ന് തന്നെ കരുതി. പക്ഷേ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 1.3 സെന്റിമീറ്റർ വലുപ്പത്തിൽ, വലതു വശത്തെ മാറിടത്തിൽ മഞ്ചാടിക്കുരു പോലെ ബ്രെസ്റ്റ് കാൻസറിന്റെ പൊട്ട്... ബയോപ്സിയും അത് അടിവരയിട്ടു.
സ്നേഹമാണ് മരുന്ന്...
ഭർത്താവിന്റെ വീട്ടിലുള്ള മകൾ പ്രിയങ്കയെ ഫോണിലൂടെ കാര്യം അറിയിച്ചു. ജോലിയും തിരക്കുകളും കഴിഞ്ഞ് ജോയും രണ്ടാമത്തെ മകൾ റിതികയും പിന്നെ കുഞ്ഞുമാണിയും രാത്രിയോടെ വീട്ടിലെത്തിയ സമയം. അവരോട് വളരെ സമാധാനത്തോടെ കാര്യം പറഞ്ഞു. എന്റെ പെമ്പിള്ളേരോട് കാൻസറിന്റെ കാര്യം പറയുമ്പോൾ അവരുടെ ഹൃദയം നീറുന്നത് എനിക്ക് വായിച്ചറിയാനായി. പക്ഷേ അവരത് പുറത്തു കാണിച്ചില്ല. എല്ലാ സങ്കടവും ഉള്ളിലൊതുക്കി എന്നെ സ്ട്രോങ്ങാക്കി ഒപ്പം നിന്നു. പക്ഷേ എന്റെ കുഞ്ഞുമാണി... കാര്യങ്ങൾ അവന്റെ കയ്യിൽ നിന്നില്ല. അമ്മയ്ക്ക് കാൻസറെന്ന് അറിഞ്ഞപാടേ... ഏങ്ങലടിച്ചു കരഞ്ഞു. ജോയും ഇതെല്ലാം കേട്ട് ഷോക്കായി നിന്നെങ്കിലും പേടിയോ സങ്കടമോ കാണിച്ചില്ല. നമ്മളിതിനെ നേരിടുമെന്ന് പറഞ്ഞ് മനസറിഞ്ഞ് കൂടെ നിന്നു. അതിനപ്പുറം എനിക്കെന്ത് വേണം. ഏതു വേദനയേയും തോൽപ്പിക്കാൻ പോന്ന മനഃക്കരുത്തേകി എന്റെ പ്രിയപ്പെട്ടവൻ... എന്റെ കുഞ്ഞുങ്ങൾ. അതായിരിക്കും ഈ യുദ്ധം ജയിക്കാൻ എനിക്കുള്ള ശക്തി.

ബയോപ്സി ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്ക് വിധേയയായി കഴിഞ്ഞു. ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മറ്റൊരു വിദഗ്ധ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അതിന്റെ പരിശോധന ഫലം ഈ മാസം 13ന് വരും. വരട്ടെ... ഫലം എന്തു തന്നെയായാലും എന്നെ തളർത്തിക്കളയില്ലെന്നുറപ്പാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന, എന്നെ ഇവിടെ വേരൂന്നി നിർത്തുന്ന ഒത്തിരി സന്തോഷങ്ങൾ, സ്നേഹങ്ങൾ ഈ മണ്ണിലുണ്ട്. അതെല്ലാം ഉള്ളപ്പോൾ എന്നെ തോൽപ്പിക്കാൻ കാൻസറിനാകില്ല. ഈ സമയവും കടന്നു പോകും. ദാറ്റ്സ് ഓൾ...– നിഷ പറഞ്ഞു നിർത്തി.