Friday 09 April 2021 04:17 PM IST : By സ്വന്തം ലേഖകൻ

‘വേദന സഹിക്കാണ്ടായപ്പോൾ കാല് ഉയർത്തിവച്ചു, മണിക്കൂറുകളോളം നിന്ന് പ്രസംഗിച്ചു’: അച്ഛന് സർജറി: പ്രാർത്ഥനകൾ തേടി കാർത്തിക്

premachandran-nk

തിരഞ്ഞെടുപ്പ് കാലത്ത് അച്ഛൻ അനുഭവിച്ച രോഗപീഡകളുടെയും കഷ്ടതകളുടേയും അനുഭവം വികാരനിർഭരമായി പങ്കുവയ്ക്കുയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമ ചന്ദ്രൻ. ‍ഡൽഹി എയിംസ് ആശുപത്രിയിൽ ഹെർണിയ നാളെ ഹെർണിയ ശസ്ത്രക്രിയക്ക് എൻ.കെ പ്രേമചന്ദ്രൻ വിധേയനാകാൻ ഇരിക്കെയാണ് കാർത്തിക്കിന്റെ കുറിപ്പ്. പ്രചാരണ വേളയിൽ പ്രസംഗത്തിന് ഇടയിൽ വേദന സഹിക്കാൻ വയ്യാതെ പലപ്പോഴും കാല് ഉയർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായി. എന്നാലും അച്ഛൻ ഒറ്റനിൽപ്പിൽനിന്ന് ഒരുമണിക്കൂറും ഒന്നരമണിക്കൂറും പ്രസംഗിച്ചു. സാധ്യമായ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയെന്നും കാർത്തിക് കുറിക്കുന്നു. അച്ഛനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അനുഭവ പാഠങ്ങളുടെ ഈവഴി ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം.

മീനചൂടിൽ കത്തികയറിയ നിയമസഭ തെരഞ്ഞെടുപ്പ് കാലം. വയറുവേദനയുടെ കാഠിന്യത്തിൽ അച്ഛൻ തള്ളിനീക്കിയ ദിവസങ്ങൾ. പാതിരാത്രി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ ഒരടിപോലും മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥ. കട്ടൻചായ കുടിച്ചാൽ വയറുവേദന കുറയുമെന്ന അച്ഛന്റെ ധാരണ മിക്കദിവസങ്ങളിലും ഫലം കണ്ടില്ല. ജോലികൾ തീർത്ത് അച്ഛൻ ഉറങ്ങാൻ പോകുന്നത് രാത്രി രണ്ടുമണി കഴിഞ്ഞ്. വീണ്ടും അതിരാവിലെ തുടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.

നിരന്തരം വയറുവേദന അലട്ടിയപ്പോൾ ആശുപ്രതിയിൽ എത്തി, തെരഞ്ഞെടുപ്പ് സമയത്തു മാറിനിൽക്കാൻ സാധിക്കില്ല എന്ന നിലപാട് അച്ഛൻ ഡോക്ടറോട് വ്യക്തമാക്കി. ഡോക്ടർ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അഡ്മിറ്റ് ആകുവാൻ നിർദ്ദേശിച്ചു. ആറാം തീയതി രാത്രിതന്നെ ഡൽഹിക്ക് പുറപ്പെട്ടു, എയിംസ് ആശുപത്രിയിൽ നാളെ അച്ഛന് ഹെരണ്യയുടെ ശസ്ത്രക്രിയ.

ഒരു തലവേദന വന്നാൽ പോലും നമ്മൾ മിക്കവരുടെയും ക്ഷമയുടെ അളവ് കുറയുന്ന കാലമാണിത്, അച്ഛൻ ഇത്രയും വേദന കടിച്ചമർത്തി ഒരുമാസം മുന്നോട്ട് കൊണ്ടുപോയപ്പോഴും ഈ വേദന പുറമെ പ്രകടമാക്കിയില്ല എന്നത് ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു. പ്രസംഗത്തിന് ഇടയിൽ വേദന സഹിക്കാൻ വയ്യാതെ പലപ്പോഴും കാല് ഉയർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായി. എന്നാലും അച്ഛൻ ഒറ്റനിൽപ്പിൽനിന്ന് ഒരുമണിക്കൂറും ഒന്നരമണിക്കൂറും പ്രസംഗിച്ചു. സാധ്യമായ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയി.

ജീവിതം ഒരു പാഠപുസ്തകമാണ്, അനുഭവങ്ങളുടെ അധ്യായങ്ങൾ എണ്ണിയാൽ തീരാത്തതുമാണ്. ഇവിടെ പാഠങ്ങൾ തീരുന്നില്ല, ആത്മാർത്ഥതയും കഠിനാധ്വാനവും കൂടിച്ചേരുമ്പോൾ ഏത് വേദനയും വഴിമാറും എന്ന ആപ്തവാക്യമാണ് ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ അച്ഛൻ എന്നെ പഠിപ്പിച്ച പാഠം.

നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം.

സ്നേഹപൂർവ്വം-

കാർത്തിക്ക് പ്രേമചന്ദ്രൻ