Saturday 06 April 2024 12:18 PM IST

‘മൊബൈലിൽ നോക്കി സമയം കളയുന്നു എന്നു പരാതി പറയുന്നവർ ഇവരെ കണ്ടു പഠിക്കണം’: രാജ്യത്തിന്റെ അഭിമാനം... കേളത്തിന്റെ നാരീശക്തി

Roopa Thayabji

Sub Editor

nss-women

ജനുവരി 26, ഡൽഹിയിലെ കർതവ്യ പഥ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പരേഡ് നടക്കുന്നു. ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തെയും സൈനിക ശക്തിയെയും വിളിച്ചറിയിച്ചു നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നവരിലും പരേഡ് നയിക്കുന്നവരിലും 80 ശതമാനവും വനിതകളാണ്, നാരീ ശക്തി കാ പരേഡ്.

ആകാശത്തു വനിതാ പൈലറ്റുമാർ പറത്തിയ വ്യോമസേന വിമാനങ്ങൾ ‘ഫ്ലൈപാസ്റ്റ്’ ചെയ്യുമ്പോൾ ഇങ്ങു താഴെ അഭിമാനത്തോടെ ശിരസ്സുയർത്തി പരേഡു നടത്തിയവരുടെ കൂട്ടത്തിൽ 12 മലയാളി പെൺകുട്ടികളുമുണ്ടായിരുന്നു. രാജ്യമൊട്ടാകെയുള്ള കോളജുകളിൽ നിന്നു പരേഡിനായി തിരഞ്ഞെടുക്കപ്പെട്ട 200 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരുടെ പരേഡ് പ്ലാറ്റൂണിലെ 12 മിടുമിടുക്കികൾ.

പരിശീലനവും പരേഡും വിവിധ പരിപാടികളു മൊക്കെ കഴിഞ്ഞു തിരികെ കേരളത്തിലേക്കു ട്രെയിൻ കയറുന്ന ദിവസം അവർ വനിതയോടു സംസാരിച്ചു. കേരളത്തിൽ നിന്നുള്ള ഈ ടീമിനെ നയിച്ച കോട്ടയം, പാലാ അൽഫോൻസാ കോളജിലെ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്റ്റ്യനും ഒപ്പം ചേർന്നു.

മേരാ ഭാരത് ദേശ്

ഡോ. സിമിമോൾ: രാജ്യത്തെയാകെ 16 റീജിയണുകളായി തിരിക്കും. നമ്മുടെ റീജിയണിന്റെ ചാർജ് എനിക്കായിരുന്നു. 16 പ്രോഗ്രാം ഓഫിസർമാരും 200 കുട്ടികളുമൊക്കെയായി ആകെ ജഗപൊഗ പ്രതീക്ഷിച്ചാണു വണ്ടി കയറിയത്. പക്ഷേ, ഹൃദ്യമായ അനുഭവമാണു ലഭിച്ചത്.

മരിയ: അവിടെ എല്ലാവർക്കും നന്നായി ഇംഗ്ലിഷ് അറിയാമെങ്കിലും എപ്പോഴും ഹിന്ദിയിലേ സംസാരിക്കൂ. ടീച്ചറിനു ഹിന്ദി അറിയാവുന്നതു കൊണ്ടു രക്ഷപ്പെട്ടു. ടീച്ചർ പിജിയും എംഫില്ലും പഠിച്ചതു മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിലാണ്.

അപർണ: പക്ഷേ, ക്യാംപ് കഴിയാറായപ്പോഴേക്കും ഞങ്ങളും ഹിന്ദിക്കാരികളായി, ഹേ ക്യാ...

നന്ദിത: ട്രെയിനിലാണു യാത്രയൊക്കെ. പോകുമ്പോൾ തന്നെ നാലഞ്ചു ബാഗുകൾ എല്ലാവരുടെയും കയ്യിലുണ്ട്. ഒരു മാസത്തേക്കുള്ള വസ്ത്രങ്ങൾക്കു പുറമേ സാംസ്കാരിക പരിപാടികളുടെ ഡ്രസ്സുകളും യോഗയ്ക്കും എക്സർസൈസിനും പരേഡിനുമൊക്കെ ഇടാനുള്ള പ്രത്യേകം ഡ്രസ്സുകളും ഷൂവും. തിരികെ വന്നപ്പോൾ ബാഗുകളുടെ എണ്ണം കൂടി. ക്യാംപിൽ നിന്നു കിട്ടിയ സ്വെറ്ററും ബ്ലേസറുമൊക്കെ കൂടാതെ ഞങ്ങളുടെ ഷോപ്പിങ്ങും നടന്നല്ലോ.

അപർണ: എല്ലാം ചുമന്നു ട്രെയിനിൽ കയറ്റിയതും ഒന്നും മിസ്സാകാതെ എത്തിച്ചതുമൊക്കെ ടാസ്ക് ആയിരുന്നു.

റോഡ് ടു ഡൽഹി

ഡോ. സിമിമോൾ: കോളജുകളിൽ നിന്നു വരുന്ന എൻഎസ്എസ് വാളണ്ടിയർമാരെ യൂണിവേഴ്സിറ്റി തലത്തിലുള്ള സെലക്‌ഷനിലൂടെ പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാംപിൽ പങ്കെടുപ്പിക്കും. ഓരോ സോണിൽ നിന്നും 200 പേര്‍ ചേരുമ്പോൾ 1000 പേരാകും പ്രീ ക്യാംപിൽ പങ്കെടുക്കുക. പത്തു ദിവസത്തെ ക്യാംപ് കഴിഞ്ഞ് 200 പേരെ റിപബ്ലിക് പരേഡ് ക്യാംപിലേക്കു സെലക്ട് ചെയ്യും. 148 പേരാണു പരേഡിൽ പങ്കെടുക്കുക. ബാക്കിയുള്ളവർ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മറ്റു പ്രമുഖരുടെയും റിപ്പബ്ലിക് ദിന വിരുന്നുകളിൽ കൾചറൽ പ്രോഗ്രാമുകൾ അവതരിപ്പിക്കും.

കാതറിൻ: കേരളം ഉൾപ്പെടുന്ന സൗത്ത് സോണിന്റെ പ്രീ റിപ്പബ്ലിക് ഡേ ക്യാംപു നടന്നതു തിരുച്ചിറപ്പള്ളി കാവേരി വനിതാ കോളജിലായിരുന്നു. കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വൊളന്റിയർമാരാണ് അതിൽ പങ്കെടുത്തത്.

ആൻസി: കേരളത്തിൽ നിന്ന് 52 പേർ പ്രീ ക്യാംപിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ ഒൻപതു പേർക്കു പരേഡിനും അഞ്ചു പേർക്കു കൾചറൽ പ്രോഗ്രാമിനും സെലക്‌ഷൻ കിട്ടി.

nss-women-3 റിപ്പബ്ലിക് ദിന പരേഡിൽ നിന്ന്

പരേഡ്, പ്രാക്ടീസ്, പരേഡ്

മാളവിക: ഡിസംബർ 29നാണു ഞങ്ങൾ ട്രെയിൻ കയറിയത്. പ്രീ ക്യാംപിൽ വച്ചു പരിചയം ഉള്ളതുകൊണ്ടു കൂട്ടുകാർ ഒന്നിച്ചു യാത്ര പോകുന്ന പ്രതീതിയായിരുന്നു.

ശ്രീലക്ഷ്മി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി ക്യാംപസിലാണു ക്യാംപ്. ചെന്നിറങ്ങുമ്പോൾ അവിടെ ന്യൂ ഇയർ ആഘോഷം നടക്കുന്നു. ജനുവരി രണ്ടു മുതലാണു പരിശീലനം തുടങ്ങിയത്.

നിയത: രാവിലെ അഞ്ചു മണിക്കു യോഗയോടെ ക്യാംപ് തുടങ്ങും. പരേഡ് പ്രാക്ടീസും അക്കാദമിക് സെഷനും കൾചറൽ സെഷനുമൊക്കെയാണു പിന്നെ. ദിവസങ്ങൾ പോകുംതോറും അഞ്ചു മണി നാലും മൂന്നുമൊക്കെയായി.

അപർണ: അസ്ഥിയുരുകുന്ന തണുപ്പാണ്. കുറച്ചകലെ നിൽക്കുന്നവരെ പോലും കാണാനാകില്ല. പക്ഷേ, ഇതൊന്നും ദിനചര്യകളെ ബാധിച്ചില്ല. രാവിലെ മൂന്നു മണിക്കുണർന്നു തയാറായി പരേഡ് പ്രാക്ടീസിനു പോകും.

വൈഷ്ണവി: സെലക്‌ഷനു വേണ്ടിയുള്ള മത്സരമാണു നടക്കുന്നത് എന്നറിഞ്ഞിട്ടും പരസ്പരം സ്നേഹിച്ചും സ ഹായിച്ചുമാണു 200 കുട്ടികളും മുന്നേറിയത്, എല്ലാവരും എല്ലാവരുടെയും സ്വന്തമായതു പോലുള്ള അനുഭവം.

nss-women-2

ഡോ. സിമിമോൾ: എല്ലാ പ്രോഗ്രാം ഓഫിസർമാരും കുട്ടികളുടെ കൂടെ ചെല്ലണം. ഉച്ച വരെ അവർ പ്രാക്ടീസ് ചെയ്യുമ്പോൾ ഞങ്ങൾ പലവട്ടം ഇന്ത്യാ ഗേറ്റു വരെ നടക്കും. സേനാവിഭാഗങ്ങളും അപ്പോൾ പ്രാക്ടീസ് ചെയ്യുന്നുണ്ടാകും.

ഇന്ത്യയെന്ന അഭിമാനം

ലിയോണ: ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. രണ്ടര ആഴ്ചത്തെ ക്യാംപിനും പരിശീലനത്തിനും ശേ ഷം ഞങ്ങളെ നഗരം ചുറ്റിക്കാണിക്കാൻ കൊണ്ടുപോയി. അന്നാണു കുടുംബാംഗങ്ങളെ കാണാൻ കഴിഞ്ഞത്.

വൈഷ്ണവി: മുൻപു റിപ്പബ്ലിക് പരേഡു കണ്ടിട്ടുണ്ടോ ?

ലിയോണ: അതല്ലേ രസം. ഡൽഹിയിൽ താമസിച്ചിട്ടും ഒരിക്കൽ പോലും പരേഡു കാണാൻ വന്നിട്ടില്ല. ഈ പരേഡോടെ ഒരു കാര്യം തീരുമാനിച്ചു, അടുത്ത വർഷം മുതൽ തീർച്ചയായും വരും. ഇതൊരു അഭിമാനനിമിഷമാണ്.

മരിയ: ഞാനും കുട്ടിക്കാലത്തു ഡൽഹിയിലാണു താമസിച്ചിരുന്നതെങ്കിലും പരേഡ് കാണാൻ അവസരം ഉണ്ടായിട്ടില്ല. ഇക്കുറി പ്രാക്ടീസ് നടന്നതൊക്കെ കൊടുംമഞ്ഞിലാണ്. പരേഡു ചെയ്യുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാനാകില്ല. പിന്നീടു പതിയെ തെളിഞ്ഞുവരുന്ന ഇന്ത്യാഗേറ്റിന്റെ രൂപം. അപ്പോൾ ഉള്ളിൽ തോന്നുന്നൊരു വികാരമുണ്ട്, അതു പറഞ്ഞു തരാനാകില്ല.

നോട് മീ, ബട് യൂ

ഡോ. സിമിമോൾ: ഏതു നാട്ടിൽ നിന്നു വന്നെന്നോ, ഏ തു ഭാഷ സംസാരിക്കുന്നു എന്നോ ചിന്തിക്കാതെ കുട്ടികൾ തമ്മിൽ ഇടപഴകുന്നതു കാണാനും രസമായിരുന്നു. എൻഎസ്എസിന്റെ ആപ്തവാക്യം തന്നെ ‘Not me, but you’ എന്നാണ്. ഞാൻ എന്ന വ്യക്തിക്കല്ല പ്രാധാന്യം.

മൊബൈലൊക്കെ നോക്കി വെറുതെ സമയം കളയുന്നു എന്നു പരാതി പറയുന്നവർ ഈ കുട്ടികളെ കാണണം. ചുറ്റുമുള്ളരെ കൈപിടിച്ചുയർത്താൻ ഇവർ ചെയ്യുന്ന സേവനങ്ങൾ അറിയണം.

മാളവിക: സേവനങ്ങൾ മാത്രമല്ല മെയിൻ. യുദ്ധവിരുദ്ധ സംഗമം, സൈൻ ലാംഗ്വേജ് പഠന ശിൽപശാല തുടങ്ങിയവയും അതിൽ പെടും. എന്റെ കോളജിൽ എൻഎസ്എസിന്റെ റേഡിയോയുമുണ്ട്.

വൈഷ്ണവി: നാലു വർഷമായി എൻഎസ്എസിലുള്ളവരുണ്ടു കൂട്ടത്തിൽ. മുൻപു സപ്തദിന ക്യാംപിനൊക്കെ പങ്കെടുത്തിട്ടുള്ളതു കൊണ്ടു ‘സഹവാസ’മൊക്കെ ശീലമാണ്. എങ്കിലും ഡൽഹിയിലെ അനുഭവങ്ങൾ ഒരിക്കലും മറക്കില്ല. പരേഡു കഴിഞ്ഞ് ആഗ്ര കാണാൻ പോയിരുന്നു.

നന്ദിത: രാജ്യത്തെ പരമോന്നത പദവിയിലുള്ളവരെ അടുത്തു കാണുന്നതും ഭാഗ്യമല്ലേ. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി സന്ദർശനവും വിരുന്നും രസമുള്ള അനുഭവമാണ്. പാർലമെന്റിൽ വച്ച് ഉപരാഷ്ട്രപതിയുമായി നടത്തിയ സംവാദവും രസകരമായിരുന്നു.

കാതറിൻ: എൻഎസ്എസ്, യുവജനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതിനാൽ മന്ത്രി അനുരാഗ് സിങ് ടാക്കൂറിന്റെ വസതിയിൽ വച്ചും വിരുന്നുണ്ടായിരുന്നു. ഇവയോടൊപ്പമുള്ള സാസ്കാരിക പരിപാടികളിലും ഞങ്ങൾ ഭാഗമായി. ശ്രീലക്ഷ്മി മോഹിനിയാട്ടവും വൈഷ്ണവി പരുന്താട്ടവും നിയത നങ്ങ്യാർകൂത്തും അവതരിപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീട്ടിലും വിരുന്ന് ഒരുക്കിയിരുന്നു.

ശ്രീലക്ഷ്മി: ടീച്ചറിന് ഇത്തരം വേദികൾ മുൻപു കിട്ടിയിട്ടുണ്ടോ ?

ഡോ. സിമിമോൾ: പാരീസിൽ നടന്ന ലോകയുവജന സ മ്മേളനത്തിൽ ഇന്ത്യയെ പ്രധിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. പോപ്പ് ജോൺ പോൾ മാർപ്പാപ്പയെ അടുത്തു കാണാനും സംസാരിക്കാനും അന്ന് അവസരം കിട്ടി. പോപ്പു സമ്മാനിച്ച രണ്ടു കൊന്തകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിനേക്കാൾ മനോഹരമായ ഓർമകൾ നിങ്ങൾക്കു കിട്ടിയില്ലേ.

എല്ലാവരും ഒരേ സ്വരത്തിൽ: കിട്ടി...

കേരളത്തിന്റെ സ്വന്തം സ്ക്വാഡ്

റിപ്പബ്ലിക് ദിന പരേഡിൽ നാഷണൽ സർവീസ് സ്കീമിനെ (എൻഎസ്എസ്) പ്രതിനിധീകരിച്ചു കേരളത്തിലെ കോളജുകളിൽ നിന്നു പങ്കെടുത്തവർ ഇവരാണ്.

നന്ദിതാ പ്രദീപ് (രണ്ടാം വർഷ ബിഎസ്‌സി ഫിസിക്സ്, ബസേലിയസ്‌ കോളജ്, കോട്ടയം), വൈഷ്ണവി എസ്‌ (രണ്ടാം വർഷ ബിഎസ്‌സി ഫിസിക്സ്, ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്സൺ (രണ്ടാം വർഷ ബിഎ സോഷ്യൽ വർക്, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, എറണാകുളം), കാതറിൻ പോ ൾ (രണ്ടാം വർഷ ബിഎ എക്കണോമിക്സ്, മോർണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (മൂന്നാം വർഷ ബിഎ ഹിസ്റ്ററി, സെന്റ് സേവ്യേഴ്‌സ് കോളജ്, തുമ്പ, തിരുവനന്തപുരം), വൈഷ്ണവി എസ്‌ (രണ്ടാം വർഷ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, ഗവ. വനിതാ കോളജ്, തിരുവനന്തപുരം), മരിയ റോസ് തോമസ് (രണ്ടാം വർഷ ബിഎസ്‌സി ജിയോളജി, എസ്‌എൻ കോളജ്, ചേർത്തല), നിയത ആർ. ശങ്കർ (രണ്ടാം വർഷ ബികോം വിത് സിഎ, കോളജ് ഓഫ് അപ്ലൈഡ് സയൻസ് (ഐഎച്ആർഡി), ചേലക്കര, തൃശൂർ), ശ്രീലക്ഷ്മി എസ്‌ (മൂന്നാംവർഷ കെമിക്കൽ എൻജിനിയറിങ്, ഗവ. എൻജിനീയറിങ് കോളജ് തൃശൂർ), അപർണ പ്രസാദ് (മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, കാലടി), അമൃത കൃഷ്ണാ കെ.വി (രണ്ടാം വർഷ ബിഎസ്‌സി സൈക്കോളജി, പ്രൊവിഡൻസ് വിമൻസ്, കോഴിക്കോട്), മാളവിക എ (രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി, സെന്റ് മേരീസ്‌ കോളജ്, സുൽത്താൻ ബത്തേരി).

കേരളത്തിൽ നിന്നുള്ള12 അംഗ എൻഎസ്എസ് ടീമിനെ നയിച്ചതു കോട്ടയം, പാലാ അൽഫോൻസാ കോളജിലെ സുവോളജി അധ്യാപികയും റിസർച് ഗൈഡും എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫിസറുമായ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ്.

രൂപാ ദയാബ്ജി