Friday 22 March 2019 06:36 PM IST : By സ്വന്തം ലേഖകൻ

ആറ് ഇളയ കുഞ്ഞുങ്ങളുടെ അമ്മക്കിളി, നാടിനെ പേടിച്ച് അച്ഛൻ വളർത്തിയ ‘ആൺകുട്ടി’; കുറിപ്പ്

ochira-incident

അവൾ ഒരു നാടോടി ആയോണ്ടാണോ ഇൗ അവഗണന, തട്ടിക്കൊണ്ടു പോയിട്ട് ദിവസങ്ങൾ കഴിഞ്ഞില്ലേ ഇനിയും ആ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലേ...

ഓച്ചിറയില്‍ പതിമൂന്നു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം വലിയ ഒച്ചപ്പാടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടാക്കുന്നത്. അധികാരികളുടെ നിഷ്ക്രിയത്വവും നിസംഗഭാവവും ഉയർത്തി കാട്ടി കടുത്ത രീതിയിലുള്ള പ്രതിഷേധങ്ങളാണ് വിവിധയിടങ്ങിൽ നിന്നും ഉയർന്നു വരുന്നത്.

സോഷ്യൽ ലോകത്ത് ആ കുടുംബത്തിന്റെ അവസ്ഥ വിവരിച്ചുള്ള കുറിപ്പും വൈറലാവുകയാണ്. ‘ഓച്ചിറയ്ക്ക് സമീപം ദേശീയപാതയോരത്തെ ആ ചെറിയ ഓടിട്ട വാടക വീട്ടിന് മുന്നിൽ ഇപ്പോൾ നിറമില്ലാത്ത ദൈവങ്ങളാണ്. ആ കുടുംബം രൂപപ്പെടുന്ന പ്രതിമകളിൽ അവരുടെ ജീവിതം തന്നെയായിരുന്നു നിറഞ്ഞത്.

അവൾ മറ്റ് ആറു ഇളയ കുഞ്ഞുങ്ങൾക്കും അമ്മക്കിളിയായി മാറും. അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് രാജസ്ഥാൻ ദമ്പതികൾക്ക് ഉള്ളത്. അതിൽ മൂത്ത പെൺകുട്ടിയെയാണ് ഗുണ്ടാസംഘം തട്ടികൊണ്ട് പോയത്. പെൺകുട്ടികളെ അച്ഛൻ ആൺകുട്ടികളെ പോലെയാണ് വളർത്തിയത്. 'മുടി ക്രോപ്പ് ചെയ്ത്, ആൺകുട്ടികൾ അണിയുന്ന വസ്ത്രം ധരിച്ച്. ഭയമായിരുന്നു അയാൾക്ക് ഈ സമൂഹത്തെ. എന്നിട്ടും അയാൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. തടയാൻ ശ്രമിച്ച ആ പാവം മാതാപിതാക്കളെ മർദിച്ച് നിലംപരിശാക്കി മകളെ വലിച്ചിഴച്ച് കൊണ്ടുപോയി. കൈ നീട്ടി യാചിക്കാൻ വന്നവരല്ല, വിയർ‌പ്പൊഴുക്കി പണിയെടുത്ത്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവ പ്രതിമകൾ ഉണ്ടാക്കി വിറ്റ് ജീവിക്കാൻ വന്നതാണ്.’ സോഷ്യൽ ലോകത്ത് വൈറലാകുന്ന കുറിപ്പിൽ പറയുന്നു.

ചർച്ചയാകുന്ന ഫെയ്സ്ബുക്ക് കുറിപ്പ്:

ഓച്ചിറ, വലിയകുളങ്ങരയിൽ നിന്നും,പതിനാലര വയസ്സുകാരിയെ നാലംഗ സംഘം തട്ടികൊണ്ട് പോയിട്ട് ഇതു എഴുതുമ്പോൾ മണിക്കൂർ പിന്നിടു'ന്നു. ബെംഗളൂരുവിൽ ഉണ്ടെന്നല്ലാതെ അവരെ കണ്ടെത്താൻ പോലീസിന് ഇതുവരെ ' കഴിഞ്ഞിട്ടില്ല.തട്ടികൊണ്ട് പോയവരിൽ രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.

ഓച്ചിറയ്ക്ക സമീപം ദേശീയപാതയോരത്തെ ആ ഓടിട്ട വാടക വീട് ഇന്ന് മരണവീട് പോലെ മൂകമാണ്. മുന്നിൽ നിരത്തിവെച്ചിരിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത ദൈവ വിഗ്രഹങ്ങൾ പോലെ. മിനിഞ്ഞാന്ന് വരെ ആ പതിനാലര വയസ്സുകാരി അവിടെയുണ്ടായിരുന്നു'... അച്ഛനും അമ്മയും പ്ലാസ്റ്റർ ഓഫ് പാരീസിൽ ' തീർത്ത വിഗ്രഹങ്ങൾ വിൽക്കാൻ രാവിലെ നാല് വീലുള്ള വണ്ടിയിൽ ഉന്തിയും തളളിയും (ജീവിതം പോലെ ) പോകുമ്പോൾ അവൾ മറ്റ് ആറ് ഇളയ കുഞ്ഞുങ്ങൾക്കും അമ്മക്കിളിയായി മാറി.

അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് രാജസ്ഥാൻ ദമ്പതികൾക്ക് ഉള്ളത്. അതിൽ മൂത്ത പെൺകുട്ടിയെയാണ് ഗുണ്ടാസംഘം തട്ടികൊണ്ട് പോയത്. പെൺകുട്ടികളെ ഇൗ അച്ഛൻ ആൺകുട്ടികളെ പോലെയാണ് വളർത്തിയത്. മുടി ക്രോപ്പ് ചെയ്ത്, ആൺകുട്ടികൾ അണിയുന്ന വസ്ത്രം ധരിച്ച്, ഭയമായിരുന്നു അയാൾക്ക് ഈ സമൂഹത്തെ. എന്നിട്ടും അയാൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.തടയാൻ ശ്രമിച്ചആ പാവം മാതാപിതാക്കളെ മർദിച്ച് നിലംപരിശാക്കി, മകളെ വലിച്ചിഴച്ച് കൊണ്ടുപോയി. കൈ നീട്ടി യാചിക്കാൻ വന്നവരല്ല വിയർപ്പൊഴുക്കി പണിയെടുക്കാൻ വന്നതാണ്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവ പ്രതിമകൾ ഉണ്ടാക്കി വിറ്റ്' .

ഈ തട്ടികൊണ്ട് പോയ സംഘത്തിലുള്ള ചിലർ നേരത്തെ പതിനാലര വയസുകാരിയെ ശല്യം ചെയ്യാൻ എത്താറുണ്ടായിരുന്നു. ഈ വിവരം പറയാൻ അധ്വാനം കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങളുമായി ആ മനുഷ്യൻ ഓച്ചിറ പോലീസ് സ്റ്റേഷന്റെ പടികൾ കയറിയിട്ടുണ്ട്. ഒരു നീതിയും ആ പാവത്തിന് ലഭിച്ചില്ല. രാജസ്ഥാനിലെ പൊലീസ് സ്റ്റേഷനെക്കാൾ കഷ്ടമായി. വീഴ്ച പറ്റിയുട്ടുണ്ട് സർ. ഗുരുതരമായ വീഴ്ച. ഇൗ അച്ഛനും അമ്മയും. കരഞ്ഞു കലങ്ങിയ വഴികണ്ണുമായി കാത്തിരിക്കുന്നു നിർജ്ജീവമായ പ്രതിമകളെപ്പോലെ ... നീതി കിട്ടുമോ സർ' ....?

പ്രത്യേക കുറിപ്പ്: നിയമപരമായ പരിരക്ഷ കണക്കിലെടുത്ത് കുറിപ്പിലെ പേരുകളും കുറിപ്പെഴുതിയ ആളുടെ പേരും ഒഴിവാക്കിയിട്ടുണ്ട്.