Tuesday 27 October 2020 04:32 PM IST : By സ്വന്തം ലേഖകൻ

'കുഞ്ഞിനെ അടിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയും അമ്മയെ തല്ലുന്ന കുഞ്ഞും; അറിയേണ്ട മൂന്ന് കാര്യങ്ങൾ'; കുറിപ്പ്

preeth-teacher334

ഒരു കുഞ്ഞിനെ അടിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയും അമ്മയെ തല്ലുന്ന കുഞ്ഞുമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിഡിയോ കണ്ട് കുഞ്ഞിൻ്റെ പരാക്രമങ്ങളെ ആസ്വദിക്കുന്നവരും, അമ്മയെ ന്യായീകരിക്കുന്നവരും, വളർത്തു ദോഷമെന്നു പറയുന്നവരുമൊക്കെ ഏറെയാണ്. ഈ വിഷയത്തിൽ അധ്യാപകനായ ജി പ്രീത് ചന്ദനപ്പള്ളി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.  

പ്രീത് ചന്ദനപ്പള്ളി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഒരു കുഞ്ഞിനെ അടിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയും  അമ്മയെ തല്ലുന്ന കുഞ്ഞുമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കുഞ്ഞിൻ്റെ പരാക്രമങ്ങളെ ആസ്വദിക്കുന്നവരും, അമ്മയെ ന്യായീകരിക്കുന്നവരും, വളർത്തു ദോഷമെന്നു പറയുന്നവരുമൊക്കെ ഏറെയാണ്. അച്ചടക്കമില്ലാതെ വളരുന്ന ഒരു തലമുറക്ക് ഉദാഹരണം എന്ന് പറഞ്ഞ് ആ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. 

പ്രശ്നം ഓൺലൈൻ പഠനമാണ്. ഏതോ ഒരു  വാക്ക് ബുക്കിൽ താഴോട്ട് താഴോട്ട് എഴുതി വെക്കുക. എന്നിട്ട് അതിൻ്റെ ഫോട്ടോ എടുത്ത് ടീച്ചർക്ക് അയച്ചുകൊടുക്കുക. അതാണ് ഹോം വർക്ക്... അതാണ് പോലും പഠനം. അത് ചെയ്യാതിരിക്കുന്നതിനാണ് അടി. കുഞ്ഞ് അമ്മയെ തല്ലുന്നതും, തെറി വിളിക്കുന്നതൊന്നും അമ്മയ്ക്കും ആ വീഡിയോ എടുത്ത ആളിനും വിഷയമല്ല .

മൂന്ന് കാര്യങ്ങളാണ് ഇവിടെ  ചർച്ച ചെയ്യേണ്ടത്. ഒന്ന് എന്താണ് പഠനം, രണ്ട് സ്വഭാവം, മൂന്ന് അച്ചടക്കം.

പഠനം എന്നത് സർഗ്ഗാത്മക മായ ഒരു പ്രക്രിയ ആകണം എന്ന് സൈദ്ധാന്തിക തലത്തിൽ നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാൽ  പ്രായോഗിക തലത്തിൽ അധ്യാപകരോ മാതാപിതാക്കളോ അത് നടപ്പിലാക്കുന്നുണ്ടോ? രൗദ്രഭാവങ്ങൾക്ക് എങ്ങനെയാണ് ഒരു കുട്ടിയിൽ അറിവ് നിർമ്മിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് സർഗ്ഗാത്മകത സൃഷ്ടിക്കുന്നത്.

കുഞ്ഞ് വളർന്നു വരുമ്പോൾ അവനിൽ ഉണ്ടാക്കുന്ന സ്ട്രോക്കുകൾ അവൻ്റെ സ്വഭാവത്തെ സ്വാധീനിക്കുന്നു.( ഫ്രോയിഡ് , യുങ്, ബി.എഫ്. സ്കിന്നർ ഒക്കെ അങ്ങനെയാണ് പോലും പറയുന്നത് ) നെറിവില്ലാത്ത അറിവ് കൊടുത്തിട്ട് എന്താണ് പ്രയോജനം. മനുഷ്യത്വമില്ലാത്ത മനുഷ്യനായി വളർത്തിയെടുക്കുന്നതാണോ പഠനം.

അച്ചടക്കമുള്ള തലമുറയെ വാർത്തെടുക്കുന്നതാണ് വിദ്യാഭ്യാസം എന്നു കേൾക്കാനും പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. എന്താണ് അച്ചടക്കം. ഒരു തരത്തിൽ പറഞ്ഞാൽ അച്ചിൽ അടക്കുന്ന പാകമായിരിക്കുക അതല്ലേ അച്ചടക്കം. ഒരു അച്ചിൽ ചേരുന്നവിധം, ചേർക്കപ്പെടുന്ന വിധം അഥവാ അടങ്ങുന്ന വിധം സംഭവിച്ചാൽ അത് അച്ചടക്കമായി. ഒരു പ്ലഗ് ഹോളും അതിൽ ഭദ്രമായിരിക്കുന്ന പിന്നും പോലെ. അതാണ് അതിന്റെ പ്രവർത്തനക്ഷമതയും ഭദ്രതയും ഉറപ്പാക്കുന്നത്. അവിടെ ചേരായ്മ വരുന്നില്ല. അച്ചടക്കരാഹിത്യത്തിൽ സംഭവിക്കുന്നത് ചേരായ്മയാണ്. ചേർച്ച സുഖവും ചേരായ്മ അസുഖകരവുമാണ്. എന്നിട്ടും എന്തുകൊണ്ട് അച്ചടക്കം പാലിക്കപ്പെടാൻ ബുദ്ധിമുട്ടാകുന്നു എന്നുള്ളതാണ് ചോദ്യം. 

ഉത്തരം വളരെ ലളിതം ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കണം. കാലുമുറിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത. കാലുമുറിക്കണോ ചെരിപ്പിന്റെ അളവ് മാറ്റണോ എന്നു ചോദിച്ചാൽ മുറിക്കപ്പെട്ട കാലുള്ളവർ പറയും.ചെരുപ്പ് മാറ്റാൻ പാടില്ല അത് നിയമ ലംഘനമാണന്ന്. കാലവും സാങ്കേതിക വിദ്യയും മൂല്യ സങ്കല്പങ്ങളും അനുനിമിഷം മാറികൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ശിലായുഗക്കാർ വന്നു പറയുന്നു ലോഹയുഗത്തിൽ സംഭവിക്കുന്നതൊക്കെ മഹാ പാപമാണെന്ന്. 

ഞങ്ങൾ അധ്യാപകരുടെ ഒരു സ്വാഭാവമുണ്ട്. വഴികാട്ടികളാണെന്ന് സ്വയം അങ്ങ് ഭാവിക്കും. സ്വന്തം വഴിയൊട്ട് അറിയത്തില്ലതാനും. കുട്ടികൾക്ക് സ്വന്തം വഴി കണ്ടു പിടിക്കാനുള്ള കരുത്ത് പകർന്നു കൊടുത്താൽ മതി അധ്യാപകരും മാതാപിതാക്കളും. അറിവും നെറിവും നേടാനുള്ള വഴി പറഞ്ഞു കൊടുക്കുക. കുട്ടികൾ സ്വയം തിരിച്ചറിവിലേക്ക് എത്തും. കാടൻ ശിക്ഷകൾ കൊണ്ട് തന്റെ കൈയ്യിലെ അച്ചിൽ അടക്കാനുള്ള ഞാനടക്കമുള്ള ചാക്കോ മാഷുമാരുടെ ശ്രമം അവസാനിപ്പിക്കാൻ സമയമായി.

പാശ്ചാത്യർ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഡിസിപ്ലിൻ എന്ന പേരിൽ അടിച്ചേൽപ്പിച്ച രീതികളാണ് ഇന്ന് നാം അച്ചടക്കമായി ആചരിച്ചുവരുന്നത്. മെക്കാളയുടെ പഠന തന്ത്രങ്ങളാണ് നമ്മൾ ഇന്നും പിന്തുടരുന്നത്.

ആവർത്തിച്ചുരുവിട്ട് മന:പാഠമാക്കിയില്ലങ്കിൽ അറിവുണ്ടാകുന്നില്ല എന്ന് ചിന്തിക്കുന്ന അടിമകളാണ് നാം. സായിപ്പന്മാർ. നാം സ്വാതന്ത്ര്യം രുചിക്കരുത് എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അത് ആവിഷ്കരിച്ചത്. അത് ഇപ്പോഴും അവർ ആചരിച്ചതിനേക്കാൾ ഭയാനകമായ രീതിയിൽ തുടരുന്നു. അച്ചടക്കം നടപ്പാകുന്നില്ല എന്നു ബോധ്യം വരുമ്പോൾ കടുത്ത ശിക്ഷാനടപടികൾ കൊണ്ടുവരുന്നു.

ഒരേ രാഗത്തിൽ താളനിബദ്ധമായി അനേകം ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതുപോലെയാണ് അച്ചടക്കം. ശ്രുതിചേരുന്നതാണ് അവിടെ അച്ചടക്കം. വെള്ളിവീഴുന്നത് അച്ചടക്കലംഘനവും. വിദേശാധിപത്യകാലത്ത് സായിപ്പ് ചിട്ടപ്പെടുത്തിയ താളമാണ് ഇന്ന് നാം കടന്നുപോകുന്ന അച്ചടക്കതാളം. ഒരേ താളം ആവർത്തിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന മുരടിപ്പ് ഊഹിക്കാവുന്നതാണ്. മുരടിപ്പ് ഒഴിവാക്കാൻ മനുഷ്യൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതങ്ങനെ തന്നെയാവുകയും വേണം. അതുകൊണ്ടാണ് പുതിയ ഈണങ്ങൾ ലഭിക്കുന്നത്. അവിടെയാണ് അവിടെയാണ് അറിവ് നിർമ്മിക്കപ്പെടുന്നത്. അച്ചടക്കം ക്രിയാത്മകവും സർഗാത്മകവുമാകുന്നത്.

preeth5534
Tags:
  • Spotlight
  • Social Media Viral