Friday 16 June 2023 02:26 PM IST

‘സ്വന്തം മകനെ തൊടുന്നപോലെ അവരെന്നെ തൊട്ടു; ഞാൻ അവിടുന്ന് ഇറങ്ങുംവരെ കൈ വിട്ടിട്ടില്ല’; അവയവ ദാനത്തിന്റെ നേരനുഭവം പറഞ്ഞ് ഷഹിർ

Shyama

Sub Editor

shihinkgf775

"അകാലത്തിൽ പൊലിഞ്ഞെങ്കിലും ഞങ്ങൾ ആറുപേരുടെ ജീവന്റെ തുടിപ്പിൽ താങ്കൾ ഇന്നും ജീവിക്കുന്നു. താങ്കളുടെ പാൻക്രിയാസും കിഡ്നിയും ദാനം ചെയ്തതിലൂടെ ഞാൻ ഇന്നും ജീവിക്കുന്നു. എന്നും സ്മരണയോടെ.... എസ്.എസ്. വൈ. ഷഹിറും കുടുംബവും."- 2015 ൽ ഷാഹിർ പത്രത്തിൽ നൽകിയൊരു ചരമവാർഷിക ഓർമയായിരുന്നു ഇത്. 

തോമസ് ഷാഹിറിന്റെ രക്തബന്ധുവല്ല, ഉറ്റചങ്ങാതിയുമല്ല... എന്നിട്ടും എല്ലാ അർത്ഥത്തിലും തോമസ് ഇന്നും ഷഹിറിലൂടെ ജീവിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് തോമസിന്റെ പാൻക്രിയാസും വൃക്കയും സെയ്ദ് യൂനിസ് ഷഹീറിന് നൽകിയിട്ട് 6 വർഷം കടന്നുപോയി. 

"16 വയസ് മുതൽ എനിക്ക് ടൈപ്പ് വൺ പ്രമേഹമുണ്ട്. അതിന്റെ രൂക്ഷത കൂടി വൃക്കയെ വരെ ബാധിച്ചു തുടങ്ങി. ചെയ്യാത്ത ചികിത്സകളില്ല. അങ്ങനെയാണ് അമൃത ഹോസ്പിറ്റലിൽ ഇതിന്റെ സർജറിക്കുള്ള വഴി തെളിയുന്നത്. ജി.ഐ. സർജറി ഡിപ്പാർട്മെന്റ് ആണ് അതിന് മുൻകൈ എടുത്തത്. ഡോ. ജോർജ് കുര്യൻ, ഡോ. സുധീന്ദ്രൻ, ഡോ. രാമചന്ദ്ര മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത്. 

പാൻക്രിയാസും വൃക്കയും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ആദ്യമായി നടത്തിയത് എനിക്കായിരുന്നു. കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് എന്ന  അവയവ ദാനത്തിനുള്ള സൈറ്റിൽ രജിസ്റ്റർ ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ യോജിക്കുന്ന ഒരു ഡോണറെ കിട്ടി. 2014 ഓഗസ്റ്റ് 17നാണ് സർജറി നടക്കുന്നത്. 

തോമസിന്റേത് അപകടമരണമായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചത് കാരണമാണ് അവർ അവയവദാനം ചെയ്യാൻ തീരുമാനിച്ചത്. 2015 ലാണ് ഞാൻ ആ ഓർമ്മക്കുറിപ്പ് കൊടുക്കുന്നത്. അതിനുശേഷം പിന്നെ കുറിപ്പ് കൊടുത്തിട്ടില്ല,  എന്നാലും എന്റെ മനസ്സിൽ ഇപ്പോഴും തോമസ് ദൈവത്തെ പോലെയാണ്. അതിനൊരു മാറ്റവുമില്ല.

സർജറിക്ക് ശേഷമുള്ള റിക്കവറി ഒക്കെ എന്റെ കാര്യത്തിൽ വേഗം തന്നെ നടന്നു. പക്ഷേ,  ഒരു വർഷം കഴിഞ്ഞപ്പോൾ അതിശക്തമായ ചുമയായി. കഴുത്തിൽ ടിബി ബാധിച്ചു. അത് കണ്ടുപിടിക്കാൻ അൽപ്പം വൈകി. കേരളത്തിൽ ആദ്യത്തെ കേസ് ആയതു കൊണ്ട് ഡോക്ടമാർക്കും ഇത് ആദ്യത്തെ എക്സ്പീരിയൻസ് ആയിരുന്നു. അതിനു മരുന്ന് കഴിച്ചതോടെ അവയവങ്ങൾക്ക് വീണ്ടും തകരാറു പറ്റി. 2017ൽ വീണ്ടും വൃക്ക മാറ്റിവയ്ക്കേണ്ടി വന്നു.  

shahii4edf

വെറുതെ കത്തിച്ചും ജീർണ്ണിപ്പിച്ചും കളയാതെ 

എനിക്ക് അവയവങ്ങൾ ആർക്കും കൊടുക്കാൻ പറ്റില്ല, അല്ലെങ്കിൽ ഞാൻ ആദ്യമേ രജിസ്റ്റർ ചെയ്തേനേ. മരണശേഷം വെറുതെ ജീർണ്ണിച്ചും കത്തിയും ഒക്കെ പോകുന്ന അവയവങ്ങൾ നിങ്ങൾ ഒരാളുടെ നല്ല മനസുകൊണ്ട്... ഒരു തീരുമാനം കൊണ്ട് ആറും ഏഴും പേർക്ക് ജീവൻ നൽകും! അതിലും വലുത് എന്തുണ്ട്...? അതാണ് ഏറ്റവും വല്യ പുണ്യകർമം. എനിക്ക് പറ്റുന്നിടത്തൊക്കെ പറ്റുന്നവരോടൊക്കെ ഞാൻ അവയവദാനത്തെ കുറിച്ച് പറയും.

സർജറി കഴിഞ്ഞ് തോമസ് വർഗീസിന്റെ വീട്ടിൽ ഒക്കെ പോയിരുന്നു. ഭാര്യയെയും മകളെയും ഒക്കെ കണ്ടു. മകൾ ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ഭാര്യ ഖത്തറിൽ ജോലി ചെയ്യുന്നു. അവരുമായി ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദം തുടരുന്നുണ്ട്. ഇടുക്കി സ്വദേശിയായിരുന്നു തോമസ്. കൺസ്ട്രക്ഷൻ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഞാനും  കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ സിവിൽ എഞ്ചിനീയർ ആണ്. എന്റെ വീട് പാലക്കാട്‌ കൊടുവായൂരാണ്. ഭാര്യ സുനിത. എനിക്കും ഒരു മകളാണ് സദ, എട്ടിൽ പഠിക്കുന്നു.

thomas-organ

തോമസിന്റെ അച്ഛനോടും അമ്മയോടും  മിക്കവാറും ഫോണിൽ സംസാരിക്കാറുണ്ട്. ഈയടുത്തും അവരുടെ കുടുംബത്തിൽ നടന്നൊരു കല്യാണത്തിന് പോയിരുന്നു. ആ അച്ഛനും അമ്മയും എന്നെ കണ്ടപ്പോൾ സ്വന്തം മകനെ കാണുന്നപോലെ തൊടുന്നപോലെ എന്നെ തൊട്ടു. കെട്ടിപ്പിടിച്ചുകരഞ്ഞു... ആ വികാരം എന്താണെന്ന് എനിക്ക് പറഞ്ഞുതരാൻ കൂടി അറിയില്ല, അത്രയ്ക്കും വിലപ്പെട്ട നിമിഷങ്ങളായിരുന്നു അത്. 

ഞാൻ തിരികെ പോരും വരെ അവർ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു... അവർ എന്റെ  കയ്യിൽ മുറുകെ പിടിക്കുമ്പോഴൊക്കെ ഞാൻ ഇതുവരെ കാണാത്ത അവരുടെ മകന് നന്ദി പറയുകയായിരുന്നു...

വനിത ഓൺലൈൻ 2020ൽ പ്രസിദ്ധീകരിച്ച ലേഖനം