Monday 24 December 2018 03:48 PM IST

രാമപാദം പതിഞ്ഞ രാമപുരം; പാലായിലെ വലിയ പള്ളിയിലേക്ക് നടി മിയയ്ക്കൊപ്പം!

Nithin Joseph

Sub Editor

miya-christmas1 ഫോട്ടോ: ബേസിൽ പൗലോ

ചരിത്രവും വിശ്വാസവും ഇഴചേർന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ പാലായിലെ രാമപുരം പള്ളിയിലേക്ക് നടി മിയയ്ക്കൊപ്പം...

പാലാ കഴിഞ്ഞപ്പോൾ വണ്ടിയൊരല്‍പം ‘സ്ലോ’ ആയി. ഗ്ലാസ് താഴ്ത്തിയിട്ട് രാമപുരം പള്ളിയിലേക്കുള്ള വഴി ചോദിച്ചതും മറുപടി വന്നത് വണ്ടിയ്ക്കുള്ളിൽനിന്ന് തന്നെ. ‘‘പാലാക്കാരി കൂടെ ഉള്ളപ്പോ പള്ളിയിലേക്കുള്ള വഴി കണ്ടുപിടിക്കാൻ എന്നാ ഇത്ര കഷ്ടപ്പാട്. നേരെ വിട്ടോ. എങ്ങോട്ടുള്ള വഴി തെറ്റിയാലും പള്ളികളിലേക്കുള്ള വഴി ‍ഞങ്ങള് പാലാക്കാർക്ക് ഒരിക്കലും തെറ്റില്ല.’’

ക്രിസ്മസ് ചുവപ്പുള്ള ഷാൾ വലിച്ചിട്ട് മിയ നേരെയിരുന്നു. പിന്നെ ‘നിങ്ങക്കിതൊന്നും അറിയാൻ മേലാരുന്നോ’ എന്നൊരു നോട്ടം നോക്കി. ‘‘ഞങ്ങള് പാലാക്കാരുടെ പ്രധാന വീക്ക്നെസാണ് പള്ളി. ഏതുവഴിക്കു പുറപ്പെട്ടാലും പള്ളിയുടെ മുന്നിലൊന്നു വണ്ടി നിർത്തി, കുരിശ് വരച്ച്, നേർച്ചയിട്ടതിനു ശേഷമേ പോകൂ.’’ രാമപുരം സെന്റ് അഗസ്തീനോസ് പള്ളിയുടെ മുന്നിലെ വലിയ പിയാത്ത കടന്ന് നട കയറുന്നതിനിടയിൽ ആ വിക്നെസിനു പിന്നിലെ കാരണവും പറയുന്നു മിയ.

‘‘പാലായിലും പരിസരത്തും എങ്ങോട്ട് തിരിഞ്ഞാലും ഒരു പള്ളിയുണ്ടാകും. ഭാരതത്തില്‍നിന്നുള്ള ആദ്യത്തെ വിശുദ്ധയും ഇവിടെ ഭരണങ്ങാനത്തൂന്നല്ലേ?’’ അൽഫോൻസാമ്മയായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കവർന്നതിന്റെ അഭിമാനം ഇപ്പോൾ മിയയുടെ കണ്ണിൽ.

അതുപോലെ തന്നെ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ജീവിച്ചതും അദ്ദേഹത്തിന്റെ കബറിടവും ദാ, ഈ രാമപുരം പള്ളിയിലാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്തു കാര്യം നടക്കണമെങ്കിലും  മാതാവിനെയും അൽഫോൻസാമ്മയെയും തേവർപറമ്പിൽ കുഞ്ഞച്ചനെയുമൊക്കെയാണ് കൂട്ടു പിടിച്ചിരുന്നത്. പരീക്ഷ ജയിക്കാൻ, ടെസ്റ്റ് പേപ്പർ മാറ്റി വയ്ക്കാൻ, ടീച്ചർ ചോദ്യം  ചോദിക്കാതിരിക്കാൻ... എല്ലാ ആവശ്യങ്ങൾക്കും ഓഫർ ചെയ്യുന്നത് ഒരു രൂപയാണ്. ഞാൻ ഒരു രൂപ നേർച്ചയിട്ട് പ്രാർഥിക്കുന്ന കാര്യമെല്ലാം നടന്നിട്ടുമുണ്ട്. കൂട്ടുകാർക്കൊക്കെ എന്തെങ്കിലും ആവശ്യം വരുമ്പോ പറയും, മിയ നേർച്ചയിട്ടാൽ മതിയെന്ന്. ’’

പള്ളിയിലെത്തിയതും ഷാൾ തലയിലൂടെ വിടർത്തിയിട്ട് മിയ അകത്ത് കയറി. കണ്ണടച്ച് മുട്ടു കുത്തി, രാമപുരത്തിന്റെ സ്വന്തമായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിനു മുന്നി ൽ. പിന്നെ, നെറ്റിയിൽ കുരിശ് വരച്ച് നിശബ്ദതയെ മുറിക്കാതെ പുറത്തേക്ക്.

ഇത്രയധികം എന്താണ് പ്രാർഥിച്ചതെന്ന് ചോദിക്കാനൊരുങ്ങവേ, മിയ ഓവർടേക്ക് ചെയ്തു.

‘‘ഞാൻ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ട്. പപ്പയുടെ അ മ്മവീട് ഇവിടടുത്ത് ഏഴാച്ചേരിയിലാണ്. അന്നത്തെ കഥകൾ പപ്പ പറയാറുണ്ട്. കൊച്ചുപിള്ളേരെ ഒത്തിരി ഇഷ്ടമുള്ള ആളായിരുന്നു കുഞ്ഞച്ചൻ. കുട്ടികളുടെ അടുത്ത് ഒരുപാട് തമാശകളും കാണിക്കും. ഒരു ദിവസം കുഞ്ഞച്ചൻ പിള്ളേരോട് ചോദിച്ചു, നിങ്ങൾക്ക് ചീനിപ്പഴം വേണോയെന്ന്. എന്നിട്ട് കൊടുത്തത് എന്താണെന്നോ, നല്ല ചുവന്ന നിറമുള്ള കാന്താരിമുളക്. ആർത്തിയോടെ മുളക് കടിച്ച് നാക്ക് എരിഞ്ഞപ്പോൾ എല്ലാവർക്കും അച്ചൻ കൈനിറയെ മിഠായിയും ശർക്കരയുമൊക്കെ കൊടുത്തു.

കുഞ്ഞച്ചന്റെ ശരിക്കുള്ള പേരറിയാമോ? ഫാദർ അഗസ്റ്റിൻ കുഴുമ്പിൽ. അച്ചന് പൊക്കം തീരെ കുറവായിരുന്നു. അങ്ങനെയാണ് കുഞ്ഞച്ചൻ എന്ന് എല്ലാവരും വിളിച്ചത്.’’

കുഞ്ഞച്ചന്റെ വിശേഷങ്ങളിൽ മിയ  വാചാലയായപ്പോൾ രാമപുരത്തിന്റെയും പള്ളിയുടെയും ചരിത്രം വിശദമായി പറഞ്ഞത് പള്ളിവികാരി ഫാദർ ജോർജ് ഞാറക്കുന്നേൽ.

miya-christmas2

രാമപാദം പതിഞ്ഞ രാമപുരം

‘‘വനവാസകാലത്ത് ശ്രീരാമൻ ഇവിടെ താമസിച്ചതിനാലാണ് ഈ സ്ഥലത്തിന് ‘രാമപുരം’ എന്ന പേര് വന്നതെന്നാണ് ഐ തിഹ്യം. ബുദ്ധമതത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ് കൂടിയാണ് ഇവിടം. തൃശ്ശൂരിലെ പുരാവസ്തുകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീബുദ്ധന്റെ കരിങ്കൽ പ്രതിമ രാമപുരത്തുനിന്നാണ്. 1450ലാണ് രാമപുരത്തെ ആദ്യപള്ളി പണിതത്. പിന്നീട് രണ്ടു വട്ടം പൊളിച്ചു പണിതു. ഇപ്പോഴുള്ള പഴയ പള്ളിയിലാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ കബറടക്കിയിരിക്കുന്നത്. അതിനോടു ചേർന്ന് തന്നെയുള്ള വലിയ പള്ളിയുടെ പ്രായം ഇരുന്നൂറ് വർഷത്തിലധികമാണ്. ഈ രണ്ടു പള്ളികളും കുഞ്ഞച്ചൻ താമസിച്ചിരുന്ന പള്ളിമേടയും 2008ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇതിനു പിന്നിലാണ് ഇപ്പോഴത്തെ പുതിയ പള്ളി.’’

സംസാരിച്ച് നേരെ പോയത് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ പള്ളിയിലേക്ക്. കഴിഞ്ഞ പത്തു വ ർഷത്തോളമായി നടക്കുന്ന പള്ളിയുടെ പണി അവസാനഘട്ടത്തിലാണ്.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ദിവസംതോറും നൂറുകണക്കിന് വിശ്വാസികൾ ദൂരസ്ഥലങ്ങളിൽനിന്ന് പോലും കുഞ്ഞച്ചന്റെ അനുഗ്രഹം തേടിയെത്തുന്നു. നിരവധിപ്പേർക്ക് പ്രാർഥനയിലൂടെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുമുണ്ട്. 2006ലാണ് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ‘‘അതിനു കാരണമായ  അഭ്ഭുതം  എന്താണെന്നറിയാമോ.’’കഥപറച്ചിലിന്റെ ദൗത്യം വീണ്ടും മിയ ഏറ്റെടുക്കുന്നു.

‘‘ഇടുക്കി ജില്ലയിലെ അടിമാലി എന്ന സ്ഥലത്തുനിന്ന് ഗിൽസൺ എന്നൊരു ചെറുപ്പക്കാരൻ ഇവിടെ വന്ന് പ്രാർഥിച്ചു. അയാളുടെ ഒരു കാലിന് മുടന്ത് ഉണ്ടായിരുന്നു. കു‍ഞ്ഞച്ചനോടുള്ള മധ്യസ്ഥപ്രാർഥനയുടെ ഫലമായി അയാളുടെ കാലിന്റെ മുടന്ത് മാറി. ഒരു സംഘം ഡോക്ടർമാർ അയാളെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.’’

പറയാതെ പെയ്ത പൊടിമഴയെ തോൽപിക്കാൻ പള്ളിയുടെ അടുത്തേക്കോടി. പുതിയ പള്ളിയുടെ മുൻവാതിലിൽ അവസാനവട്ട മിനുക്കുപണികൾ നടത്തി മോടികൂട്ടുകയാണ് ജോലിക്കാർ.

‘‘ഏതു നാട്ടിൽ പോയാലും പള്ളികളിൽ പോകാൻ ഇഷ്ടമാണെനിക്ക്. വിദേശത്തൊക്കെ പോകുമ്പോ അവിടുത്തെ പള്ളികൾ കണ്ടാൽ കയറി പ്രാർഥിക്കും. ഒരു നവംബർ മാസത്തിൽ കാനഡയിൽ പോയി. ക്രിസ്മസിന് ഒരു മാസം ബാക്കിയുണ്ടെങ്കിലും അപ്പോഴേ അവർ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. വഴികളിലും പള്ളികളിലും വീടുകളിലുമെല്ലാം ക്രിസ്മസ് വിളക്കുകൾ. പക്ഷേ, അത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് പാലാ ജൂബിലിയാണ്.

ഞങ്ങൾ പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷം ജൂബിലിയാണ്. മാതാവിന്റെ അമലോൽഭവത്തിരുനാളാണ് ഡിസംബർ എട്ടാം തീയതി നടക്കുന്ന ജൂബിലി പെരുന്നാൾ. ആ സമയത്ത് പാലാ ടൗൺ ഒന്നു കാണണം കേട്ടോ. വഴി മുഴുവൻ വെള്ളിനിറത്തിലുള്ള തോരണം കെട്ടി, കടകളെല്ലാം അലങ്കരിച്ച് പാലായ്ക്ക് എന്തൊരു ഭംഗിയാണെന്നോ?.  ജാതി – മതഭേദമില്ലാതെ എല്ലാവരുടെയും ആഘോഷമാണ് ജൂബിലി.  അമലോ ൽഭവമാതാവിന് മാലയിട്ട് പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ സാധിക്കും എന്നാണ് വിശ്വാസം. എല്ലാ വർഷവും മാലയിടാറുണ്ട്.

പള്ളിക്കു മുന്നിലെരിയുന്ന മെഴുകുതിരികൾക്കു മുന്നിൽ വിശ്വാസികൾ നിരയായി നിന്ന് പ്രാർഥിക്കുന്നുണ്ട്. കയ്യിൽ ക രുതിയ മെഴുകുതിരി കത്തിച്ച് കണ്ണടച്ച് കൈകൾ കൂപ്പി നിശബ്ദയായി അൽപ നേരം നിന്നു.

miya-christmas3

‘‘ഞാൻ പിജിക്ക് പഠിക്കുന്ന കാലം. യൂണിവേഴ്സിറ്റി പരീക്ഷയുടെ തലേന്ന് അവാർഡ് ഷോയിൽ എന്റെ ഡാൻസ് ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് വൈകിട്ട് വീട്ടിൽ പോയി പഠിക്കാമെന്നായിരുന്നു പ്ലാൻ. വൈകുന്നേരം ആറു മണിക്ക് നടക്കേണ്ട ഡാൻസ് നടന്നത് പുലർച്ചെ മൂന്ന് മണിക്ക്. പുസ്തകം തുറന്നുനോക്കിയിട്ട് പോലുമില്ല. രാവിലെ ഞാൻ പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞിട്ട് മമ്മിയുണ്ടോ കേൾക്കുന്നു. എന്നെ ഉന്തിത്തള്ളി കോളജിൽ വിട്ടു. ‘നടി മിയ യൂണിവേഴ്സിറ്റി പരീക്ഷയിൽ തോറ്റു’ എന്ന വാർത്ത പത്രത്തിൽ വരുമ്പോൾ മമ്മി പഠിച്ചോളും  എന്ന് പറഞ്ഞിട്ടാണ് ഞാൻ കോളജിലേക്ക് പോയത്. മമ്മി പക്ഷേ, മുൻകൂറായി അൽഫോൻസാമ്മയെ സപ്പോർട്ടിന് വിളിച്ചിരുന്നു. ‘എന്റെ കൊച്ച് ഡാൻസ് ചെയ്യാൻ നിന്നതുകൊണ്ടാണ് പരീക്ഷ നന്നായിട്ട് എഴുതാൻ പറ്റാത്തത്. അത് അവളുടെ തെറ്റല്ല. അവളെ പരീക്ഷയ്ക്ക് ജയിപ്പിച്ചില്ലെങ്കിൽ അടുത്ത പെരുന്നാളിന് ഞാൻ വരത്തില്ല കേട്ടോ’ എന്നൊരു ഭീഷണിയും. റിസൽറ്റ് നോക്കിയപ്പോ ഞാനും കൂട്ടുകാരും ടീച്ചർമാരുമെല്ലാം  ഞെട്ടി. ആ ജയത്തിന്റെ ഫുൾ ക്രെഡിറ്റ് അൽഫോൻസാമ്മയ്ക്കാണ്.’’

പള്ളിയുടെ മുന്നിലെ വാദ്യപ്പുരയ്ക്കടുത്തെത്തിയതും  മിയയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു. മനസ്സ് ഒരൽപം നൊസ്റ്റാൾജയിയിലേക്ക് ഊളിയിട്ടു.

‘ഈ വാദ്യപ്പുരയിലാണ് പണ്ട് കുഞ്ഞച്ചൻ കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നതെന്ന് പപ്പ പറഞ്ഞിട്ടുണ്ട്. പഴയ പള്ളികളിലെല്ലാം  ഇതുപോലെ വാദ്യപ്പുരകളുണ്ട്. ഭരണങ്ങാനം  സ്കൂളി ൽ പഠിക്കുന്ന സമയത്ത് അവിടുത്തെ പള്ളിയുടെ വാദ്യപ്പുരയിലാണ് ഞങ്ങളുടെ മാർഗംകളി പ്രാക്ടീസ്. കലോൽസവം വരുമ്പോൾ മാർഗംകളി പഠിപ്പിച്ചിരുന്നത് രവീന്ദ്രൻ സാറാണ്.

ടീമിലുള്ള എല്ലാവരും അൽഫോൻസാമ്മയുടെ പള്ളിയിൽ ഒന്നിച്ച് പോയി പ്രാർഥിക്കണം, കൈകോർത്ത് പിടിച്ച് ജപമാല ചൊല്ലണം എന്നൊക്കെ സാർ എപ്പോഴും  പറയും. ഓരോ പ്രാവശ്യവും കലോൽസവത്തിൽ മൽസരിക്കുന്നതിനു മുൻപ് അൽഫോൻസാമ്മയുടെ പള്ളിയിൽ ഞങ്ങൾ മുട്ടുമ്മേൽ നടക്കും. അവിടുത്തെ പ്രധാന നേർച്ചയാണ് ഈ നടത്തം.‌ ഫലപ്രഖ്യാപനം നടക്കുമ്പോഴാണ് ആ പ്രാർഥനയുടെ പവർ മനസ്സിലാകുന്നത്.’’

മൂന്നരമണിയായപ്പോൾ പള്ളിവക സ്കൂളിൽ മണിയടിച്ചു. വീട്ടിലേക്കുള്ള പരക്കംപാച്ചിലിനിടയിൽ ചില വിരുതൻമാർ പള്ളിമുറ്റത്ത് നിൽക്കുന്ന പ്രിയതാരത്തെ കണ്ട് ഓടിവന്നു. ഒരുകൂട്ടം വിശേഷങ്ങൾക്കൊടുവിൽ, സെൽഫിയെടുക്കാൻ ഫോൺ ഇല്ലാത്ത നിരാശയിൽ, അവർ മടങ്ങുമ്പോൾ മിയ വീണ്ടും ഒരുനിമിഷം പള്ളിക്കു മുന്നിൽ കണ്ണുകളടച്ചു നിന്നു.

പടികളിറങ്ങി തിരികെ നടക്കവേ ആദ്യം മനസ്സിൽ തോന്നിയ ചോദ്യം വീണ്ടും ചോദിച്ചു, ‘എന്തെങ്കിലും പ്രത്യേക കാര്യത്തിനു വേണ്ടിയാണോ പ്രാർഥിച്ചത്?’

‘‘എന്റെ ഈശോയേ, എല്ലാവരെയും കാത്തോണേയെന്നാണ് സ്ഥിരം പ്രാർഥന. ഇന്നും അങ്ങനെ തന്നെ.’’

അല്ലെങ്കിലും പ്രാർഥനകൾ പറയാനുള്ളതല്ലല്ലോ. പ്രാർഥിക്കാനുളളത് മാത്രമല്ലേ...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതകഥ

കോട്ടയം ജില്ലയിൽ രാമപുരത്തെ കുഴുമ്പിൽ തറവാടിന്റെ തേവർപറമ്പിൽ ശാഖയിൽ ഇട്ടിയേപ്പ് മാണി– ഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനായി 1891 ഏപ്രിൽ ഒന്നിനാണ് റവ. അഗസ്റ്റിൻ കുഴുമ്പിൽ എന്ന തേവർപറമ്പിൽ കുഞ്ഞച്ചൻ ജനിച്ചത്. ഏറ്റവും ഇളയവനായതിനാൽ കുഞ്ഞാഗസ്തി എന്ന് എല്ലാവരും വിളിച്ചു.

ചെറുപ്പം മുതൽക്കേ ദൈവഭക്തിയിൽ അടിയുറച്ചാണ് കുഞ്ഞാഗസ്തി വളർന്നത്. രാമപുരം പള്ളിമൈതാനത്തെ സർക്കാർവക പ്രൈമറി സ്കൂളിലെ പഠനശേഷം മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ. പഠനത്തിനൊപ്പം ദൈവികകാര്യങ്ങളിലും അതീവതൽപരനായിരുന്ന കുഞ്ഞാഗസ്തി  1913 മാർച്ചിൽ ചങ്ങനാശ്ശേരിയിലുള്ള മൈനർ സെമിനാരിയിൽ ചേർന്നു.1915 ജൂലൈ 16ന് വൈദികവസ്ത്രം സ്വീകരിച്ച അദ്ദേഹം ഒൻപത് വർഷങ്ങൾക്കു ശേഷം വൈദികപ്പട്ടം സ്വീകരിച്ചു.

അഞ്ചടിയിൽ താഴെ ഉയരമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. രാമപുരം പളളിയിൽ കുറച്ചു കാലം സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്നീട് തൊട്ടടുത്തുള്ള കടനാട്ടുപള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. അക്കാലത്ത് കൃഷിയെ കീടങ്ങളിൽനിന്ന് രക്ഷിക്കാൻ കുഞ്ഞച്ചന്റെ പ്രാർഥനാസഹായം തേടി ധാരാളമാളുകൾ വന്നിരുന്നു. പിന്നീട് അസുഖം പിടിപ്പെട്ടതിനാൽ അദ്ദേഹം സ്വന്തം ഇടവകയായ രാമപുരത്തേക്ക് വിശ്രമിക്കാനായി തിരികെപ്പോന്നു.

സമൂഹത്തിൽ അവഗണന നേരിട്ടിരുന്ന ദലിതരുടെ ഉന്നമനത്തിനായി കുഞ്ഞച്ചൻ സദാസമയം പ്രവർത്തിച്ചു. ദലിതർക്ക് സർക്കാർ സ്കൂളിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കുഞ്ഞച്ചൻ രാമപുരത്തും സമീപപ്രദേശങ്ങളിലും  കളരികൾ ആരംഭിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഓരോ വീടുകളിലും  നേരിട്ട് ചെന്ന് ആളുകള്‍ക്ക് ആവശ്യമായിരുന്ന ഭക്ഷണം, വസ്ത്രം എന്നിവയ്ക്കൊപ്പം അറിവും പകർന്നു നൽകി.  അതിന്റെ പേരിൽ പലതരം എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും അറിവിന്റെ വെളിച്ചം എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടർന്നു. കാരണം  സാമൂഹിക പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

1973 ഒക്ടോബർ 16ന് അദ്ദേഹം മരണപ്പെട്ടു. 2004ൽ മാർപാപ്പ കുഞ്ഞച്ചനെ ധന്യന്‍  എന്ന് നാമകരണം ചെയ്തു. 2006 ഏപ്രിൽ 30ന് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കുഞ്ഞച്ചൻ മരണമടഞ്ഞ ഒക്ടോബർ 16  ഇപ്പോൾ അദ്ദേഹത്തിന്റെ തിരുനാൾ ദിനമായി ആചരിക്കുന്നു.

ഏഷ്യയിലെ വലിയ പള്ളി

2009 ലാണ് രാമപുരം പുതിയ പള്ളിയുടെ തറക്കല്ലിട്ടത്. 2010ൽ പണി തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് രാമപുരം പള്ളി. മൂന്ന് നിലകളിലായി 75,000 സ്ക്വയർഫീറ്റാണ് ആകെ വിസ്തീർണം. ഇങ്ങനെയൊരു പള്ളി അപൂർവമാണ്.

ഏറ്റവും താഴത്തെ നിലയിൽ മ്യൂസിയവും തീർഥാടകർക്കുള്ള വിശ്രമമുറികളുമാണ്. രണ്ടാമത്തെ നിലയിൽ പള്ളിയിലെ ഭക്തസംഘടനകളുടെയെല്ലാം ഓഫിസും മീഡിയ റൂമും വൈദികർക്ക് താമസിക്കാനുള്ള മുറികളും. പള്ളിയിലെ വിലയേറിയ പൊന്നിൻകുരിശ് സൂക്ഷിക്കുന്നതും ഇവിടെയാണ്. ഏറ്റവും മുകൾനിലയിൽ 3,500 ൽ അധികമാളുകളെ ഉൾക്കൊള്ളാവുന്ന പള്ളി. പള്ളിയുടെ മുൻഭാഗം പണിതിരിക്കുന്നത് പോർചുഗീസ് – ഗോത്തിക് ശൈലിയിലാണ്. പിൻഭാഗം ബൈസന്റൈന്‍ ശൈലിയിലും. 200 അടി നീളവും 120 വീതിയുമുള്ള പള്ളിയുടെ ഉയരം 235 അടിയാണ്.

പള്ളിയുടെ മുന്നിലെ ആനവാതില്‍ നിർമിച്ചിരിക്കുന്നത് ഒറ്റത്തടിയിലാണ്. 350 വർഷം പഴക്കമുള്ള തേക്കിലാണ് വാതിൽ പണിതത്. ജനുവരി പതിമൂന്നാം തീയതിയാണ്  പുതിയ പള്ളിയുടെ വെഞ്ചരിപ്പ്. 20 കോടിയിലധികമാണ് പള്ളിയുടെ നിർമാണചെലവ്.

miyachristmas4