Thursday 22 February 2024 10:30 AM IST : By സ്വന്തം ലേഖകൻ

ആറു മാസമായി ബാബു ജോലിക്കു പോയിരുന്നില്ല, സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അമ്മയും സഹോദരനും ജീവനൊടുക്കിയതാണെന്ന് പൊലീസ്

shaji-rasheeda-and-babu

രണ്ടു വർഷം മുൻപു മലമ്പുഴ കുമ്പാച്ചിമലയിൽ നിന്നു സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ (46), സഹോദരൻ ഷാജി (23) എന്നിവർ ജീവനൊടുക്കിയതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കടുക്കാംകുന്നത്ത് ഇവരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കാണാൻ മോർച്ചറിയിലെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്നു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി.

റഷീദയും രണ്ടു മക്കളും മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പൊലീസിനു മൊഴി നൽകി. ആറു മാസമായി ബാബു ജോലിക്കു പോയിരുന്നില്ല. സാമ്പത്തിക പ്രയാസങ്ങളും കുടുംബപ്രശ്നങ്ങളുമാണു ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് കരുതുന്നത്. 

2022 ഫെബ്രുവരിയിലാണു മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ മലയടിവാരത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം ശ്രദ്ധ നേടിയിരുന്നു. ബാബു ജീവിതത്തിലേക്കു മടങ്ങിവന്ന രണ്ടാം വാർഷികത്തിലാണു മാതാവിന്റെയും സഹോദരന്റെയും മരണം.

Tags:
  • Spotlight