Tuesday 13 February 2024 10:52 AM IST : By സ്വന്തം ലേഖകൻ

കമ്പി തട്ടിമരിച്ചുവെന്ന് കഥയുണ്ടാക്കി, പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദനം, അരുംകൊല! മനോദൗർബല്യമുള്ളയാളെ കൊലപ്പെടുത്തിയ 8 പേർക്കും ജീവപര്യന്തം

palakkad-crime

മനോദൗർബല്യമുള്ള യുവാവിനെ വൈദ്യുതി പോസ്റ്റിൽ ഉൾപ്പെടെ കെട്ടിയിട്ടു മണിക്കൂറുകളോളം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 8 പ്രതികൾക്കും ജീവപര്യന്തം തടവും 10,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 4 വർഷവും 9 മാസവും കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പെരുവെമ്പ് കിഴക്കേ തോട്ടുപാടം രാജേന്ദ്രനെ (34) കൊലപ്പെടുത്തിയ കേസിലാണ് അഡീഷനൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിച്ചത്. പരിസരവാസികളും കിഴക്കേ തോട്ടുപാടം സ്വദേശികളുമായ വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുകൻ (44), മുത്തു (74), രമണൻ (45), മുരളീധരൻ (40), രാധാകൃഷ്ണൻ (61) എന്നിവരെയാണു ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ബി.രവികുമാർ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക രാജേന്ദ്രന്റെ അമ്മയ്ക്കു നൽകാനും ഉത്തരവായി.

2010 ഫെബ്രുവരി 18നു പുലർച്ചെയായിരുന്നു ആൾക്കൂട്ട മർദനവും കൊലപാതകവും. രാജേന്ദ്രന്റെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ  മുപ്പതോളം മുറിവുകൾ ഉണ്ടായിരുന്നു. തലയ്ക്കും മാരകമായി അടിയേറ്റിരുന്നു.കെട്ടുപണിക്കാരനായിരുന്ന രാജേന്ദ്രൻ വർഷങ്ങളോളം മനോദൗർബല്യത്തിനു ചികിത്സയിലായിരുന്നു. സമീപത്തെ ചായക്കടയുടെ മുന്നിലുള്ള ഷെഡിനു തീവച്ചതു രാജേന്ദ്രനാണെന്ന് ആരോപിച്ചു പ്രതികൾ മർദിച്ചെന്നാണു കേസ്. അക്രമി സംഘത്തെ ഭയന്ന് രാജേന്ദ്രൻ വീടിന്റെ പിൻവശം വഴി മറ്റൊരു വീടിന്റെ സമീപത്തെത്തി ഒളിച്ചെങ്കിലും സംഘം എത്തി ഇവിടെ നിന്നു പിടികൂടി കൊണ്ടുപോയി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു.

പിന്നീടു സ്ഥലത്തെത്തിയ പൊലീസിന്റെ നിർദേശപ്രകാരം രാജേന്ദ്രനെ മോചിതനാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്വേഷണ ഘട്ടത്തിലുൾപ്പെടെ കേസിൽ പലവിധ ഇടപെടലുകൾ ഉണ്ടായതായും പരാതി ഉയർന്നിരുന്നു. പൊലീസിനെതിരെയും ഗുരുതര  ആരോപണം ഉയർന്നിരുന്നു. ആദ്യം 7 പേരെയാണ് പൊലീസ് പ്രതിചേർത്തത്. പിന്നീട് രാജേന്ദ്രന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെയാണ് ഒരാളെക്കൂടി പ്രതിചേർത്തത്.

അന്വേഷണത്തിൽ തുടക്കം മുതൽ വീഴ്ച

മനോദൗർബല്യമുള്ള രാജേന്ദ്രൻ വീട്ടിൽ നിന്നിറങ്ങി ഓടുന്നതിനിടെ കമ്പി തട്ടി വീണു മരിച്ചെന്നാണ് പൊലീസ് പ്രഥമ വിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണു കൊലപാതകത്തിനു കേസെടുത്തത്. ബന്ധുക്കൾ കോടതിയെ സമീപിച്ചാണ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2018ൽ വിചാരണ ആരംഭിച്ചു. വിചാരണ തീർന്ന ശേഷവും പ്രതികൾ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളി. വിചാരണ വേളയിൽ പ്രധാന സാക്ഷികളിലൊരാളായ വിജയൻ കൂറു മാറുകയും ചെയ്തു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അറിയിച്ചു.

ഇയാൾ ഉൾപ്പെടെ 3 സാക്ഷികളാണ് കേസിൽ രഹസ്യമൊഴി നൽകിയിരുന്നത്. 24 സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ട രാജേന്ദ്രന്റെ സഹോദരിയുടെ മകന്റെ മൊഴിയും നിർണായകമായി. വിചാരണ നീണ്ടത് ആശങ്ക ഉളവാക്കിയെങ്കിലും കുറ്റകൃത്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെയാണു ശിക്ഷാവിധിയെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ബി.രവികുമാർ പറഞ്ഞു.നീതിപീഠത്തിനും അഭിഭാഷകനും നന്ദിയെന്നായിരുന്നു രാജേന്ദ്രന്റെ അമ്മ രുഗ്മിണി, ഭാര്യ: ശ്യാമള മക്കളായ രാജേഷ്, രാഹുൽ, രാജേന്ദ്രന്റെ സഹോദരിമാരായ കനക, വിജയം എന്നിവരുടെ പ്രതികരണം.