പാലക്കാട് വടക്കുമുറിയില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ ആന വരുത്തിവച്ചത് വലിയ നാശനഷ്ടങ്ങള്‍. ഹൈവേയില്‍ വച്ച് ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ അക്കരമ്മേല്‍ ശേഖരന് എന്ന ആന 8 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് നിരവധി വീടുകളും കടകളും തകര്‍ത്തു. ആന വീട് ആക്രമിച്ച സമയം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെന്നും ഭൂമി കുലുക്കമാണെന്നാണ് കരുതിയത് എന്നുമാണ് വീട്ടുകാരുടെ പ്രതികരണം.
'ഷീറ്റ് പൊളിയുന്നതിന്റെ ഭയങ്കര ശബ്ദമായിരുന്നു. ഇരുട്ടായിരുന്നു. ഓട് ദേഹത്തേക്ക് വീണുകൊണ്ടിരുന്നു. വാതില്‍ തുറന്ന് നോക്കുമ്പോള്‍ എല്ലാം തകര്‍ന്ന് കിടക്കുകയായിരുന്നു. ഭൂമികുലുക്കമാണെന്നാണ് കരുതിയത്. പ്രദേശവാസികള്‍ പറഞ്ഞപ്പോഴാണ് ആന കയറിയതാണെന്ന് മനസിലായത്. ജീവന് രക്ഷപെട്ടന്നേയുള്ളു. കോര്‍പ്പറേറ്റീവ് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്താണ് വീട് നിര്‍മിച്ചത്'-ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീട്ടിലെ ഗൃഹനാഥന് പറയുന്നു. നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
റോഡിന് സമീപം നിന്നിരുന്ന ചെമ്മരിയാടിന്റെ ശബ്ദം കേട്ട് ആന ഇടയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാപ്പാന്മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും ആരോപണം ഉയരുന്നുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് ആന വിരണ്ടോടിയത്. പാലക്കാട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന അമ്പാടിലേക്കാണ് നേരെ പോയത്. മൂന്ന് മണിക്കൂറോളമാണ് ജനവാസമേഖലയില്‍ ആന തമ്പടിച്ചത്. ആടിനെ മേയ്ക്കാനെത്തി വയലിൽ വിശ്രമിക്കുകയായിരുന്ന പഴനി സ്വദേശി കന്തസ്വാമിയെ ആന ചവിട്ടി.