Monday 04 February 2019 09:48 AM IST : By സ്വന്തം ലേഖകൻ

കത്തിയമർന്നത് 1200 വർഷത്തെ ചരിത്രം! സംഭവത്തിൽ ദുരൂഹത

f2

1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ കുടുംബം അഗ്നിക്കിരയായ സംഭവം നാടിനെ നടുക്കി. പെരുമ്പുളിക്കൽ പവ്വത്തുമലയുടെ താഴെ മലയേക്കാൾ തലയെടുപ്പോടെ നിന്നിരുന്ന തറവാട് പൂർണമായും കത്തിപ്പോയി. ഈ പ്രദേശത്തെ ആദ്യത്തെ വീടാണിതെന്നു മുതിർന്ന കുടുംബാംഗം വരിക്കോലിൽ ജാനകിയമ്മ പറഞ്ഞു.

കിഴക്കോട്ട് അഭിമുഖമായി അറ, നിലവറ, പൂമുഖം, വരാന്ത, തിരിച്ചു കെട്ട്, ചാവടി, തൊഴുത്ത് എന്നിവുടെ തലയെടുപ്പായിരുന്നു തറവാടിന്. പൂർണമായും തേക്കിലും പ്ലാവിലുമാണ് വീടു നിർമിച്ചിരുന്നത്. വെട്ടുകല്ലു മിനുക്കിയാണ് സുരക്ഷിതമായ നിലവറ ഒരുക്കിയിരുന്നത്.

തറവാടിന്റെ അധീനതയിൽ ഉള്ള പെരുമ്പുളിക്കൽ ദേവർ ക്ഷേത്രം, താഴേത്തുണ്ടിൽ ദേവീക്ഷേത്രം, ദുര്യോധനൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന പൂവത്തുംമല മലനട ക്ഷേത്രം എന്നിവയുടെ ഭരണം വരിക്കോലിൽ കുടുംബത്തിനാണ്. കൂടാതെ തറവാടിനോടു ചേർന്നു യോഗീശ്വരൻന്മാരുടെയും കാവിൽ മൂർത്തിയുടെയും പ്രതിഷ്ഠയും ഉണ്ട്.

f1

ക്ഷേത്രോത്സവത്തിനു ദുര്യോധനവധം കഥകളി ഇവിടെ പതിവില്ല. ആനപ്പുറത്ത് എഴുന്നള്ളത്തും നടത്താറില്ലെന്നു പഴമക്കാർ പറഞ്ഞു. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നും ഐതീഹ്യമുണ്ട്. കുടുംബ വക ക്ഷേത്രങ്ങളിലെ തിരുവാഭരണം, കൊടികൾ, ജിവത തുടങ്ങിയവ തറവാട്ടിലെ നിലവറയ്ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതു കൊണ്ട് ഇവിടെ നിത്യവും വിളക്കു വച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഒരു വർഷം മുൻപ് എല്ലാം അവിടെ നിന്നു മാറ്റി.

9 ശാഖകളുള്ള വരിക്കോലിൽ കുടുംബത്തിനു സംസ്ഥാനത്തിനകത്തും പുറത്തുമായി 10,000 അംഗങ്ങളെങ്കിലും ഉണ്ട്. തിരുവാഭരണം തറവാട്ടിൽ സൂക്ഷിക്കുന്നതിനാൽ നിത്യേന വിളക്കു തെളിക്കുന്നതിന് ആദ്യകാലത്ത് കാരണവന്മാർ ചാവടിയിൽ താമസിച്ചിരുന്നു. അവരുടെ കാലം കഴിഞ്ഞതോടെ തറവാട് സൂക്ഷിക്കുന്നതിനും വിളക്കു വയ്ക്കുന്നതിനും ആളിനെ ഏർപ്പാടാക്കുകയായിരുന്നു. പ്രതിഫലമായി തറവാട്ടു സ്ഥലത്തു കൃഷിചെയ്യാൻ അനുവാദവും നൽകിയിരുന്നതായി ട്രസ്റ്റ് ഭാരവാഹികളായ കെ. പി. ജയപ്രകാശ്, കെ. ഗോപകുമാരൻ നായർ എന്നിവർ പറഞ്ഞു.

ആ കുടുംബത്തിലുള്ളവരാണ് പിന്നീടു തറവാട് കാത്തുസൂക്ഷിച്ചു വിളക്കു തെളിച്ചിരുന്നത്. തറവാട് കത്തിയ ദിവസം സന്ധ്യക്കും അവിടെ പൂമുഖത്ത് തിരിതെളിച്ചിരുന്നതായി വിളക്കു തെളിക്കാൻ നിയോഗിക്കപ്പെട്ട കുടുംബത്തിലെ അംഗമായ മഹേഷ് പറഞ്ഞു.

കുടുംബ വകയായ 100 ഏക്കർ വരുന്ന പവ്വത്തുമലയുടെ അടിവാരത്തിലാണ് തറവാട് നിർമ്മിച്ചിരുന്നത്. ഇതിനു പുറമേ 200 ഏക്കറോളം പാടവും ഒട്ടേറെ പുരയിടങ്ങളും ട്രസ്റ്റിന്റെ അധീനതയിൽ ഉണ്ട്. തറവാട് പുനർനിർമിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.

പന്തളം എസ്ഐയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്നു ഡോഗ് സ്ക്വാഡും വിദഗ്ധരും എത്തി തെളിവെടുത്തു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നുള്ള ട്രസ്റ്റ് അധികാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.