Tuesday 19 March 2024 02:53 PM IST : By സ്വന്തം ലേഖകൻ

തിരികെ വരുമ്പോൾ മുജീബിന്റെ പാന്റ് നനഞ്ഞ നിലയിൽ; അനു വധക്കേസിൽ നിർണായകമായത് ആ സിസിടിവി ദൃശ്യങ്ങൾ

perambra-anu

പേരാമ്പ്ര അനുവധക്കേസിൽ പ്രതിയായ മുജീബ് റഹ്മാനെ വെളിച്ചത്തു കൊണ്ടുവന്നത് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ. കൊലയ്ക്കു മുൻപും ശേഷവുമുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കച്ചിത്തുരുമ്പായി. കൊലയ്ക്കു മുൻപ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോൾ പാന്റ് മടക്കിയനിലയിലായിരുന്നു. തിരികെ പോകുന്ന ദൃശ്യത്തിൽ മുജീബിന്റെ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞനിലയിലാണ്.

അതേസമയം പ്രതി മുജീബ് റഹ്മാനെ 4 ദിവസം പൊലീസ് കസ്റ്റഡയിൽ വിട്ടു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. ചോദ്യം ചെയ്ത ശേഷം കണ്ണൂർ, കൊണ്ടോട്ടി, വാളൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നൽകിയിരുന്നു. വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (26) കൊലപ്പെടുത്തിയ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാനെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

കൂടുതൽ ചോദ്യം ചെയ്ത ശേഷം പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂരിലും കൊലപാതകം നടന്ന വാളൂരിലും തെളിവെടുപ്പിനായി കൊണ്ടുപോകും. 11ന് രാവിലെ കാണാതായ അനുവിന്റെ മൃതദേഹം 12ന് രാവിലെയാണ് കണ്ടെത്തിയത്. 16നാണ് പ്രതി പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. നിലവിൽ അറുപതോളം കേസുകളിൽ പ്രതിയാണ് മുജീബ്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

11 ന് പുലർച്ചെ കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് മുജീബ് റഹ്മാൻ വാളൂരിലെത്തിയത്. ഈ സമയത്താണ് അനു ഫോണിൽ സംസാരിച്ചു നടന്നു പോകുന്നത് കണ്ടത്. തുടർന്ന് സഹായം വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റുകയായിരുന്നു. വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്‌സിക്കു സമീപത്തെ അള്ളിയോറതാഴെ തോടിനു സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കാനെന്നു പറഞ്ഞു വണ്ടി നിർത്തി ഇറങ്ങി.

ബൈക്കിൽ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. താഴെ വീണ യുവതിയെ സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു കീഴ്പ്പെടുത്തി തോടിനു സമീപത്തെ പാലത്തിനടിയിൽ എത്തിച്ചു. ഏറെ നേരം ദേഹത്ത് ചവിട്ടി നിന്നു തല ചെളിയിൽ മുക്കി, മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങൾ കവർന്നു.

ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എ.സന്തോഷും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ബൈക്ക് നമ്പർ പരിശോധിച്ചതിൽ മട്ടന്നൂരിൽ നിന്നു മോഷണം പോയതെന്നു തിരിച്ചറിഞ്ഞു. 28 ബൈക്കുകൾ പരിശോധിച്ചാണു പ്രതിയിലേക്കു എത്തിയത്.

കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നു കീഴ്പ്പെടുത്തിയ പ്രതിയെ ഞായറാഴ്ച അർധരാത്രി പേരാമ്പ്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആഭരണങ്ങൾ വീണ്ടെടുക്കാൻ കൊണ്ടോട്ടിയിലും ബൈക്ക് സൂക്ഷിച്ച എടവണ്ണപ്പാറയിലും തെളിവെടുപ്പ് നടത്തി. വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം നടത്തുകയാണ് മുജീബ് റഹ്മാന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയാണ്.