Saturday 29 October 2022 10:05 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെയും അമ്മയുടെയും ആഗ്രഹം; പെട്ടിമുടിയുടെ കൊച്ചു ഡോക്ടറാകാന്‍ ഒരുങ്ങി ഗോപിക, ഇന്ന് എംബിബിഎസിനു ചേരും!

gopika-pettimudiii

മൂന്നാർ‍ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ജി. ഗോപിക ഇന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരും. പഠിച്ചു ഡോക്ടറാകണമെന്ന ഗോപികയുടെയും മാതാപിതാക്കളുടെയും ആഗ്രഹത്തിനു പൂർണ പിന്തുണ നൽകിയ പാലാ ബ്രില്യന്റിലെ അധ്യാപകരാണ് ഗോപികയെ ഇന്ന് പാലക്കാട് മെഡിക്കൽ കോളജിൽ അഡ്മിഷനായി കൊണ്ടുപോകുന്നതും.

"അന്ന് ദുരന്തം നടക്കുന്നതിന്റെ തൊട്ടുമുൻപ്  അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്. അതിനായുള്ള ശ്രമമാണ് ഇനി. തികഞ്ഞ ആത്മവിശ്വാസമുണ്ട്. ബ്രില്യന്റ് അധികൃതർ വലിയ പിന്തുണയാണ് നൽകിയത്. പൂർണ സൗജന്യമായിരുന്നു പഠനം. കഷ്ടപ്പാടുകൾക്കിടയിലും പ്രോത്സാഹനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. ഒന്നര വർഷം മുൻപാണ് അവസാനമായി പെട്ടിമുടിയിൽ പോയത്. അടുത്തയാഴ്ച വീണ്ടും അവിടേക്കു പോകുന്നുണ്ട്."- ഗോപികയുടെ കണ്ണുകളിൽ നീർത്തിളക്കം.

2020 ഓഗസ്റ്റ് 6നു ഉരുൾപൊട്ടലിൽ അച്ഛൻ പി. ഗണേശൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് ഗോപികയ്ക്ക് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ദുരന്തം നടക്കുമ്പോൾ ഗണേശന്റെ സഹോദരിയുടെ മകൾ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിലായിരുന്നു ഗോപികയും സഹോദരി ഡിഗ്രി വിദ്യാർഥിയായ ഹേമലതയും. മൂന്നാർ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ നിന്ന് ആദ്യമായാണ് ഒരാൾ എംബിബിഎസിനു ചേരുന്നത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഗോപിക എ പ്ലസ് നേടിയിരുന്നു. ‍സർക്കാരിന്റെ ദത്തുപുത്രി കൂടിയാണ് ഗോപിക. 

Tags:
  • Spotlight
  • Motivational Story