Tuesday 13 February 2024 09:47 AM IST : By ആർ.പി. സായ്കൃഷ്ണ

ആദ്യം സിം പോയി, ഫോൺ നന്നാക്കാൻ 6000 രൂപ വേണമെന്ന് പറഞ്ഞു; കേസ് കൊടുത്തു, സ്വയം വാദിച്ച് ജയിച്ച് അശ്വഘോഷ്

aswannn677

സോഫ്റ്റ്‌വെയർ അപ്ഡേറ്റിനു പിന്നാലെ പ്രവർത്തിക്കാതായ ഫോൺ സംബന്ധിച്ച കേസിൽ സ്വയം വാദിച്ച് നഷ്ടപരിഹാരം നേടി കൈയ്യടി നേടിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ 20 വയസ്സുകാരൻ അശ്വഘോഷ് സൈന്ധവ്. വാറന്റി കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ കേടായാൽ ഉത്തരവാദിത്തമില്ലെന്നു പറഞ്ഞു കയ്യൊഴിയുന്ന കമ്പനികൾക്ക് മുന്നറിയിപ്പാണ് ഇൗ ചെറുപ്പക്കാരൻ നേടിയെടുത്ത വിധി. 

10,000 രൂപ കൊടുത്തു വാങ്ങിയ ഫോൺ, വാറന്റി കാലാവധിക്കു ശേഷം കമ്പനി നൽകിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റിനു പിന്നാലെ പ്രവർത്തിക്കാതായതാണ് അശ്വഘോഷിനെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കാൻ പ്രേരിപ്പിച്ചത്. അറ്റകുറ്റപ്പണി ചെയ്യാൻ 6,000 രൂപ അടയ്ക്കണമെന്നു നിർദേശിച്ച കമ്പനിക്കെതിരെ അഭിഭാഷകന്റെ സഹായമില്ലാതെ വാദിച്ച് അശ്വഘോഷ് നേടിയത് 36,843 രൂപ. സംഭവങ്ങളെക്കുറിച്ച് അശ്വഘോഷ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

∙ എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?

ഈ ഫോൺ വാങ്ങിയിട്ടു ഒന്നരവർഷം കഴിഞ്ഞിരുന്നു. സാധാരണ ഫോണിൽ കമ്പനിയുടെ സോഫ്റ്റ്‍വെയർ അപ്പ്ഡേറ്റുകൾ റിലീസ് ചെയ്യുമല്ലോ. അങ്ങനെ ഫോണിൽ വന്നപ്പോൾ ഞാൻ അപ്പ്ഡേറ്റു ചെയ്തു. അതിനുശേഷം ഫോണിൽ സിമ്മിന്റെ നെറ്റ്‍വർക്ക് കാണിക്കുന്നില്ലായിരുന്നു. ആദ്യം ഒരു സിം പോയപ്പോൾ അതിന്റെ എന്തെങ്കിലും കുഴപ്പമാകുമെന്നാണു ഞാൻ കരുതിയത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ സിമ്മും പോയി. ഫോൺ റീസ്റ്റാർട്ടു ചെയ്യുമ്പോൾ കുറച്ചുസമയം നെറ്റ്‍വർക്കുണ്ടാകും. പിന്നെ കട്ടാകും. എന്തായാലും സിമ്മിന്റെയല്ല ഫോണിന്റെ പ്രശ്നം കൊണ്ടാണ് ഇതുവരുന്നതെന്ന് എനിക്കു മനസിലായി. 

സർവീസ് സെന്ററിൽ പോയപ്പോൾ ബോർഡ് പ്രവർത്തിക്കുന്നില്ലെന്നും ശരിയാക്കാൻ ആറായിരം രൂപയാകുമെന്നും പറഞ്ഞു. നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പ്രശ്നമാണ്, എന്റെ വീഴ്ചയല്ലെന്നു ഞാൻ അവരോടു പറഞ്ഞു. ഒന്നും ചെയ്യാൻ സാധിക്കില്ല, വാറന്റി സമയം കഴിഞ്ഞതാണെന്നാണ് അവർ പറഞ്ഞത്. രണ്ടു തവണ പോയിട്ടും അവരുടെ പ്രതികരണത്തിന് മാറ്റമില്ലായിരുന്നു. അങ്ങനെയാണ് ഞാൻ ഉപഭോക്തൃ കോടതിയിൽ പോയത്.

∙ ഉപഭോക്തൃ കോടതിയെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നോ?

മുമ്പു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അച്ഛനാണു പറഞ്ഞത്. വീട്ടുകാർ കേസ് ഫയൽ ചെയ്യാൻ പിന്തുണച്ചു. ഉപഭോക്തൃ കോടതിയിൽ നേരിട്ടു പോയാണ് എല്ലാം ചോദിച്ചു മനസിലാക്കിയത്. കേസിന്റെ ഒരു ഹിയറിങ്ങിനു പോലും എതിർകക്ഷികൾ ഹാജരായിരുന്നില്ല. അതുകൊണ്ട് മൂന്നു ഹിയറിങ്ങിനു ശേഷം എന്റെ സത്യവാങ്മൂലം വാങ്ങിയ ശേഷം കോടതി ഉത്തരവിറക്കുകയായിരുന്നു. 

∙ കമ്പനിയുടെ സമീപനം എങ്ങനെയായിരുന്നു, പണം കിട്ടിയോ?

2023 ജൂലായ് മാസമായിരുന്നു കോടതി ഉത്തരവ്. മുപ്പതു ദിവസത്തിനുള്ളിൽ തീർപ്പാക്കണം എന്നായിരുന്നു ഉത്തരവ്. എന്നിട്ടും കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. സെപ്റ്റംബറിൽ കോടതിയെ വീണ്ടും സമീപിച്ചു. അതോടെ അവരുടെ വക്കീൽ ഡിഡി ഹാജരാക്കുകയായിരുന്നു.

∙ പണം കിട്ടുന്നതിനെക്കാൾ ഉപരിയായി നിയമപോരാട്ടത്തിനു പിന്നിൽ ഒരു വാശിയുണ്ടായിരുന്നോ?

നമ്മൾ ചെയ്യാത്ത ഒരു തെറ്റിനു പണം കൊടുക്കണമെന്നു പറയുന്നതിനോടു യോജിപ്പില്ലായിരുന്നു. ഫോൺ ഇല്ലാത്തതു കൊണ്ട് പല ക്ലാസും മിസായി. വീട്ടിൽ നിന്നും പുതിയ ഫോൺ വാങ്ങി തന്നെങ്കിലും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു.

∙ കേസ് വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ? ഇതൊക്കെ കേട്ടപ്പോൾ കൂട്ടുകാരൊക്കെ എന്തു പറ‍ഞ്ഞു?

ജയിക്കുന്നതിന് അപ്പുറം എന്നെക്കൊണ്ടു പറ്റുന്നത് ചെയ്യണം എന്നായിരുന്നു. ഞാൻ തന്നെയാണ് കേസ് വാദിച്ചത്. എല്ലാവർക്കും അതിശയമായിരുന്നു.

∙ കിട്ടിയ പണം എങ്ങനെ ഉപയോഗിക്കാനാണു പ്ലാൻ?‌

പുതിയൊരു ഫോൺ വാങ്ങണം, കുറച്ചു പണം കരുതി വയ്ക്കണം.

∙ കുടുംബം? എന്താകാനാണ് ആഗ്രഹം?

അച്ഛന്‍ ടി.സി.രാജേഷ് മാധ്യമപ്രവർത്തകനാണ്. അമ്മ സിന്ധു തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥയാണ്. സൈബർ സെക്യൂരിറ്റി ഫീൽഡാണ് കൂടുതൽ താൽപര്യം.

നീതിക്കായി സമീപിക്കാം ഇൗ കമ്മിഷനെ

വഴുതക്കാട് എൻസിസി റോഡിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ (ഡിസ്ട്രിക്ട് കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രെസൽ കമ്മിഷൻ) നിതി നിഷേധിക്കപ്പെട്ട ഏത് ഉപഭോക്താവിനും പരാതിപ്പെടാം. അഭിഭാഷകൻ മുഖേനയോ നേരിട്ടോ കേസ് വാദിക്കാം. പരാതി നൽകേണ്ട മാതൃക കമ്മിഷനിൽ നിന്നു ലഭിക്കും. ഫീസ് ഇല്ല. പരാതിയിലെ ആരോപണങ്ങൾ സ്ഥാപിക്കാനാവശ്യമായ പരമാവധി രേഖകൾ കരുതണം. കമ്പനിയുമായി നടത്തിയ കത്തിടപാടുകളും കരുതാം. അശ്വഘോഷ് സമർപ്പിച്ച രേഖകൾ ഇവയാണ്: ഫോൺ വാങ്ങിയ ബിൽ, സർവീസ് സെന്ററിൽ നിന്നു ലഭിച്ച രസീത്, കമ്പനിയുമായി നടത്തിയ കത്തിടപാടുകൾ, സോഫ്റ്റ്‌വെയർ അപ്ഡേറ്റു ചെയ്തതിനാൽ സമാന പ്രശ്നം നേരിട്ട മറ്റ് ഉപഭോക്താക്കളുടെ സമൂഹ മാധ്യമ പോസ്റ്റുകൾ.

more news..

Tags:
  • Spotlight