Tuesday 07 May 2024 10:28 AM IST : By സ്വന്തം ലേഖകൻ

നമ്പർ പ്ലേറ്റ് ഇല്ല, നിറം മാത്രമായിരുന്നു ആശ്രയം; രൂപമാറ്റം വരുത്തി അമിതവേഗത്തിൽ വിലസി നടന്ന കാർ പിടിച്ചെടുത്തു

car-custody

രൂപമാറ്റം വരുത്തി അമിത വേഗത്തിൽ വിലസി നടന്ന കാർ മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഹെഡ്‌ലൈറ്റ്, സസ്പെൻഷൻ തുടങ്ങി കാറിന്റെ എല്ലാ ഭാഗത്തും രൂപമാറ്റം വരുത്തിയിട്ടുണ്ട്. സംഭവത്തിൽ കാർ ഉടമയായ മലപ്പുറം പൂക്കോട്ടൂർ കിഴക്കേൽ ചീനിക്കൽ വീട്ടിൽ സി.കെ. മുഹമ്മദ് റോഷൻ, കാർ ഡ്രൈവർ കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് ശ്രീമന്ദിരത്തിൽ അശ്വിൻ ബാബു എന്നിവർക്കെതിരെ മോട്ടർ വെഹിക്കിൾ വകുപ്പ് കേസെടുത്തു. 

കഴിഞ്ഞ ശനിയാഴ്ച കൊല്ലം മേവറം ഭാഗത്ത് വച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയും, ഉമയനല്ലൂർ ഭാഗത്ത് വച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ചു അപകടമുണ്ടാക്കുകയും ചെയ്തിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ വാഹനം ഏതെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

നിറം മാത്രമായിരുന്നു ആശ്രയം. ഇന്നലെ രാവിലെ മോട്ടർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ബിജോയി, മഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പത്തനാപുരം മഞ്ചള്ളൂരിൽ പരിശോധന നടത്തുമ്പോൾ അതുവഴി ഈ കാർ എത്തുകയും തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കാർ കസ്റ്റഡിയിലെടുക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാരും, ഡ്രൈവറും ഏറെ നേരം റോഡിൽ നിന്ന് ബഹളം വച്ചു. ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ട് കാർ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെയും കാർ ഡ്രൈവറും സംഘവും ബഹളം വച്ചു. കാറിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു പരിശോധിച്ച് പിഴയീടാക്കി വിട്ടയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:
  • Spotlight