Tuesday 05 January 2021 02:19 PM IST

‘അവന്റെ മരണശേഷം ആ പെട്ടി തുറന്നു നോക്കി’: ഞങ്ങളുടെ കൊച്ച് ഒപ്പമില്ലെന്ന് ഓർക്കുമ്പോൾ: ജോമോൻ അണഞ്ഞു പോയ നക്ഷത്രം

Tency Jacob

Sub Editor

pj-son

മരണം വന്നു നിഴൽ വീശിപ്പോയ ആ വീട്ടിൽ സന്തോഷത്തിന്റെ ഒരു കുഞ്ഞുമാലാഖ ജീവിച്ചിരിപ്പുണ്ടായിരുന്നു. അസുഖങ്ങളോടെയും അസാധാരണത്വത്തോടെയുമായിരുന്നു അവന്റെ ജനനം.

ഏഴു വയസ്സുവരെയാണ് അവനു ആയുസ്സ് പറഞ്ഞതെങ്കിലും, കൂടെയുണ്ടായിരുന്നവർ സ്നേഹം കൊണ്ട് ഊട്ടി വളർത്തി 34 വർഷം അവനെ ഭൂമിയിൽ പിടിച്ചു നിർത്തി. നവംബർ ഇരുപതിനാണ് ഹൃദയാഘാതം വന്നു ജോമോൻ ഈ ലോകം വിട്ടുപോയത്.

തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ തറവാട്ടിലിരുന്ന് മകന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ. അപ്പച്ചന്റെ ചാരെയുണ്ട് മകൾ യമുനയും മൂത്ത മകൻ അപുവും ഇളയ മകൻ ആന്റണിയും. അനാരോഗ്യത്തിന്റെ അവശതകളോടെയെങ്കിലും ജോക്കുട്ടന്റെ അമ്മ ഡോ. ശാന്തയും അവർക്കരികിലിരുന്നു.

വൈകി വന്ന കൺമണി

‘‘ഞങ്ങൾ മുതിർന്നതിനു ശേഷമാണ് അവൻ ജനിച്ചത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ‘കൊച്ച്’ ആയിരുന്നു.ജോക്കുട്ടൻ ‘പെങ്ങൾ’ എന്നു സ്നേഹപൂർവ്വം വിളിച്ചിരുന്ന യ മുന അനിയനെ കുറിച്ചു പറഞ്ഞുതുടങ്ങി.

‘‘സ്കൂളിൽ നിന്നു വന്നാൽ അവനെ താലോലിക്കാനും എടുത്തുകൊണ്ടു നടക്കാനും തിടുക്കം കൂട്ടും. ഞങ്ങൾക്കെല്ലാം മക്കളുണ്ടായിട്ടും അവരേക്കാൾ മീതെ അവൻ ഞങ്ങളുടെ കൊച്ചായി തന്നെ തുടർന്നു.

അവനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 43 വയസ്സുണ്ടായിരുന്നു. ജനനശേഷം ആദ്യം കണ്ടപ്പോഴേ ഡൗൺ സിൻഡ്രോമോടു കൂടിയ കുഞ്ഞാണെന്ന് അമ്മയ്ക്ക് മനസ്സിലായി. പക്ഷേ, അപ്പച്ചനോടോ ഞങ്ങളോടോ അതു പറഞ്ഞില്ല. സാധാരണ കുട്ടികളിൽ നിന്നു വ്യത്യസ്തമായി കമിഴ്ന്നു വീഴുന്നതും ഇരിക്കുന്നതുമെല്ലാം വൈകുന്നതു കണ്ട് എല്ലാവർക്കും സംശയമായി.‘അവൻ എല്ലാം വൈകിയേ ചെയ്യൂ...’ എന്ന ഒ റ്റ വാചകത്തിൽ വളരെ സൗമ്യമായാണ് അമ്മ അക്കാര്യം പറഞ്ഞത്.

പിന്നീട് ഒന്നര വയസ്സിൽ അസുഖം മൂർച്ഛിച്ചു മരണത്തോളമെത്തുന്ന സാഹചര്യത്തിലാണ് കൊച്ചിന്റെ അസുഖവിവരം അമ്മ വിശദമായി പറയുന്നത്.’’

‘‘എല്ലാം ശരിയാക്കിയെടുക്കാൻ പറ്റുമെന്നായിരുന്നു എ ന്റെ വിശ്വാസം. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് യാഥാർഥ്യം മ നസ്സിലാകുന്നത്. ഇതൊരു ജനിതകവൈകല്യമാണെന്നും ചികിത്സയില്ലെന്നും.’’ ജീവിതത്തിൽ സങ്കടം തീണ്ടിയ ദിനങ്ങളെക്കുറിച്ച് പി. ജെ. ജോസഫ്.

‘‘ആ സമയത്ത് തൊടുപുഴയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി മികച്ച സ്ഥാപനം ഉണ്ടായിരുന്നില്ല. നാട്ടിലെ എല്ലാവരും കൂടി സപ്പോർട്ട് ചെയ്തിട്ടാണ് ‘പ്രതീക്ഷാഭവൻ’ എന്ന സ്ഥാപനം വളർത്തിയെടുക്കുന്നത്. അവൻ അവിടുത്തെ വിദ്യാർഥിയായിരുന്നു. ചെറിയ ജോലികൾ ചെയ്യാൻ അവിടെ പ്രായോഗിക പരിശീലനം കൊടുക്കുന്നുണ്ട്.

ശാന്തയായിരുന്നു അവിടത്തെ ഡോക്ടർ. കഴിഞ്ഞ ഡിസംബറിൽ വയ്യാതായതിനു ശേഷമാണ് അവൻ സ്കൂളിൽ പോകാതായത്. ക്രിസ്മസ് ആയാൽ സ്കൂളിലുള്ളവർക്കെല്ലാം കേക്ക് കൊണ്ടുപോകണമെന്നു നിർബന്ധമാണ്. അവിടെ എന്തു പരിപാടിയുണ്ടായാലും പാട്ടു പാടും. സിസ്റ്റേഴ്സിനെയെല്ലാം വലിയ കാര്യമായിരുന്നു. വാർഷികത്തിന് ഞാൻ സ്കൂളിൽ ചെല്ലണമെന്നു നിർബന്ധമാണ്. അവന്റെ പേരിൽ ട്രസ്റ്റുണ്ടാക്കിയതറിഞ്ഞ് പത്രക്കാർ വന്ന് അവനെ വളഞ്ഞപ്പോൾ കാലിൻമേൽ കാലും കയറ്റിവച്ചിരുന്ന ഇരിപ്പു ഒന്നു കാണണമായിരുന്നു.

എന്തെങ്കിലും കാര്യത്തിനു ഞാൻ വഴക്കു പറഞ്ഞാൽ ‘എ നിക്കു വോട്ടു ചെയ്യില്ലെന്നു’ ഭീഷണിപ്പെടുത്തും. അവൻ വോട്ടു ചെയ്തില്ലേൽ ഞാൻ ഒരിക്കലും ജയിക്കുകയുമില്ല, സർക്കാർ വണ്ടി കിട്ടുകയുമില്ല എന്നു കട്ടായം പറയും. തൊടുപുഴയിൽ എല്ലാക്കൊല്ലവും നടത്താറുള്ള കാർഷിക മേളയ്ക്ക് അമ്മയുടെ കയ്യും പിടിച്ചു എത്തും. അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയ്ക്ക് പോകാൻ ഞാനിറങ്ങുമ്പോഴേ പറയും.‘അപ്പച്ചാ, കാട്ടു കുറിഞ്ഞി പൂവും ചൂടി പാട്ട് പാടണേ. അതവനു കാണാതെ അറിയാമായിരുന്നു.’’ പി. ജെ. ജോസഫ് എന്ന അപ്പച്ചന്റെ ഹൃദയത്തിൽ നിറയെ ഓർമകളാണ്. ഓരോ ഓർമകളും ആ മുഖത്ത് അളവില്ലാത്ത സ്നേഹം വിരിയിക്കുന്നുണ്ട്.

pj-son-1 പി.ജെ. ജോസഫ്, ഭാര്യ ഡോ. ശാന്ത

‌കനിവിന്റെ ഉറവയുണ്ടാക്കിയ ജീവിതം

ഒാർമയിൽ ചില വരികൾ തെളിഞ്ഞതു പോലെ പെട്ടെന്ന് വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ ജോസഫ് പാടിത്തുടങ്ങി.

അപു ചേട്ടൻ ഓടി വരുന്നുണ്ടേ

യമുനചേച്ചി ആടി വരുന്നുണ്ടേ

അന്തുചേട്ടൻ ചാടി വരുന്നുണ്ടേ

ഈ ജോക്കുട്ടനു മിഠായി തരാൻ...

മകനെ മാത്രം കേൾപ്പിക്കാനായി, നിറഞ്ഞ ചിരി കാണാനായി അപ്പച്ചൻ സ്വയമുണ്ടാക്കി ഈണം നൽകിയ പാട്ട്.

‘‘ഞാനൊരിക്കൽ തൊടുപുഴ ഗസ്റ്റ്ഹൗസിലിരിക്കുമ്പോ ൾ കലക്ടർ ജീവൻ ബാബു കാണാൻ വന്നു. ഇടുക്കി ജില്ലയിലെ ആയിരം പാലിയേറ്റീവ് രോഗികൾക്ക് സഹായം ചോദിച്ചു കൊണ്ടാണ് വന്നത്. അവർക്കു ജീവിതച്ചെലവിനു മാസം ആയിരം രൂപയെങ്കിലും വേണം. അങ്ങനെ ആയിരം പേർക്കു ആയിരം രൂപ വീതം മാസം ഒരു ലക്ഷം രൂപ അടുത്ത മാസം മുതൽ തന്നേക്കാമെന്നു ഞാൻ സമ്മതിച്ചു.

വീട്ടിൽ വന്നു ശാന്തയോടു കാര്യങ്ങൾ പറഞ്ഞു. ശാന്ത മനക്കണക്കിന്റെ ആളാണ്. ആയിരം ഗുണം ആയിരം ഒരു ലക്ഷമല്ല, പത്തു ലക്ഷമാണെന്നു ശാന്ത പറയുമ്പോഴാണ് ശ്രദ്ധിക്കുന്നത്. ‘വാക്കു കൊടുത്തോ?’ എന്നു ശാന്ത ചോദിച്ചു. കൊടുത്തെന്നും പറഞ്ഞു. പറഞ്ഞ വാക്കു പാലിക്കണമെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പത്തു ലക്ഷം രൂപ കൊടുക്കണം.

ഞങ്ങളുടെ നാലുമക്കൾക്കും സ്വത്തിൽ തുല്യ അവകാശമാണ്. ജോക്കുട്ടന്റെ സ്വത്ത് സേവനപ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടിലെല്ലാവർക്കും സ മ്മതം. അവന്റെ ഭാഗത്തിലുണ്ടായിരുന്ന ആ‍ഞ്ഞിലിയും തേക്കുമെല്ലാം മുറിച്ചു വിറ്റപ്പോൾ ആദ്യത്തെ മാസത്തെ തുക കൊടുക്കാനായി.

പറഞ്ഞ തുക മാസം തോറും കൊടുക്കണമെങ്കിൽ വർഷം ഒരു കോടി രൂപ വേണം. ഒരു വര്‍ഷത്തേക്കുള്ള തുകയ്ക്കായി ശാന്തയുടെ പെൻഷനും ഫിക്സഡ് ഡെപ്പോസിറ്റും ഫാമിൽ നിന്നു പാൽ വിൽക്കുന്നതിന്റെ തുക കിടന്നതെല്ലാമായി എഴുപതു ലക്ഷം മാറ്റി വച്ചു. പലയിടത്തു നിന്നു സംഭാവനയായി മുപ്പതു ലക്ഷത്തോളം കിട്ടി.

എന്റെ പെങ്ങളുടെ നിർദേശപ്രകാരമാണ് ‘ജോമോൻ ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ്’ ഉണ്ടാക്കിയത്. അതിനു വേണ്ടി അവന്റെ പേരിലുള്ള കുറച്ചു സ്ഥലം വിൽക്കാമെന്നു തീരുമാനിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പാലിയേറ്റീവ് രോഗികൾക്കും വീടില്ലാത്തവർക്കും വിദ്യാഭ്യാസ സഹായവുമെല്ലാം ഈ ട്രസ്റ്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂളിൽ ക്രിസ്മസ് പപ്പയായി വേഷം കെട്ടിയത് ജോക്കുട്ടനായിരുന്നു. അവന്റെ മരണശേഷം പെട്ടി തുറന്നു നോക്കിയപ്പോൾ, സാന്റക്ലോസിന്റെ വേഷം ഭംഗിയായി മടക്കി വച്ചിരിക്കുന്നു.

ഇക്കൊല്ലവും അതണിയാമെന്നു കരുതിയിരുന്നിരിക്കും. പ ക്ഷേ, ഈ ക്രിസ്മസിന് അവൻ ഇല്ല. സന്തോഷവും സ്നേഹവുമെന്ന സമ്മാനങ്ങളുമായി ഞങ്ങളുടെ സാന്റ ഇനി ഒരിക്കലും ഈ വീട്ടിലേക്ക് തിരികെ വരില്ലല്ലോ.’’

വിശദമായ വായന വനിത ഡിസംബർ രണ്ടാം ലക്കത്തിൽ