Wednesday 13 March 2024 11:31 AM IST : By സ്വന്തം ലേഖകൻ

ഇന്‍ഷുറന്‍സ് അടച്ചില്ല, സ്റ്റേഷനില്‍ പിടിച്ചിട്ട ഓട്ടോറിക്ഷ ഉടമയറിയാതെ ലേലം ചെയ്ത് പൊലീസ്! നഷ്ടമായത് ഏകജീവനോപാധി

wayanad-auto.jpg.image.845.440

ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് സ്റ്റേഷനില്‍ പിടിച്ചിട്ട ഓട്ടോറിക്ഷ ഉടമയറിയാതെ ലേലം ചെയ്ത് പൊലീസ്. 2018 ല്‍ വയനാട് മേപ്പാടി പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷയാണ് രണ്ട് മാസത്തിനു ശേഷം തകര്‍ന്ന നിലയിലും പിന്നീട് ലേലം ചെയ്തതായും പരാതി ഉയരുന്നത്. 

ഇൻഷുറൻസ് ഇല്ലാത്തതിനാല്‍ പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ച ഓട്ടോ ഇറക്കാന്‍ നാരായണന്‍ രണ്ട് ദിവസം കൂലിപണി ചെയ്തു. ആയിരം രൂപ പിഴയടച്ചപ്പോള്‍ ഇന്‍ഷുറന്‍സും എടുക്കണമെന്ന് പൊലീസ്. എണ്ണായിരം രൂപയുണ്ടാക്കാനുള്ള ഓട്ടമായിരുന്നു പിന്നെ.

സ്റ്റേഷന്‍ വികസനപ്രവർത്തനങ്ങൾക്കു സ്ഥലം ഒരുക്കിയ കൂട്ടത്തില്‍ പിടിച്ചെടുത്ത വണ്ടികൾ മണ്ണുമാന്തി ഉപയോഗിച്ച് ഒതുക്കിയിട്ടു. അതിനിടെ പെട്ടാണ് ഓട്ടോ തകര്‍ന്നതെന്ന് പൊലീസുകാര്‍ രഹസ്യമായി നാരായണന്റെ അടുക്കല്‍ പറഞ്ഞു. ജീവനോപാധി തച്ചുതകര്‍ത്ത പൊലീസിനെതിരെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ വഴി പരാതി നല്‍കി. ഓട്ടോറിക്ഷ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് കിട്ടിയ മറുപടിയാണ് നാരായണനെ ശരിക്കും ഞെട്ടിച്ചത്. 

അവകാശികളെത്താത്തതിനാൽ 2022 മേയിൽ പാലക്കാട്ടെ ഇരുമ്പുകമ്പനിക്ക് ഓട്ടോ ലേലം ചെയ്തു. പരാതി അറിയിക്കാന്‍ കലക്ടറേറ്റിൽ പോയപ്പോൾ ജില്ലാ പൊലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്ന് മറുപടി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ കലക്ടറേറ്റിൽ അന്വേഷിക്കെന്ന് പറഞ്ഞ് തിരിച്ചയച്ചു. നീതി കിട്ടാന്‍ ഇനിയും എത്ര നടക്കണമെന്നറിയില്ല. 

Tags:
  • Spotlight