Friday 24 May 2024 11:47 AM IST : By സ്വന്തം ലേഖകൻ

ശക്തമായ മഴയും കോടമഞ്ഞും; ആളും ആരവവുമില്ല, കൂടുതൽ മനോഹരിയായി പൊന്മുടി! ചെറു വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധം

trivandrum-ponmudi

പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കലക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര നിരോധനം ഏർപ്പെടുത്തിയ പൊന്മുടിയിൽ ശക്തമായ മഴ തുടരുന്നു. മഴ മാറി നിൽക്കുന്ന സമയത്ത് കോടമഞ്ഞ് കൂടി ഇറങ്ങുന്നതോടെ പൊന്മുടി കൂടുതൽ മനോഹരിയായി. 

നിരോധനത്തെ തുടർന്ന് സഞ്ചാരികളും വാഹനങ്ങളും ചെക്പോസ്റ്റ് കടന്ന് എത്താത്തതോടെ പൊന്മുടി ഏറെക്കുറെ ശാന്തമാണ്. കോവിഡിനു വിജനമായ അപ്പർ സാനിറ്റോറിയം മനോഹര കാഴ്ചയാണ്. ഒപ്പം സുഖ ശീതളമായ കാറ്റും പ്രകൃതിയുടെ മാസ്മരികത പതിന്മടങ്ങ് വർധിപ്പിക്കുന്നു. 

മൂന്നു ദിവസമെങ്കിലും മഴ ശക്തമായി തുടരുമെന്ന കാലാവസ്ഥാ പ്രവചനം ഉള്ളതിനാൽ പൊന്മുടി പ്രകൃതിഭംഗിയുടെ പാരമ്യത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിരോധനം നീങ്ങിയ ശേഷമുള്ള ആദ്യ ദിനം സഞ്ചാരികൾക്കായി കരുതി വച്ചിരിക്കുന്നത് ഏറ്റവും മികച്ച അനുഭൂതിയായിരിക്കുമെന്ന് കരുതാം. 

ചെറു വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധം..!

മഴ ശക്തമായതോടെ കല്ലാറിൽ നിന്നും പൊന്മുടിയിലേക്കുള്ള ഹെയർപിൻ വളവുകളിലെ ചെറു വെള്ളച്ചാട്ടങ്ങൾ ജല സമൃദ്ധമായി. ചെറു അരുവികളും തണുത്തുറഞ്ഞ ശുദ്ധ വഹിച്ച് നിറഞ്ഞൊഴുകുകയാണ്. കല്ലാർ ഗോൾഡൻ വാലി വെള്ളച്ചാട്ടവും മീൻമുട്ടി വെള്ളച്ചാട്ടവും കൂടുതൽ ജല സമൃദ്ധമായിട്ടാകും ഇനി സഞ്ചാരികളെ വരവേൽക്കുന്നത്.

Tags:
  • Spotlight