Thursday 02 May 2024 11:15 AM IST : By സ്വന്തം ലേഖകൻ

കോവിഡിനു ശേഷം ചെറുപ്പക്കാർ കുഴഞ്ഞുവീണു മരിക്കുന്നതു കൂടുന്നോ? പ്രമുഖരുടെ മരണം ഓർമിപ്പിക്കുന്നത്

young-heart-attack-22

നെഞ്ചു വല്ലാതെ വേദനിക്കുന്നു. എന്തോ ആപത്തിന്റെ സൂചനയാണോ ?’’ ഈ ഡ യലോഗ് ഡബ് ചെയ്യുമ്പോൾ ജി. മാരിമുത്തു എന്ന തമിഴ് നടൻ ഓർത്തിട്ടുണ്ടാകില്ല, അടുത്ത നിമിഷം അതു സത്യമായി ഭവിക്കുമെന്ന്. ജയിലർ സിനിമയിൽ വിനായകന്റെ വിശ്വസ്തനായി അഭിനയിച്ച അദ്ദേഹം മലയാളികളുടെയും പ്രിയനടനാണ്. വയസ്സ് (57). ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ പ്രായം (46). ബാങ്കോക്കിൽ അവധിയാഘോഷത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ കന്നഡ നടി സ്പന്ദനയ്ക്ക് പ്രായം (35). ഈ നിരയിൽ ചേർത്തു വയ്ക്കാൻ നമുക്കുമുണ്ടാകും പ്രിയപ്പെട്ടവർ. ചെറുപ്പക്കാരുടെ പോലും ജീവനെടുക്കുന്ന വില്ലനാകുകയാണോ ഹൃദയാഘാതം ? എന്തായിരിക്കാം അതിനു കാരണം ?

പ്രധാന കാരണം ജീവിതശൈലീ മാറ്റം

കോവിഡ് കാലം ജീവിതശൈലികളെ പാടേ മാറ്റി. അനാരോഗ്യകരമായ പാചക പരീക്ഷണങ്ങൾ അക്കാലത്തു വർധിച്ചിരുന്നു. അവയിൽ ഏറെയും കാലറി മൂല്യം കൂടുതലുള്ള ഭക്ഷണ വിഭവങ്ങളായിരുന്നു.

വ്യായാമം ചെയ്തിരുന്നവർക്കു പോലും അതു തുടരാ ൻ സാധിക്കാത്ത അവസ്ഥ വന്നു. ഇതെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാര്യങ്ങൾ പഴയപടിയായെങ്കിലും ലോക്ഡൗൺ കാലത്തു സംഭവിച്ച അനാരോഗ്യ ശീലങ്ങളിൽ നിന്നു മാറാൻ കഴിയാത്തവരുണ്ട്. വ്യായാമവും ചിട്ടയായ ജീവിതശൈലിയുമൊന്നും തിരികെ പിടിക്കാൻ കഴിയാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.

ഉദാഹരണത്തിനു പല ജോലികളും കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയതു തുടരുകയാണ്. യാത്ര ചെയ്തു ജോലിസ്ഥലത്തേക്കു പോയിരുന്നവർ വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയതോടെ കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായി. ശാരീരികപ്രവർത്തനം കുറവുള്ള ജീവിതരീതി എക്കാലത്തും ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുന്നതിന്റെ പ്രധാന കാരണമാണ്.

ദിവസം കുറഞ്ഞത് 30 മിനിറ്റും ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റും വ്യായാമം ചെയ്യണം. അത്ര പോലും വ്യായാമം ചെയ്യുന്നില്ലെങ്കിൽ അത് അടിവയറ്റിൽ കൊഴുപ്പടിയുന്നതിനു കാരണമാകും. അതു മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, രക്താതിമർദം എന്നിവയിലേക്കു നയിക്കും. ഹൃദയാഘാതത്തിലേക്കുള്ള വാതിലുകളാണ് ഇവയെല്ലാം.

കോവിഡ് വില്ലനാണ്

ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതിനു കോവിഡ് കാരണമാണ് എന്നു തന്നെയാണു പഠനങ്ങൾ പറയുന്നത്. കോവിഡ് മഹാമാരിക്കു ശേഷമാണു ചെറുപ്പക്കാർ ഹൃദയസ്തംഭനം വന്നു മരിക്കുന്നതു കൂടുതലായത്.

മൂന്നു വിധത്തിൽ കോവിഡ് വൈറസുകൾ ഹൃദയത്തെ ബാധിക്കുന്നു. കോവിഡ് വൈറസ് രക്തം കട്ട പിടിക്കാനുള്ള പ്രവണത കൂട്ടുന്നുണ്ട്. മരിച്ച ചെറുപ്പക്കാരായ ആളുകളിൽ ഹൃദയധമനികളിൽ ബ്ലോക്കുകളൊന്നും രൂപപ്പെട്ടിട്ടില്ലെങ്കിലും രക്തത്തിൽ ചെറിയ രക്തക്കട്ടകൾ രൂപപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതു കോവിഡ് ബാ ധ മൂലമാകാനാണു സാധ്യതയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

കോവിഡ് വൈറസ് രക്തക്കുഴലുകളിൽ നീർക്കെട്ട് ഉ ണ്ടാക്കുന്നുണ്ട്. കൊളസ്ട്രോൾ വളരെപ്പെട്ടെന്നു രക്തക്കുഴലുകളിൽ അടിഞ്ഞു കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടാ ൻ ഇത് ഇടയാക്കിയിട്ടുണ്ട്. കോവിഡ് ഹൃദയപേശികളെ ദുർബലപ്പെടുത്താം. അതു ഹൃദയത്തിന്റെ പമ്പിങ് കുറയാനിടയാക്കുന്നു. മയോ കാർഡൈറ്റിസ് എന്ന ഈ അവസ്ഥ ഹൃദയസ്തംഭനത്തിലേക്കു നയിക്കാം.

കോവിഡ് വാക്സീനാണു വില്ലൻ എന്ന ധാരണ പരക്കെയുണ്ടെങ്കിലും അതു ശരിയല്ല. വാക്സീൻ വഴി വളരെക്കുറച്ച്, ദുർബലമായ കോവിഡ് അണുക്കളേ ശരീരത്തിൽ എത്തുന്നുള്ളൂ.

കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഏറെക്കുറേ പൂർണമായി ഒഴിവാക്കാൻ വാക്സീനുകൾക്കായി എന്നു മറക്കരുത്. വാക്സീനെടുത്താലും കോവിഡ് ബാധയ്ക്ക് അനുബന്ധമായി വരുന്ന നൂറു ശതമാനം ആരോഗ്യപ്രശ്നങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ല.

1484972597

വീട്ടിലെത്തും റസ്റ്ററന്റ് ഭക്ഷണം

ഓൺലൈനായി ഭക്ഷണം വരുത്തി കഴിക്കുന്ന രീതി ഇന്നു വ്യാപകമാണ്. വീട്ടിലിരുന്ന് ഏതു റസ്റ്ററന്റിലെയും ഭക്ഷണം വരുത്തിക്കഴിക്കാനുള്ള സൗകര്യമാണ് ഫൂഡ് ഡെലിവറി കമ്പനികളുടെ വരവോടെ സാധ്യമായത്.

സൗകര്യപ്രദമാണെങ്കിലും അമിതമായ എണ്ണയും മസാലയും അടങ്ങിയ റസ്റ്ററന്റ് ഭക്ഷണം കൂടുതലായി കഴിക്കുന്ന സാഹചര്യം ഇതു വർധിപ്പിച്ചു.

മിനിറ്റുകൾക്കുള്ളിൽ രുചികരമായ ഭക്ഷണം വീട്ടുമുറ്റത്ത് എത്തും. വീട്ടിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്ന രീതിയിൽ നിന്നു തന്നെ പല ചെറുപ്പക്കാരും മാറി. വർക്ക് ഫ്രം ഹോം ജോലി പാറ്റേണും ഫൂഡ് ഡെലിവറി കമ്പനികളുടെ സാന്നിധ്യവും കൈകോർക്കുമ്പോൾ ആരോഗ്യത്തിന്റെ ഗ്രാഫ് താഴുന്നതു പലപ്പോഴും ചെറുപ്പക്കാർ അറിയുന്നില്ല. ഇതിനൊപ്പം ചിട്ടയായ വ്യായാമത്തിന്റെ അഭാവം കൂടിയാകുമ്പോൾ രോഗത്തിനു കടന്നുവരാനുള്ള വഴി എളുപ്പമുള്ളതായി മാറും.

435565456

ജോലി നൽകുന്ന സ്ട്രെസ്

എല്ലാ തൊഴിൽമേഖലയിലും ജോലിസമ്മർദം കോവിഡിനു ശേഷം വല്ലാതെ കൂടി. യുവാക്കളിലെ ഹൃദയാഘാത സാധ്യത കൂട്ടുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. കോവിഡ് കാലത്തിനു ശേഷം പ്രമുഖ കമ്പനികൾ വരെ ജോലിക്കാരെ പിരിച്ചു വിടുന്ന സാഹചര്യമുണ്ടായി. അ തോടെ ജോലിയിൽ തുടരുന്നവരുടെ സമ്മർദം പതിന്മടങ്ങു വർധിച്ചു.

രണ്ടു കൂട്ടരും ഒരുപോലെ സ്ട്രെസ് അനുഭവിക്കുന്നവരാണ്. തൊഴിൽനഷ്ടവും ജോലി അന്വേഷണവും നൽകുന്ന സമ്മർദം, ജോലിഭാരം കൊണ്ടു വലയുന്ന അവസ്ഥ. ഇ ത് രണ്ടും യുവാക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചു.

വേണ്ടത്ര പരിചയസമ്പത്തു കൈവരിക്കും മുൻപ് ത ന്നെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ വ്യാപകമായി. മാറിയ തൊഴിൽ സാഹചര്യം മനസ്സിലാക്കാതെ പെരുമാറുന്ന കുടുംബാന്തരീക്ഷം കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകും. നിരന്തരമായി സമ്മർദം അനുഭവിക്കേണ്ടി വരുന്നതു ജീവിതശൈലീരോഗങ്ങളിലേക്കും അതു വഴി ഹൃദയാഘാതത്തിലേക്കും എത്തിക്കും.

സമ്മർദം മാനേജ് ചെയ്യാൻ കഴിയാതെ ലഹരികളിലേക്ക് എത്തിപ്പെടുന്നവരും കുറവല്ല. ഹൃദയാഘാത സാധ്യത തടയാൻ നിർബന്ധമായും പുകവലി ശീലം ഉപേക്ഷിക്കണം. മദ്യവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും ഹൃദയാഘാതത്തിലേക്കു നയിക്കാം. ഇതും ഹൃദയാഘാതത്തിന്റെ പ്രായം കുറയുന്നതിനു പ്രധാന കാരണമാണ്.

വ്യായാമം അപകടമാകുമ്പോൾ

കോവിഡ് വന്നവർ കുറഞ്ഞത് ആറാഴ്ച കഴിഞ്ഞേ ആയാസകരമായ വ്യായാമങ്ങൾ ചെയ്യാവൂ എന്നു പല ആരോഗ്യ വിദഗ്ധരും പറയുന്നുണ്ടെങ്കിലും ചെറുപ്പക്കാർ പലരും അതിനു ചെവി കൊടുത്തില്ല. കോവിഡ് ശരീരത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നു അറിയാനാകുന്നില്ല എന്നതുകൊണ്ടാണു സുരക്ഷിതമാണ് എന്ന് ഏറക്കുറെ ഉറപ്പുള്ള കാലയളവു നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമായി ബാധിച്ചവർ രണ്ടു മാസമെങ്കിലും കഴിഞ്ഞേ വ്യായാമത്തിലേക്കു വരാവൂ.

സ്ഥിരമായി ജിമ്മിൽ പോയിരുന്ന ആളുകൾ കോവിഡ് ബാധിതരായാൽ അസുഖം മാറിയാൽ എത്രയും പെട്ടെന്നുവർക് ഔട്ട് തുടങ്ങണം എന്ന ചിന്തയിലായിരിക്കും. ആറാഴ്ച കഴിഞ്ഞ് വർക് ഔട്ട് തുടങ്ങുന്നവരായാലും തുടക്കത്തിൽ ലളിതമായ രീതിയിൽ നടപ്പോ ചെറിയ സ്ട്രെച്ച് വ്യായാമങ്ങളോ മാത്രമേ ചെയ്യാവൂ. ശരീരത്തിന് ആരോഗ്യം വന്നു എന്നു തോന്നിയാൽ പോലും.

ചെറുപ്പക്കാരിൽ പലരും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നതു കുഴഞ്ഞുവീണുള്ള മരണത്തിനു കാരണമായിട്ടുണ്ട് എന്നാണു വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്. വർക് ഔട്ട് ചെയ്യുമ്പോൾ കിതപ്പോ അണപ്പോ അനുഭവപ്പെടുന്നവർ ഹാർട്ട് ചെക്കപ്പ് പോലുള്ള ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷമേ വ്യായാമം തുടരാവൂ.

വ്യായാമം ചെയ്യാത്ത വ്യക്തി പെട്ടെന്ന് ആയാസകരമായ വിധത്തിൽ വ്യായാമം ചെയ്യുന്നതു പൊതുവെ ആ ശാസ്യമല്ല. മിക്കവരെയും കോവിഡ് ബാധിച്ചിട്ടുണ്ട് എന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

സാധാരണ ആരോഗ്യമുള്ള വ്യക്തിയായാൽ തന്നെ കൂടുതൽ ഭാരമുയർത്തുന്നതും മറ്റും രക്തക്കുഴലുകളുടെ ഭിത്തിയിൽ വിള്ളൽ വീഴാനും അതു കാർഡിയാക് അറസ്റ്റിനും കാരണമാകാം.

ഏതു പ്രായത്തിലായാലും ഹൃദയമിടിപ്പിൽ താളപ്പിഴകൾ (arrhythmia) അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനടി പരിശോധിച്ച് കാരണം കണ്ടെത്തേണ്ടതാണ്. അകാരണമായി ഹൃദയപേശികളുടെ കട്ടി കൂടുന്ന അസുഖമുള്ളവരിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയതാളം തെറ്റുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യാറുണ്ട്.

വ്യായാമം ശരിയായ രീതിയിൽ

വ്യായാമം ചെറിയ രീതിയിൽ തുടങ്ങുകയും സാവധാനം മാത്രം അവയുടെ ആയാസം കൂട്ടിക്കൊണ്ടു വരികയുമാണ് ആരോഗ്യകരമായ രീതി. പൂർണാരോഗ്യവാനായ ഒരാൾ പോലും ഈ വിധത്തിലാണ് വ്യായാമം തുടങ്ങേണ്ടത്. കോവിഡ് ബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു വേണം വ്യായാമം ചെയ്യാൻ.

ശരീരത്തിന്റെ പ്രവർത്തനം കൃത്യമായ താളത്തിലെത്തിക്കുകയാണ് വ്യായാമത്തിലൂടെ. ഘട്ടം ഘട്ടമായി വേ ണം ഇതു ചെയ്യാൻ. വീട്ടു ജോലികൾ എത്ര കൂടുതൽ ചെയ്താലും ഈ വിധത്തിലുള്ള ശാരീരിക പ്രവർത്തനം നടക്കുന്നില്ലാത്തതിനാൽ വ്യായാമമായി കണക്കാക്കുന്നില്ല.

വീട്ടുജോലികൾ നിങ്ങൾക്ക് ക്ഷീണമുണ്ടാക്കാമെങ്കിലും അതു വ്യായാമത്തിന്റെ ഗുണം നൽകുന്നില്ല എന്നു മ നസ്സിലാക്കി പ്രത്യേകമായിത്തന്നെ വ്യായാമം ചെയ്യുക.

പരിഹാരം എന്താണ് ?

പ്രമേഹം, രക്താതിമർദം, ഹൃദയാരോഗ്യം എന്നിവയുടെ പരിശോധനകൾ നടത്തണം എന്നു പറയുന്ന പ്രായം മുൻപ് 40 വയസ്സ് ആയിരുന്നെങ്കിൽ ഇന്ന് അത് എല്ലാ പ്രായക്കാരും ചെയ്യണം എന്ന നിലയാണുള്ളത്. എന്നാൽ പലരും ഇതിനു തയാറാകുന്നില്ല.

കുടുംബത്തിൽ ഹൃദയസ്തംഭനം മൂലം നിനച്ചിരിക്കാതെ 50 വയസ്സിനു താഴെ പ്രായമുള്ളവരുടെ മരണം നടന്നിട്ടുണ്ടെങ്കിൽ മറ്റുള്ളവർ തീർച്ചയായും ഹൃദയാരോഗ്യം ഉൾപ്പെടെയുള്ള പരിശോധനകൾ ചെയ്യണം. സ്ത്രീകളിൽ 65 ന് മുൻപും പുരുഷന്മാരിൽ 55ന് മുൻപും ഉണ്ടാകുന്ന ഹൃദയാഘാതത്തെ പ്രീ മെച്വർ ഹാർട്ട് ഡിസീസ് എന്നാണ് പറയുക. ഇത്തരം പാരമ്പര്യഘടകങ്ങൾ ഉള്ളവർ വർഷത്തിലൊരിക്കൽ ചെക്കപ് നടത്താനും ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ ചെയ്യാനും ഉപേക്ഷ കാണിക്കരുത്.

മരുന്നുകൾ കഴിക്കുകയോ, മറ്റു രോഗാവസ്ഥകൾ ഒ ന്നും ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഒരാളിൽ ഹൃദയമിടിപ്പ് 50ൽ താഴെയാകുന്നത് അനാരോഗ്യകരമാണ്.

ഹൃദയതാളത്തിലെ പിഴവും ഹൃദയത്തിന്റെ പമ്പിങ് കുറവും രണ്ടു പ്രശ്നങ്ങളാണ്. എക്കോ പരിശോധന വഴി ഹൃദയത്തിന്റെ പമ്പിങ് കുറവ് കണ്ടെത്താനാകും. ഹൃദയതാളപ്പിഴവുകളോ പമ്പിങ് കുറവോ ഉള്ളവർ നിർബന്ധമായും ഹൃദയാരോഗ്യ വിദഗ്ധരെ കാണേണ്ടതാണ്.

വഴി തുറക്കുന്ന വൈറൽ ബാധ

ചില വൈറൽ ബാധകൾ ഹൃദയാഘാതമുണ്ടാക്കാറുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കാണ് അപകട സാധ്യതയുള്ളത്. ഇത്തരം വൈറൽ ബാധകളെ ചെറുക്കാൻ ന്യൂമോ കോക്കൽ വാക്സീൻ, ഇൻഫ്ലുവെൻസ വാക്സീൻ എന്നിവ പ്രതിരോധശേഷി കുറഞ്ഞവർക്കു നിർദേശിക്കാറുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം വേണ്ട പരിശോധനകൾ നടത്തിയ ശേഷം ഈ വാക്സിനുകൾ എടുക്കാവുന്നതാണ്.

‌ചില ഇൻഫ്ലുവെൻസ വാക്സീനുകൾ കോവിഡ് ബാധ യുണ്ടാക്കുന്ന വൈറസുകളെയും പ്രതിരോധിക്കുന്ന വിധത്തിലുള്ളവയാണ്. ഇൻഫ്ലുവൻസ വർഷത്തിലൊരിക്കലും ന്യൂമോ കോക്കൽ വാക്സിൻ അ‍ഞ്ചു വർഷത്തിലൊരിക്കലുമാണ് എടുക്കേണ്ടത്.

പ്രമേഹമുള്ളവർ, പ്രായം കൂടിയവർ, പുകവലി മൂലമുള്ള സിഒപിഡി രോഗാവസ്ഥയുള്ളവർ, കോവിഡ് കൊണ്ടു ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞവർ, ഹൃദയത്തിന്റെ പമ്പിങ് വളരെ കുറവുള്ളവർ എന്നിവർക്കാണു പ്രധാനമായും വാക്സീൻ നിർദേശിക്കുന്നത്.

തയാറാക്കിയത് : രാഖി റാസ്

  </p>