Friday 01 October 2021 11:23 AM IST : By സ്വന്തം ലേഖകൻ

‘സോറി ആന്റി.. അവിടെവച്ച് ഇങ്ങനെ സംഭവിച്ചതിന് മാപ്പാക്കണം...’; പൊള്ളലേറ്റ് നീറുന്ന വേദനയിലും രാധയെ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ച് വൃന്ദ

lsduuyattavvjhj

‘സോറി ആന്റി...’ വൃന്ദയുടെ നേരിയ ശബ്ദം ഫോണിലൂടെ കാതുകളിലെത്തിയപ്പോൾ രാധയുടെ കണ്ണുകളും നിറഞ്ഞു. കഴിഞ്ഞദിവസം നടന്ന ദാരുണ രംഗങ്ങൾ രാധയുടെ മനസിൽ നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല. ഭർതൃസഹോദരൻ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദയാണ് (28)  ഇന്നലെ രാവിലെ ഫോണിൽ തയ്യൽക്ലാസ് നടത്തുന്ന രാധയോട് സംസാരിച്ചത്.  

ഈ തയ്യൽക്കടയിൽ വച്ചായിരുന്നു ഭർതൃ സഹോദരൻ സിബിൻലാൽ വൃന്ദയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതും ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ തീ കൊളുത്തിയതും.  ‘‘ഇപ്പോ ഒന്നും കഴിക്കാനൊന്നും പറ്റുന്നില്ല.  അവിടെന്നു കണ്ടതിനെക്കാളും എന്റെ കൈക്കൊക്കെ കൂടുതൽ പൊള്ളലുണ്ട്. അവിടെവച്ച് ഇതെല്ലാം സംഭവിച്ചതിന് മാപ്പാക്കണം...’- പതുക്കെ വൃന്ദ പറഞ്ഞു. 

വൃന്ദ തയ്യൽ പഠിക്കാൻ രാധയുടെ അടുക്കലെത്തിയിട്ട് 6 മാസത്തിലേറെയായി. ഭർത്താവ് സബിൻലാലുമായി ഒന്നര വർഷത്തിലേറെയായി അകന്നു കഴിയുകയായിരുന്ന വൃന്ദ സ്വയം തൊഴിൽ എന്ന നിലയിലാണ് തയ്യൽ പഠിക്കാൻ രാധയുടെ അടുക്കൽ എത്തിയത്.  വൃന്ദയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് രാധയുടെ ഇടതുകൈയ്ക്ക് പൊള്ളലേറ്റിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വൃന്ദയുടെ വീട് മന്ത്രി ജീ.ആർ അനിൽ സന്ദർശിച്ചു. ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ കഴിയാതെയാണ് രണ്ടു മക്കളേയും കൂട്ടി വൃന്ദ താമസം മാറിയതെന്നും എന്നിട്ടും പിന്നാലെയെത്തി ഭർത്താവ് സബിൻലാലും വീട്ടുകാരും ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച് പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ മന്ത്രിയെ അറിയിച്ചു.  യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈക്കു പൊള്ളലേറ്റ തയ്യൽക്കട ഉടമ രാധയുടെ വീടും മന്ത്രി സന്ദർശിച്ചു. 

സിബിൻലാലിനെ റിമാൻഡ് ചെയ്തു‍

പട്ടാപ്പകൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർതൃ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽപുത്തൻ വീട്ടിൽ മക്കുട്ടൻ എന്നു വിളിക്കുന്ന സിബിൻ ലാൽ (32 )നെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.  കാറും  കസ്റ്റഡിയിലെടുത്തു. വൃന്ദയിൽ നിന്നു മജിസ്ട്രേറ്റ് എടുത്ത മൊഴി ലഭിച്ച ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്ന് പോത്തൻകോട് എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.

Tags:
  • Spotlight