Tuesday 14 August 2018 04:39 PM IST : By സ്വന്തം ലേഖകൻ

ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളാണെന്നും ഡോക്ടർ, ഒൻപത് മാസം ഗർഭകാല പരിചരണം കഴിഞ്ഞെത്തിയപ്പോൾ ഗർഭമില്ലെന്ന് തെളിഞ്ഞു; കബളിപ്പിക്കപ്പെട്ട് ദമ്പതികൾ

preg-3

ഗർഭമുണ്ടെന്ന ഡോക്ടറുടെ ഉറപ്പിൽ കബളിപ്പിക്കപ്പെട്ട് ദമ്പതികൾ. ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളാണെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നൽകിയ ഉറപ്പിൽ ഒൻപത് മാസം ഗർഭകാല പരിചരണം നടത്തിയ കോന്നി ചിറ്റൂര്‍ മുക്ക് പുന്നമൂട്ടില്‍ മേലെമുറിയില്‍ അനീഷിന്റെ ഭാര്യ സരിതയ്ക്കാണ് ഒടുവിൽ സ്വകാര്യ ക്ലിനിക്കിലെ പരിശോധനയിൽ ഗർഭമില്ലെന്ന് തെളിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് സരിത പത്തനംതിട്ട ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. പരിശോധിച്ച ഡോക്ടര്‍ സരിത ഗര്‍ഭിണിയാണെന്നും സ്കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നും പറഞ്ഞു. ഇതിനായി രണ്ട് തവണ കൂടി സ്കാനിംഗ് നടത്തി. തുടക്കം മുതലുള്ള മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമുണ്ട്. ഗര്‍ഭിണിക്ക് സമാനമായ എല്ലാ ശാരീരിക പ്രത്യേകതകളും ഉണ്ടായിരുന്നുവെങ്കിലും ഒമ്പത് മാസം കഴിഞ്ഞിട്ടും പ്രസവ തിയതി നല്‍കിയിരുന്നില്ല. പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സരിതയെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയല്ലെന്ന യാഥാര്‍ത്ഥ്യം പുറത്തായത്.

സംഭവമറിഞ്ഞ നാട്ടുകാർ ആശുപത്രിയില്‍ പ്രതിഷേധവുമായെത്തി. പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ദമ്പതികളുടെ തീരുമാനം.