Tuesday 08 April 2025 12:07 PM IST : By സ്വന്തം ലേഖകൻ

‘മൂന്നു മണിക്കൂറോളം രക്തസ്രാവം, ബോധം നഷ്ടപ്പെട്ടു’; വയറ്റാട്ടിയുടെ സഹായം തേടി, വൈദ്യസഹായം നല്‍കിയില്ല! ദുരൂഹതയെന്ന് ബന്ധുക്കള്‍

asma-demise

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചത് കടുത്ത രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ട്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണ് മരണമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വ്യക്തമായത്. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണ് മരിച്ചത്. 

മൂന്നു മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. ഇതിനിടെ യുവതിക്കു ബോധം നഷ്ടമായി. വയറ്റാട്ടിയുടെ സഹായം തേടിയിരുന്നെന്നും അവർ കുഴപ്പമില്ലെന്നു പറഞ്ഞു മടങ്ങിയതായും സിറാജുദീൻ അസ്മയുടെ ബന്ധുക്കളോടു പറഞ്ഞിരുന്നു. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരുകയായിരുന്നു.

അസ്മയെ പെരുമാനി എടത്താക്കര ജുമാമസ്ജിദിൽ കബറടക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ആറിനാണു മൃതദേഹം അറയ്ക്കപ്പടി മോട്ടിക്കോളനിയിലെ വീട്ടിലെത്തിച്ചത്. സിറാജുദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയതിനാൽ കബറടക്കച്ചടങ്ങിൽ പങ്കെടുത്തില്ല. സിറാജുദീന്റെ ആലപ്പുഴയിലെ വീട്ടിലുള്ള അസ്മയുടെ 4 മക്കളിൽ മൂത്തയാൾ മാത്രം സംസ്കാരച്ചടങ്ങിനെത്തി.

അസ്മയുടെ മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കുമ്പോൾ വസ്ത്രം മാറ്റുകയോ നവജാതശിശുവിന്റെ ശരീരത്തിലെ രക്തക്കറ നീക്കുകയോ ചെയ്തിരുന്നില്ല. ഇതു ബന്ധുക്കളായ സ്ത്രീകൾ ചോദ്യം ചെയ്തതിനെ തുടർന്നു സിറാജുദീനും സുഹൃത്തുക്കളും അസ്മയുടെ ബന്ധുക്കളുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പരുക്കേറ്റ് ഇരുവിഭാഗങ്ങളിലുമായി 11 പേർ ആശുപത്രിയിലായി. എന്നാൽ ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പെരുമ്പാവൂർ പൊലീസ് പറഞ്ഞു.

​മരണവിവരം മറച്ചുവച്ചതിൽ ദുരൂഹതയെന്ന് ബന്ധു

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുൾപ്പെടെ അറിയിക്കാതെ ഭർത്താവ് സിറാജുദ്ദീൻ മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരൻ ടി.കെ. മുഹമ്മദ് കുഞ്ഞ്. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുൽപ്പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടർന്നാണു സംഘർഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. അസ്മയുടെ മരണത്തിലെ ദുരൂഹത പരിശോധിക്കാൻ സമഗ്ര അന്വേഷണം വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനു പരാതി നൽകിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.

‘അസ്മ മരിച്ച വിവരം 4 സഹോദരങ്ങളിൽ ഒരാളെയും അറിയിച്ചില്ല. പകരം, അസ്മയുടെ സഹോദരഭാര്യയുടെ സഹോദരനെയാണു വിളിച്ചറിയിച്ചത്. നിലമ്പൂരാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹമാണു ഞായറാഴ്ച പുലർച്ചെ 3ന് അറയ്ക്കപ്പടിയിലെ വീട്ടിൽ മരണം അറിയിച്ചത്. ഞാൻ വിവരം അറിയുന്നത് 3.45നാണ്. 7 നു മൃതദേഹം എത്തിച്ചു. മരണവിവരം മറച്ചുവയ്ക്കാനും പെട്ടെന്നു കബറടക്കാനുമാണു അറയ്ക്കപ്പടിയിലെ വീട്ടിൽ അതിരാവിലെ മൃതദേഹം എത്തിച്ചത്. ബന്ധുക്കൾ എതിർക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതാണു സംഭവം പുറംലോകം അറിയാൻ കാരണം’ – മുഹമ്മദ്കുഞ്ഞ് പറഞ്ഞു.

രണ്ടു മുൻ പ്രസവങ്ങൾ വീട്ടിലാണു നടന്നതെങ്കിലും ഇത്തവണ ശ്വാസംമുട്ട് അനുഭവപ്പെട്ട അസ്മയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവു സിറാജുദീൻ തയാറായില്ലെന്നാണു മുഹമ്മദ് കു‍ഞ്ഞിന്റെ ആരോപണം. അസ്മ ആശുപത്രിയിൽ പേകേണ്ടെന്നു പറഞ്ഞെന്നും പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വാഹനം വിളിച്ചെങ്കിലും ശ്വാസംമുട്ടു കുറഞ്ഞതിനാൽ വാഹനം തിരികെവിട്ടെന്നുമാണു സിറാജുദീൻ വിശദീകരിക്കുന്നത്. ഇതു പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണു ബന്ധുക്കളുടെ നിലപാട്.

ഭർത്താവ് കസ്റ്റഡിയിൽ

വീട്ടിലെ പ്രസവത്തെത്തുടർന്നു യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ വണ്ടാനം സ്വദേശിയായ മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മൻസിലിൽ സിറാജുദ്ദീനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്നാണു പിടികൂടിയത്. മലപ്പുറത്തെത്തിച്ച ഇയാളെ ചോദ്യം ചെയ്യുന്നു. അറസ്റ്റ് ഇന്നുണ്ടാകുമെന്നു സൂചന. 

ചട്ടിപ്പറമ്പിലെ വീട്ടിൽ വച്ചുള്ള പ്രസവത്തിനിടെ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ അസ്മ (35) കഴിഞ്ഞ ദിവസമാണു മരിച്ചത്. മൃതദേഹം രഹസ്യമായി കബറടക്കുന്നതിന് അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചപ്പോൾ ദുരൂഹത തോന്നി ബന്ധുക്കൾ ചോദ്യം ചെയ്യുകയായിരുന്നു.

മൃതദേഹം പായയിൽ കെട്ടി കൊണ്ടുവന്നതും കുട്ടിയുടെ ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതുമാണു സംശയത്തിനിടയാക്കിയത്. തുടർന്നു ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ സിറാജുദ്ദീനും ഒപ്പമെത്തിയ 5 സുഹൃത്തുക്കളും അസ്മയുടെ ബന്ധുക്കളും തമ്മിൽ കയ്യേറ്റമുണ്ടായി. 

സംഘർഷത്തിൽ സിറാജുദ്ദീൻ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. ആശുപത്രിയിലിരിക്കെ ഇന്നലെ രാവിലെയാണ് ഇയാളെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

Tags:
  • Spotlight