Wednesday 17 July 2019 02:45 PM IST : By സ്വന്തം ലേഖകൻ

ചെറു ചിരിയോടെ, നാണിച്ച് തല താഴ്ത്തി നവവധു! പ്രിയങ്കയുടെ വിവാഹ ചിത്രം വൈറൽ

priyanka-new

#SareeTwitter എന്ന ട്രെന്‍ഡിന്റെ ഹരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സ്ത്രീകൾ, വ്യത്യസ്തമായ ഇന്ത്യന്‍ സാരികള്‍ ഉടുത്തു നില്‍ക്കുന്ന ചിത്രം പങ്കു വയ്ക്കുക എന്നതാണ് #SareeTwitter ട്രെന്‍ഡ്.

ഇന്ത്യന്‍ സാരികളെയും സാരി ധരിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുകയാണ് ട്രെന്‍ഡിന്റെ ലക്ഷ്യം. പലരും ട്രെൻഡിന്റെ ഭാഗമായി തങ്ങളുടെ സാരി ലുക്ക് പങ്കുവച്ചെങ്കിലും ഇപ്പോഴിതാ, രാജ്യം മുഴുവൻ ഒരു സാരി ചിത്രം തരംഗമാകുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സാരിധരിച്ചുള്ള തന്റെ വിവാഹ ദിവസത്തെ ചിത്രം പങ്കുവച്ചാണ് താരങ്ങളിൽ താരമായത്. 22 വർഷം മുമ്പുള്ള ചിത്രമാണിത്.

പിങ്ക് ബെനാറസ് സാരിയുടുത്ത്, ചെറു ചിരിയോടെ നാണിച്ച് തല താഴ്ത്തിയിരിക്കുന്ന പ്രിയങ്കയുടെ ചിത്രം ഇതിനോടകം വൈറലാണ്.

‘വിവാഹ ദിനത്തില്‍ രാവിലെ പൂജയുടെ സമയം (22 വര്‍ഷം മുമ്പ്)’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുളളില്‍ ചിത്രം വൈറലായി.

പ്രിയങ്കയുടെ ചിത്രം വന്ന് നിമിഷങ്ങൾക്കകം ഹാപ്പി ആനിവേഴ്സറി കമന്റുകളുടെ ഒഴുക്കായിരുന്നു. എന്നാൽ ഇന്നല്ല തന്റെ വിവാഹ വാർഷികം എന്നു കുറിച്ച് പ്രിയങ്ക വീണ്ടും ട്വീറ്റ് ചെയ്തു.

തിരക്കേറിയ ജീവിതത്തില്‍ സ്ത്രീകളിലെ സാരി കമ്പം കുറഞ്ഞു വരികയാണ്. വിവാഹം, പിറന്നാള്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചടങ്ങുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ സാരി ഉപയോഗിക്കുന്നത്. ഇതിനിടെയാണ്, തങ്ങളുടെ പ്രിയപ്പെട്ട സാരി ധരിച്ച് സ്ത്രീകള്‍ ഒരു ട്രെന്‍ഡ് തന്നെ ആരംഭിച്ചിരിക്കുന്നത്.

പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരി ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.