Saturday 25 December 2021 12:00 AM IST

‘ജയിലിൽ കിടന്നാൽ ഇവമ്മാരൊക്കെ ആണുങ്ങളായിക്കോളും’: ഉറങ്ങാത്ത രാത്രികൾ: ട്രാൻസ്ഫർമേഷൻ കഥ പറഞ്ഞ് രാഗരഞ്ജിനി

Binsha Muhammed

raga-renjini

പോയ കാലങ്ങളെ തിരികെ വിളിക്കുന്ന, മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് 'ട്രാന്‍സ്‌ഫോര്‍മേഷന്‍' ചലഞ്ച് എന്നാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന ഓമനപ്പേര്. ഫാറ്റ് ബോഡിയില്‍ നിന്നും ഫിറ്റ് ബോഡിയിലേക്കുള്ള മാറ്റത്തിനേയും സുന്ദരന്‍മാരും സുന്ദരിമാരും ആയിട്ടുള്ള രൂപാന്തരം പ്രാപിക്കലിനേയുമൊക്കെ ഹാഷ്ടാഗില്‍ തൂക്കി നിര്‍ത്തി ആഘോഷിക്കുന്നു സൈബര്‍ ലോകം. കൂട്ടത്തില്‍ ട്രാന്‍സ് വുമണ്‍ വൈഗ സുബ്രഹ്മണ്യം പങ്കുവച്ച ട്രാന്‍സ്‌ഫര്‍മേഷന്‍ ചിത്രം ഏവരേയും അമ്പരപ്പിച്ചു. ആണ്‍ ദേഹത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും പെണ്ണെന്ന സ്വത്വത്തിലേക്കുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നും വൈഗയുടെ ചലഞ്ച്. ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ സംസാരിക്കുമ്പോള്‍ പോയ കാലത്തേയും പിന്നാലെയെത്തിയ മാറ്റത്തേയും കുറിച്ച് വനിത ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് രാഗരഞ്ജിനി... വനിത ഓൺലൈൻ പരമ്പര സ്വത്വം തേടുന്ന ജീവിതങ്ങൾ...

മനസിന്റെ വിളികേട്ട്...

ആരാണ് ഞാന്‍ എന്ന ചോദ്യം മനസില്‍ ഓടിക്കൊണ്ടിരുന്ന ആ പഴയ കാലത്ത് ഞാനൊരു ഹോട്ടലില്‍ ജനറല്‍ മാനേജറാണ്. കുറേ കാലം അതങ്ങനേ നീണ്ടു പോയി. ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് ഞാനെന്റെ മനസിനു പിന്നാലെ പോയി.- രാഗരഞ്ജിനി പറഞ്ഞു തുടങ്ങുകയാണ്

ഞങ്ങള്‍ ട്രാൻസ് ജെൻഡറുകളുടെ ജീവിതങ്ങളിലോ ഫ്ലാഷ് ബാക്കുകളിലോ പുതുമയുണ്ടായി എന്നു വരില്ല. പക്ഷേ ഓരോ കഥകളിലും കണ്ണീരിന്റെ ഉറവയൊളിഞ്ഞിരിപ്പുണ്ടാകും. അത് പൊട്ടുന്ന നിമിഷം നമുക്ക് ചുറ്റും ഭൂകമ്പമായിരിക്കും. കൊല്ലമാണ് എന്റെ സ്വദേശം. ആർമി ഓഫീസറായ ബാലകൃഷ്ണന്റെയും ആനന്ദവല്ലിയുടേയും മകനായി ജനനം. കൗമാര കാലത്തിനും മുന്നേ എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന പെൺമ പുറത്തേക്കു വന്നുതുടങ്ങി. കണ്ണെഴുതി പൊട്ടുതൊട്ട് പട്ടുചുറ്റി നടക്കാനായിരുന്നു എനിക്കിഷ്ടം. അതിന്റെ പേരിൽ ഒത്തിരി കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്. അന്ന് നീ പെണ്ണാണ് എന്ന് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും വിധിയെഴുതി. അപ്പോഴും ട്രാൻസ്ജെൻഡർ എന്ന ചുരുക്കെഴുത്തിൽ വിശാലമായ അർത്ഥമൊളിപ്പിച്ച വലിയ മാറ്റമാണ് തനിക്ക് സംഭവിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. എന്നെ ചുറ്റിപ്പറ്റി നിന്ന സമൂഹവും. എനിക്കു നേരെ വന്ന പരിഹാസങ്ങളേയും കുത്തുവാക്കുകളേയും കാലം പതിയെ മായ്ച്ചു തുടങ്ങി. പക്ഷേ എന്നെപ്പോലുള്ളവർ അനുഭവിക്കുന്ന ചൂഷണങ്ങളെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. എന്റെ അപ്പച്ചിയുടെ ഒരു മകൻ, അദ്ദേഹവും ട്രാൻസ് അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോയ വ്യക്തിയായിരുന്നു. ആ പാവത്തിനെ പകൽ കളിയാക്കി രാത്രി ഉപയോഗിച്ച പല മാന്യമാരേയും എനിക്കറിയാം.

എന്റെയുള്ളിൽ ഉറങ്ങിയ പെൺസ്വത്വവുമായി അങ്ങനെ എത്രയോ കാലം. പിജി പഠനത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റിനു ചേർന്ന്. കൊള്ളാവുന്ന ഒരു ഹോട്ടലില്‍ ജോലിക്കും കയറി. അതിനിടയിലാണ് ട്രാൻസ് സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. ആദ്യമൊക്കെ ട്രാന്‍സ് കൂട്ടായ്മയും ഒത്തു ചേരലും എല്ലാം രഹസ്യം. കാരണം സമൂഹം അപ്പോഴും ഞങ്ങളെ കണ്ടിരുന്നത് അവജ്ഞയോടെയായിരുന്നു. അതിന്റെ തിക്തഫലം അറിഞ്ഞത് കോഴിക്കോട് വച്ച് നടന്ന ഒരു കൂട്ടായ്മയ്ക്കു ശേഷമാണ്. ഒത്തു ചേരല്‍ കഴിഞ്ഞ് സാരിയുടുത്ത് നിരത്തിലൂടെ വന്ന ഞങ്ങള്‍ക്കു നേരെ ചിലർ കാമക്കണ്ണുകളോടെയെത്തി. ഞങ്ങളെ സെക്ഷ്വലി ഹരാസ് ചെയ്തു. ഞങ്ങള്‍ ട്രാന്‍സ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ നോക്കി. പക്ഷേ സാരിയില്‍ ഞങ്ങള്‍ സുന്ദരികളാണെന്ന് പറഞ്ഞായിരുന്നു ആ കാട്ടാളന്‍മാര്‍ പാഞ്ഞടുത്തത്. 

പൊലീസ് ഇടപെട്ടപ്പോള്‍ കുറ്റക്കാര്‍ ഞങ്ങളായി. ഞങ്ങളൊക്കെ വേഷം കെട്ടി നടക്കുന്നവരാണ് എന്നവര്‍ പൊലീസിനോട് പറഞ്ഞു. ജയിലിൽ കിടന്നാൽ ഇവമ്മാരൊക്കെ ആണുങ്ങളായിക്കോളും എന്നു പറഞ്ഞ് കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തു.

raga-1

ജയിലെന്ന നരകം

കോഴിക്കോട്ടെ ആ ജയിൽ ശരിക്കും നരകമായിരുന്നു. ബാത്ത്റൂമിൽ പോകാൻ പറ്റില്ല. രഹസ്യമായി പോകാൻ പറ്റുന്ന ശുചിമുറി പോലും ഭയപ്പാടിന്റെ കേന്ദ്രമായി. എപ്പോഴാണ് ഞങ്ങളെ അപമാനിക്കുകയെന്നോ സെക്ഷ്വലി ഹരാസ് ചെയ്യുകയെന്നോ പറയാൻ പറ്റാത്ത അവസ്ഥ. പുറത്താണെങ്കിൽ പലരും ദുഷിച്ച കണ്ണുകളോടെ ഞങ്ങളെ കണ്ടു. ഒരു സെല്ലിൽ പത്തോ പതിനഞ്ചോ പേരുണ്ടാകും. രാത്രി ഉറങ്ങാൻ സമ്മതിക്കില്ല. ദുരുദ്ദേശ്യത്തോടെ അരികിലേക്ക് വരും. അങ്ങനെ എത്ര രാത്രികൾ ഉറങ്ങാതെ എഴുന്നേറ്റിരുണ്ടെന്നോ. പകലെങ്ങാനും കിടന്നുറങ്ങിയാൽ നടുവിന് ഒറ്റച്ചവിട്ടാണ്. ഞങ്ങൾ സഹകരിക്കാത്തതിന്റെ ദേഷ്യമാണ് അവർ. ജയിലിൽ ക്യാമറ നിരീക്ഷണം ഇല്ലായിരുന്നെങ്കിൽ ഞങ്ങളിൽ പലരും ഡെഡ് ബോഡികളായി പുറത്തു വന്നേനെ.

ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ടാണ് ഞങ്ങളെ ജയലിൽ നിന്നും ഇറക്കിയത്. പക്ഷേ അതിനു ശേഷം ഒരു ഗുണമുണ്ടായി. വീട്ടില്‍ നിന്നും എന്നെ ഗെറ്റ് ഔട്ട് അടിച്ചു. പിന്നീട് കാലങ്ങളോളം ട്രാന്‍സ് സമൂഹത്തിനിടയില്‍ ജീവിതം. ഒടുവില്‍ സര്‍ജറിക്കായി കോയമ്പത്തൂരിലേക്ക്. കാലങ്ങളോളം അവിടെ താമസിച്ചു, ഒടുവില്‍ മുപ്പത്തിയാറാം വയസിൽ മനസുകൊണ്ടും ശരീരം കൊണ്ടും പെണ്ണായി കേരളത്തിലേക്ക്. തിരികെയെത്തുമ്പോള്‍ ആട്ടിയോടിച്ച ഈ മണ്ണ് എനിക്ക് ഏറെതന്നു. ആ സന്തോഷങ്ങളില്‍ ഒന്നാണ് കൊച്ചി മെട്രോയിലെ ടിക്കറ്റിങ് ഏജന്റ് ജോലി. പെണ്ണാകാൻ തീരുമാനിച്ചപ്പോൾ എന്നെ വെറുത്തിരുന്ന ചേട്ടൻ എന്നെ അംഗീകരിച്ചു എന്നത് മറ്റൊരു സന്തോഷം. പേര് പറയാൻ ആഗ്രഹിക്കുന്നില്ല, ഞാനേറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തുമായി ഞാനിന്ന് ലിവിങ് ടുഗദറിലാണ്. പിന്നെ അത്യാവശ്യം സാമൂഹ്യ പ്രവർത്തനമൊക്കെയുണ്ട്. കേരള പ്രദേശ് ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. എല്ലാം ജീവിതം നൽകിയ പുതിയ മാറ്റങ്ങൾ... സന്തോഷങ്ങൾ.

raga-2