Tuesday 05 October 2021 02:53 PM IST : By സ്വന്തം ലേഖകൻ

‘ഒളിച്ചോടിയ പെണ്ണ് ഒറ്റയ്ക്കല്ല, പുരുഷനോടൊപ്പമാണ് പോകുന്നത്’: ഒളിച്ചോട്ട വാർത്തകളിലെ വിവേചനം: കുറിപ്പ്

rahul-fb-

മാധ്യമങ്ങളും നിയമപാലകരും സ്വീകരിക്കുന്ന സ്ത്രീ പുരുഷ വിവേചനത്തിനെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് രാഹുൽ നാരായണൻ അനുപമ. മാധ്യമങ്ങളിൽ വരുന്ന കാമുകീകാമുകന്മാരുടെ ഒളിച്ചോട്ടവാർത്തകളിൽ പെണ്ണിനുമാത്രം അമിത പ്രാധാന്യം നൽകി വിവേചനം കാട്ടുന്ന രീതിയെ ചോദ്യം ചെയ്തു കൊണ്ടാണ് രാഹുലിന്റെ കുറിപ്പ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
മാധ്യമങ്ങളിൽ വരുന്ന കാമുകീകാമുകന്മാരുടെ ഒളിച്ചോട്ടവാർത്തകൾക്ക് ചില പ്രത്യേകതകളുണ്ട്.

1. ഒളിച്ചോടിയ സ്ത്രീ പുരുഷനോടൊപ്പമാണ് ഒളിച്ചോടുന്നത്. മറിച്ചല്ല.

2. ഒളിച്ചോടുന്ന സ്ത്രീ - വീട്ടമ്മ, നാലും ഏഴും വയസ്സുള്ള പിഞ്ചോമനകളുടെ അമ്മ, പന്ത്രണ്ട് വർഷമായി _____ന്റെ ഭാര്യ, Xന്റെയും Yടെയും മകൾ, അമ്മായിഅമ്മയുടെ മരുമകൾ, അമ്മായിഅച്ഛന്റെ നഴ്‌സ്... ഒളിച്ചോടിയപ്പോൾ ധരിച്ചിരുന്ന വസ്ത്രം (ആർക്കേലും അറിയാമെങ്കിൽ). വേണെങ്കിൽ പഠിച്ച കോളേജിന്റെ/ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്.

3. ഒളിച്ചോടുന്ന പുരുഷൻ - കാമുകൻ.

എന്താ പറഞ്ഞേ? 'കാമുകൻ'. കൂടുതൽ ഡീറ്റെയ്ൽസ് വേണേൽ 'യുവാവ്'.

4. ഒളിച്ചോടിയ സ്ത്രീ (സ്വന്തം?) വീട്ടിൽ നിന്ന് 'എടുത്തു' കൊണ്ടു പോയ ആഭരണങ്ങളുടെ കണക്ക്.

5. പുരുഷൻ സ്വന്തം വീട്ടിൽ നിന്ന് 'എടുത്തത്' പറയേണ്ട ആവശ്യമില്ല.

6. സ്ത്രീ - വഞ്ചകി (മകൾ/ഭാര്യ/അമ്മ).

7. കൂടെ പോയ പുരുഷൻ - ആ! ഉപേക്ഷിക്കപ്പെട്ട പുരുഷൻ - നിസ്സഹായനായ നായകൻ. കുരുന്നുകളുടെ കാര്യം പറയണ്ട.

8. സ്ത്രീ 'യുവാവി'നെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ്. യുവാവ് സ്ത്രീയെ പരിചയപ്പെട്ടത് എങ്ങനെയെന്ന് ആർക്കുമറിയില്ല.

9. From Anagha Jayan E: ഭർത്താവിന്റെയോ മറ്റോ പരാതിയിൽ കേസെടുത്ത പൊലീസ് ഒളിച്ചോടിയ സ്ത്രീകളെ കണ്ടു പിടിച്ച് ഭർത്താവിന് 'തിരിച്ചേല്പിക്കാ'റുണ്ട്. ഒളിച്ചോടിയ പുരുഷനെ കണ്ടു പിടിച്ച് 'തിരിച്ചേല്പിക്കുന്ന' പരിപാടി പൊലീസിനില്ല.