Wednesday 08 May 2024 12:41 PM IST : By സ്വന്തം ലേഖകൻ

‘വയസറിയിച്ച മുതിർന്ന പെണ്ണിനോട്‌ കൂട്ടുകൂടി ചീത്തയാവാൻ നിൽക്കേണ്ട കേട്ടോ?’: ഒറ്റപ്പെടലിന്റെ നോവ്, ബോഡി ഷെയ്മിങ്ങ്: കുറിപ്പ്

rani-n

ബോഡി ഷെയ്മിങ് എന്താണെന്ന് പോലും തിരിച്ചറിയാതിരുന്ന ഭൂതകാലത്ത് അനുഭവിക്കേണ്ടി വന്ന പരിഹാസ കൂരമ്പുകളെ കുറിച്ച് തുറന്നെഴുതുകയാണ് സാമൂഹ്യ പ്രവർത്തക റാണി നൗഷാദ്. വളരെ നേരത്തെ ഋതുമതിയാകേണ്ടി വന്ന അഞ്ചാം ക്ലാസുകാരിക്ക് സുഹൃത്തുക്കളിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് വികാരനിർഭരമായാണ് റാണി കുറിക്കുന്നത്. കാലം എത്രകണ്ട് പുരോഗമിച്ചു എന്നു പറയുമ്പോഴും പരിഹാസങ്ങള്‍ ഭയന്ന് കൂട്ടത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റുമുണ്ടെന്ന സത്യവും റാണി തന്റെ കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബോഡി ഷെയ്മിങ് ആണ് ചെയ്യുന്നത് എന്നറിയാത്ത കാലമായിരുന്നു അത്. എട്ടും ഒൻപതും വയസുള്ള കാലത്ത് തുടങ്ങിയാതായിരുന്നു. ഒറ്റക്കുട്ടി ആയതുകൊണ്ട് തന്നെ ഉടുക്കാനും ഉണ്ണാനും പഞ്ഞം ഉണ്ടായിരുന്നില്ല. ആയതിനാൽ ആവാം നാലാം ക്ലാസിൽ ഒക്കെ പഠിക്കുമ്പോൾ ക്‌ളാസിലെ വലിയ കുട്ടി ഞാൻ തന്നെയായിരുന്നു. ബാക്കി കുട്ടികളൊക്കെ കുട്ടിയായി തന്നെ ഇരിക്കുമ്പോൾ കുട്ടിത്തം മാറാത്ത കൂടെയുള്ളവരേക്കാൾ വളർച്ച കൂടിയ കുട്ടി.

കളിയാക്കലുകളും തക്കിടിമുണ്ടം താറാവ് എന്ന വിളികൾക്കിടയിലെ കൂട്ടച്ചിരികളും കുറച്ചൊന്നുമല്ല കരയിപ്പിച്ചത്. അഞ്ചാം ക്ലാസിൽ തന്നെ വയസറിയിച്ചു. അന്ന് തൊട്ട് കൂടെ ഉള്ള പല കൂട്ടുകാരികളും വഴിമാറി നടക്കാൻ തുടങ്ങി. അല്ല അവരെ വയസറിയിച്ച മുതിർന്ന പെണ്ണിനോട്‌ കൂട്ടുകൂടി ചീത്തയാവാൻ നിൽക്കണ്ട എന്ന് അമ്മമാർ ഉപദേശം നൽകാൻ തുടങ്ങി. ഒരുപക്ഷേ അങ്ങനെ പറഞ്ഞു പഠിപ്പിച്ചു വിട്ട കുട്ടികൾ എല്ലാം ചേർന്ന് പത്തും പതിനൊന്നും വയസ്സിൽ തന്നെ എനിക്കെതിരെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി ഇന്റർവെൽ സമയങ്ങളിൽ എല്ലാം പീരിയഡ്‌സ് നെക്കുറിച്ചും കല്യാണം കഴിക്കുന്നതിനെക്കുറിച്ചും എങ്ങനെ എവിടെക്കൂടെ പ്രസവിക്കും എന്നതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ കൂലംകശമായി ചർച്ചകൾ നടത്തി. അവർ മാനസികമായും ശരീരികമാരും അച്ഛനമ്മമാരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അതിവേഗം വളർന്നു.

ഞാനോ.....!!!

വേദനാജനകമായ ഓരോ പീരിയഡ്സുകളെയും അതിജീവിക്കാൻ വേണ്ടിയും,പാഡ് പരിചിതമാകാത്ത കാലത്ത് കാലിടയിലെ തുണികൾ ചോരയിൽ മുങ്ങി തുടയരികുകളിലെ തൊലി പൊളിഞ്ഞ് മാസം തുണിയിൽ ഒട്ടി ഉടുത്തിരിക്കുന്ന പാവാടയിൽ ചുവന്ന ഭൂപടങ്ങൾ തീർത്ത് മാറിലെ കുഞ്ഞ് തടിപ്പുകൾ മറ്റാരും അറിയാതിരിക്കാൻ ഷോൾഡറുകൾ ഉയർത്തി കൂനിപ്പിടിച്ചു കൊണ്ട് ആ പ്രായത്തെയും അനുസരണ ഇല്ലാത്ത ശരീരത്തെയും ശപിച്ചുകൊണ്ട് ഒളിച്ചിരിക്കാൻ മുറികൾ തേടുകയായിരുന്നു.

കാലം ഉരുണ്ടു, വർഷങ്ങൾ ഇത്രയും കഴിഞ്ഞു മാറ്റം എവിടെയാണ് എന്നു ചോദിക്കുമ്പോൾ ഇന്നും കാണാൻ കഴിയും ഒളിച്ചിരിക്കാൻ മുറികൾ തേടുന്ന തടിച്ച, കറുത്ത, വലിയ മാറിടങ്ങൾ ശാപം പോലെ കാണുന്ന, താടിയിലും ചുണ്ടിനു മുകളിലും അമിത രോമവളർച്ചയുള്ള പെൺകുട്ടികളെ സ്ത്രീകളെ ഒപ്പം ഇതെല്ലാം അനുഭവിക്കുന്ന ആൺകുട്ടികളെയും....

ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ ഉള്ള കാരണം ഈ ഇടെ സമൂഹമാധ്യമങ്ങളിൽ വായിക്കാൻ ഇടയായ പ്രാചി എന്ന പെൺകുട്ടി

നേരിട്ട ബോഡി ഷെയിമിംഗിനെ, തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയ ഒരു ഷേവിംഗ് ബ്രാന്‍റ് നെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ്.

'മുഖത്തെ രോമത്തിന്‍റെ പേരില്‍ ട്രോളുകള്‍ നേരിടുന്ന യുപി ബോർഡ് ടോപ്പറായ പ്രാചിക്ക് വേണ്ടി ബോംബെ ഷേവിംഗ് കമ്പനി ഒരു ഫുള്‍ പേജ് പരസ്യം നല്കുകയുണ്ടായി.

എന്തൊരു ഫ്രോഡ് ആണ് അവർ കാണിച്ചത്...?

ഈ സന്ദേശം അവരുടെ സ്വന്തം (tg)ടിപ്പിക്കൽ ഗെയിമറിലേക്കാണ് പോയത്,

ആ പരസ്യം ഇങ്ങനെ ആയിരുന്നു അവളെ ഭീഷണിപ്പെടുത്തിയ ആളുകൾക്കല്ല, ഹേയ്, നിങ്ങൾ അവൾക്കായി ഒരു കണ്ണുനീർ ചൊരിയുമ്പോൾ ഞങ്ങളുടെ റേസറുകൾ വാങ്ങാൻ ഓർമ്മിക്കുക.😢😢

എത്ര നിന്ദ്യവും പ്രാകൃതവുമാണ് എന്ന് മാത്രം ഖേദിക്കുന്നു 😏

ഒരു അനുഭവസ്‌ഥ