Thursday 28 October 2021 05:22 PM IST : By സ്വന്തം ലേഖകൻ

‘ദാഹത്താൽ പൊട്ടിക്കരഞ്ഞ വാപ്പച്ചി, ആ നിലവിളി എന്നെ പലപ്പോഴും കഴിവുകെട്ട മകളാക്കി മാറ്റി’: കണ്ണുനിറയ്ക്കും കുറിപ്പ്

rani-noushad-52

തിരുവവന്തപുരത്ത് കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയവും തുടർ നിയമ നടപടികളും വാർത്താക്കോളങ്ങളിലെ ചൂടുള്ള ചർച്ചയാണ്. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വന്ന അനുപമയെന്ന അമ്മയാണ് വാർത്തകളിലെയും ചർച്ചകളിലെയും കേന്ദ്രബിന്ദു. അനുപമയ്ക്കു നീതി വേണമെന്ന തരത്തിൽ ചർച്ചകൾ നിറയുമ്പോൾ മറുവശത്ത് അനുപമയുടെ അച്ഛന്റെ ഭാഗം ന്യായീകരിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. ഏതൊരു അച്ഛനും ചെയ്യുന്നതു മാത്രമേ അനുപമയുടെ അച്ഛനും ചെയ്തിട്ടുള്ളുവെന്ന് നല്ലൊരു ശതമാനം വാദിക്കുന്നു.

നിയമത്തിന്റെ വഴിയിൽ നേർക്കു നേർ നിന്നു പോരാടുന്ന അച്ഛനും മകളും കേരളമൊട്ടാകെ ചർച്ച ചെയ്യുമ്പോൾ ഒരു മകളുടെ അനുഭവ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മരിച്ചു പോയ അച്ഛന്റെ ഓർമകളില്‍ ജീവിക്കുന്ന മകളുടെ പേര് റാണി നൗഷാദ്. വറുതിയുടെ കാലത്ത് ഒപ്പമുണ്ടായിരുന്ന വാപ്പച്ചിക്ക് ഒന്നും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന നോവോർമ്മകളെ ചേർത്തു നിർത്തിയാണ് റാണിയുടെ കുറിപ്പ്. പിതാവ് ബാക്കിവച്ചു പോയ നോവുകൾ അലട്ടുന്ന കാലത്തോളം തമ്പുരാൻ തന്ന ഒരു ഭാഗ്യങ്ങളിലും സ്വയം മറക്കാൻ കഴിയില്ലെന്ന് റാണി പറയുന്നു. ആ ഓർമ്മകൾ എന്നെ വെണ്ണീറാക്കുമ്പോൾ പൊട്ടിക്കരയാൻ മാത്രമേ എനിക്ക് പലപ്പോഴും കഴിയാറുള്ളൂവെന്നും റാണി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാപ്പയോർമ്മകളിൽ നിന്ന് അവസാനം വരുന്നത് നീരു വച്ചു തൂങ്ങിയ രണ്ടു കാലുകൾ പൊട്ടിയൊലിച്ചൊഴുകുന്ന മഞ്ഞവെള്ളത്തിന്റെ മണമാണ്....

വാപ്പച്ചി എന്നെ ഈ ഭൂമിയിൽ തനിച്ചാക്കി പോയപ്പോഴും ഈ മണം മാത്രം എന്നിൽനിന്നും വിട്ടൊഴിഞ്ഞു പോകാതെ കാലങ്ങളോളം കൂടെ നിന്നു....

എന്തു കഴിച്ചാലും തീരാത്ത വിശപ്പും, തിളപ്പിൽ നിന്നുപോലും കോരിക്കുടിക്കുന്ന അടങ്ങാത്ത ദാഹവും കണ്ട് ഞാൻ പൊട്ടികരഞ്ഞിരുന്ന നാളുകൾ.....

വർഷങ്ങളായി ചെയ്തു കൊണ്ടിരുന്ന ബിസിനസ്‌ ഒക്കെ പൊട്ടിപ്പൊളിഞ്ഞ്, ആഗ്രഹമനുസരിച്ചു വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങൾ സ്വന്തമായി പണികഴിപ്പിച്ച വീട്‌ പോലും വിറ്റ് വാടകവീട്ടിലേക്കു മാറേണ്ടി വന്ന കാലം.....

വിശക്കുന്നു എന്ന് നിലവിളിക്കുന്നത് പലപ്പോഴും കുട്ടികൾ ആണെന്നിരിക്കെ എന്നെ കൊന്നൊടുക്കിയത് വാപ്പച്ചിയുടെ വിശപ്പായിരുന്നു.....

ആ നിലവിളി എന്നെ പലപ്പോഴും കഴിവു കെട്ട മകളാക്കി മാറ്റി....

ബന്ധുക്കൾ പലരും മാറിനിന്ന് ആക്ഷേപിച്ചു...

പൈസ ഉണ്ടായിരുന്നപ്പോൾ എന്തായിരുന്നു അഹങ്കാരമെന്ന് അവർ പരസ്പരം പറഞ്ഞ് ആശ്വസിച്ചു....

കല്യാണങ്ങളിലോ, മറ്റാഘോഷങ്ങളിലൊ പങ്കെടുക്കുന്ന അവസരങ്ങളിൽ അവിടേയ്‌ക്ക് ഞങ്ങൾ എത്തിയത് ബസിലാണോ, അതോ ബൈക്കിലോ എന്ന് പലരും മനപൂർവ്വം തന്നെ കുത്തി ചോദിച്ചു കൊണ്ടിരുന്നു....

ആ സമയങ്ങളിൽ ഇക്ക ആൾക്കൂട്ടങ്ങളിലേക്ക് വരാതെയായി....

ജീവിതത്തിന്റെ അതി കഠിനവും തിക്തവുമായ ആ നാലു വർഷങ്ങൾ....

നൽപ്പതു വർഷത്തെ കണ്ണീരും ചവർപ്പും ജീവിതാനുഭവങ്ങളും സമ്മാനിച്ച നാലു വർഷങ്ങൾ.....

ഇന്ന് എല്ലാ സൗഭാഗ്യങ്ങളും മുന്നിൽ നിൽക്കുമ്പോൾ, എന്തും കൊടുക്കാൻ കഴിയുന്ന കാലമായപ്പോൾ എന്റെ വാപ്പച്ചിക്കൊന്നും കൊടുക്കാൻ കഴിയാത്ത ലോകത്ത് ഒന്നും കാണാൻ കഴിയാത്ത അകലത്തിൽ മറഞ്ഞുപോയി.....

ജീവിച്ചിരുന്നപ്പോൾ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തി വലുതാക്കിയ ഈ ഒറ്റ മോൾക്ക് ഒന്നും നൽകാനായില്ലല്ലോ എന്നത് എന്നും തീരാദുഃഖമായി തുടരും.....

ആ നോവലട്ടുന്ന കാലത്തോളം എനിക്ക് തമ്പുരാൻ തന്ന ഒരു ഭാഗ്യങ്ങളിലും സ്വയം മറക്കാൻ കഴിയില്ല....

ആ ഓർമ്മകൾ എന്നെ വെണ്ണീറാക്കുമ്പോൾ പൊട്ടിക്കരയാൻ മാത്രമേ എനിക്ക് പലപ്പോഴും കഴിയാറുള്ളൂ....

സമ്പന്നത എന്നത് പലപ്പോഴും വെറും വാക്കാണ്....

അതിലും മനസ്സ് കവിയുന്ന പലതും ലോകത്തുണ്ടെന്നറിയുമ്പോൾ.....!!!

ഒന്നുമൊന്നും നേടി തരാൻ കഴിയാത്ത ദരിദ്രയായ ഒരു മകളുടെ വിലാപമാണിത്...

കയ്യിലുള്ളപ്പോൾ ഉള്ളതത്രയും അവർക്കായി കൊടുത്തുകൊൾക....

എല്ലാം ചോദിക്കാതെതന്നെ അവർക്കെടുക്കാനുള്ളതാണ്....?

അതാണ്,മാതാപിതാക്കൾ....?

ഈ ദിവസം വാപ്പയോർമ്മകൾ എന്നെ വല്ലാതെ കൊന്നൊടുക്കുന്നു....

റാണിനൗഷാദ്