അകാലത്തിൽ വിട്ടുപിരിഞ്ഞു പോയ മകന്റെ ഓർമയിൽ ജീവിക്കുമ്പോഴും മകൻ ബാക്കിവച്ച പ്രതീക്ഷകളിലാണു രവികുമാറിന്റെയും കാർത്യായനിയുടെയും ജീവിതം. ഏക മകനു കൊടുക്കാൻ ഹൃദയത്തിൽ ബാക്കിവച്ച സ്നേഹമത്രയും മകന്റെ കുഞ്ഞിനു കൊടുക്കണം. ഇതിനായി കറുകുറ്റി മാമ്പ്ര കുഞ്ഞാശേരിൽ രവികുമാറും കാർത്യായനിയും കാത്തിരിപ്പു തുടങ്ങിയിട്ടു 12 വർഷമായി. കാൻസർ ബാധിതനായി 27–ാം വയസ്സിൽ മരിക്കും മുൻപ് മകൻ രതീഷ് കുമാറിന്റെ ബീജം എടുത്തുസൂക്ഷിച്ചു വച്ചിട്ടുണ്ട്. അവകാശിയെ സൂചിപ്പിക്കാതെ സൂക്ഷിക്കാൻ നൽകിയതിനെ തുടർന്നു മകന്റെ ബീജം നേടിയെടുക്കുന്നതിനു വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഇവർ നടത്തിയത്.
ബീജത്തിന്റെ അവകാശം കിട്ടിയെങ്കിലും ഗർഭപാത്രം നൽകുന്നതിനായി ഏതെങ്കിലും പെൺകുട്ടി തയാറായാൽ മാത്രമേ ഇവരുടെ സ്വപ്നം യാഥാർഥ്യമാകു. അതിനുള്ള ഭാരിച്ച ചെലവ്, നിയമപ്രശ്നങ്ങൾ ഇങ്ങനെ കടമ്പകളേറെയുണ്ട്. പ്രായം 70 കടന്നെങ്കിലും ജീവിതത്തിൽ ഒരു നാൾ സന്തോഷത്തിന്റെ പുലരി വിരിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇവർ. പ്രതിവർഷം 10,000 രൂപ നൽകിയാണു മകന്റെ ബീജം സ്വകാര്യസ്ഥാപനത്തിൽ സൂക്ഷിക്കുന്നത്.
ചെന്നൈയിൽ സൗണ്ട് എൻജിനീയറിങ്ങിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണു രതീഷിനു കാൻസർ ആണെന്നു തിരിച്ചറിയുന്നത്. ചികിത്സ തുടങ്ങിയപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം ബീജമെടുത്തു സൂക്ഷിക്കുകയായിരുന്നു. 2011ലാണു രതീഷ് മരിച്ചത്. ഗർഭപാത്രം നൽകുന്നതിനായി പെൺകുട്ടി വന്നാൽ അവളെ മകളായി സ്വീകരിക്കുമെന്നു രവികുമാറും കാർത്യായനിയും പറയുന്നു. ഗർഭധാരണം ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ നൽകാമെന്ന് ഒരു ആശുപത്രി വാഗ്ദാനം നൽകിയിട്ടുണ്ട്.
9 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. മകന്റെ പഠനാവശ്യത്തിനും വീടു നിർമിക്കുന്നതിനും ബാങ്കിൽ നിന്നു വായ്പ എടുത്തിട്ടുണ്ട്. അങ്കമാലി ഗവ. ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു കാർത്യായനിക്കു ലഭിക്കുന്ന തുച്ഛമായ പെൻഷനാണു വരുമാനം. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രതീഷ് സംഗീതോപകരണങ്ങൾ വായിക്കാനും വിദഗ്ധനായിരുന്നു. രതീഷിന്റെ ഓർമകൾക്കൊപ്പം അവൻ പൂർത്തിയാക്കാതെ പോയ തിരക്കഥകളും നിധി പോലെ സൂക്ഷിക്കുകയാണ് ഈ മാതാപിതാക്കൾ, മകന്റെ കുഞ്ഞിനു സമ്മാനിക്കാൻ.