Monday 14 September 2020 11:17 AM IST : By സ്വന്തം ലേഖകൻ

‘എന്നെ മക്കൾ ‘അമ്മേ’ എന്ന് വിളിക്കുമ്പോൾ വെള്ളപ്പാണ്ട് എന്നൊന്നില്ല, കണ്ണിൽ മാതൃവാത്സല്യം മാത്രം’; കുറിപ്പ്

remya-mithun

നിറമൊന്നു മങ്ങിയാൽ... തടിയൊന്നു കൂടിയാൽ പരിഹാസത്തിന്റെ കൂരമ്പുകളുമായി എത്തുന്നവരാണ് ചുറ്റുമുള്ളത്. മറ്റുള്ളവരുടെ ജീവിതത്തിൽ വലിഞ്ഞുകയറി ഇത്തരം പരിഹാസ കമന്റുകൾ പടച്ചു വിടുന്നവർ സോഷ്യൽ മീഡിയയിലും ആവോളമുണ്ട്. ഇവിടെയിതാ വെള്ളപ്പാണ്ടിന്റെ പേരിൽ താൻ നേരിട്ട പരിഹാസങ്ങളും അവയോട് തനിക്കുള്ള മറുപടിയും പങ്കുവയ്ക്കുകയാണ് രമ്യ മിഥുൻ.

ഒരു കൊറോണ വൈറസ് വന്ന് സൂക്ഷിച്ചു നോക്കിയാൽ, മുഖാവരണം ഇട്ടു വീട്ടിൽ ഇരിയ്ക്കേണ്ട അവസ്ഥയെ എന്തും നേടി എന്ന് വിചാരിക്കുന്ന മനുഷ്യനുള്ളുവെന്ന് രമ്യ ഓർമ്മിപ്പിക്കുന്നു. ബാഹ്യസൗന്ദര്യത്തിനുമപ്പുറം കരുണയും ആർദ്രതയിലുമാണ് മനുഷ്യജീവൻ കുടികൊള്ളേണ്ടതെന്നും രമ്യ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ജീവിതത്തിൽ ഒരു വട്ടമെങ്കിലും നമ്മുടെ ബാഹ്യ രൂപത്തിന്റെ പേരിൽ കളിയാക്കലുകൾ അനുഭവിക്കാത്തവർ നമുക്കിടയിൽ ചുരുക്കമാണ്.... തടിവെച്ചു മെലിഞ്ഞു കറുത്തു, കോലം കെട്ടു പോയ് എന്നുതുടങ്ങി നമ്മുടെ ജീവിതത്തിന്റെ നിറം കെടുത്തുന്ന രീതിയിൽ എല്ലായ്‌പോഴും നാം മറ്റുള്ളവരാൽ വിധിക്കപെട്ടുകൊണ്ടിരിക്കുന്നു. ശരീരത്തിനപുറത്തേക്കുള്ള നമ്മുടെ വ്യക്തിത്വത്തെ ശ്രദ്ധിക്കുന്നവരും ഒരുപാടുണ്ട്..

വെള്ളപ്പാണ്ട് ( vitiligo )ഉള്ള വ്യക്തി എന്ന നിലയിൽ കുട്ടിക്കാലം മുതൽ ധാരാളം ചോദ്യങ്ങൾക്ക് നടുവിലായിരുന്നു എന്റെ ജീവിതം. ദിവസവും ഒരു അതിജീവനം ആവശ്യമായിവരും. ബസ്സിൽ തൊട്ടടുത്തിരിക്കുന്ന ചേച്ചി മുതൽ എന്റെ മുന്നിൽ വന്നിരിക്കുന്ന രോഗികൾ വരെ സഹതാപവും പരിഹാസവും എന്തിന് പ്രതിവിധികളും പറഞ്ഞു തരും.. കാലക്രമേണ ഇത് ശീലമായപ്പോൾ ഒരു "ചെറു പുഞ്ചിരിയിൽ" ഒതുക്കുന്ന പ്രതിവചനങ്ങൾ കൊടുത്താൽ മതി എന്ന മനോഭാവത്തിലായി ഞാൻ..

അടുത്തിടെ എന്റെ ഫോട്ടോകൾ കണ്ട് ഒരു സുഹൃത്ത് പറഞ്ഞ ചില അഭിപ്രായങ്ങൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു.... നിന്നെ കുറിച്ച് ഇപ്പോഴും ഉയർന്ന പ്രതീക്ഷകൾ ഉള്ളത് കൊണ്ടാണല്ലോ നീ ഫോട്ടോ എടുക്കുന്നത് എന്നും ഇങ്ങനെ ചെയ്ത് സ്വയം ചതിക്കല്ലെ എന്നും അവർ പറയുകയുണ്ടായി ഇവിടെ ഇത് പറഞ്ഞ വ്യക്തിയോടല്ല എന്റെ പരിഭവം.. തികച്ചും ആപേക്ഷികമായ ശരിതെറ്റുകൾ തലനാരിഴ കീറി വിശകലനം ചെയ്യുന്നുമില്ലാ.. അവർ മുന്നോട്ട് വെച്ച മനോഭാവവും ആശയവുമാണ് എന്നെ വേദനിപ്പിച്ചത്...

ശരീരത്തെപ്രതി എത്രമാത്രം അരക്ഷിതരാണ് നമ്മൾ.. നശിക്കുന്നതാണ് ശരീരം അത് മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത് എത്ര പേർക്ക് അംഗീകരിക്കാൻ കഴിയും? ആത്മീയ സാധനയുടെ പരമോന്നതിയിൽ അനുഭവ വേദ്യമാവുന്ന ശരീരബോധം നഷ്ടമാകുന്ന അവസ്ഥ ഈ അസുഖം കാരണം ഞാൻ അൽപ്പമെങ്കിലും അടുത്തറിഞ്ഞിട്ടുണ്ട്... നമ്മുടെ നിയന്ത്രണ വിധേയമല്ലാത്ത ഒന്ന് നമ്മളെ നിർവചിക്കുന്നത് നോക്കി നിൽക്കാനേ കഴിയു... ഒരു വ്യക്തി വളരെ ചരുങ്ങി അയാളുടെ ശരീരം മാത്രമായ് ചുരുങ്ങുന്ന അവസ്ഥ, അതിനെ തരണം ചെയുക എന്നത് ശ്രമകരമാണ്... കൂടെ ജീവിക്കുന്ന സഹജീവികൾക്കും ജീവിതം എല്ലാ അർത്ഥത്തിലും ജീവിച്ചു തീർക്കാനുള്ള അർഹതയുണ്ട് എന്ന് മറക്കാതിരിക്കാം.... ഒരു ഡോക്ടർ എന്ന നിലയിൽ പല തരത്തിലുള്ള ചർമ്മ രോഗങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന രോഗികളെ കണ്ടിട്ടുണ്ട്, അവരോട് ശരീരം മുഴുവൻ മൂടി ആരും കാണാതെ നാലു ചുമരുകൾക്കുള്ളിൽ ജീവിക്കൂ എന്നാണ് പറയാൻ കഴിയുന്നതെങ്കിൽ അത് നമ്മുടെ പരാജയം മാത്രം.. ഒരു കൊറോണ വൈറസ് വന്ന് സൂക്ഷിച്ചു നോക്കിയാൽ, മുഖാവരണം ഇട്ടു വീട്ടിൽ ഇരിയ്ക്കേണ്ട
അവസ്ഥയെ എന്തും നേടി എന്ന് വിചാരിക്കുന്ന മനുഷ്യനുള്ളു..... വർഷങ്ങളോളം സ്കൂളിലും കോളജിലും പഠിച്ചു നമ്മൾ നേടിയെടുത്ത അറിവ് അല്ലെ നമ്മെ കരുണയുള്ള മനുഷ്യരാക്കുന്നത്‌ .. ഒന്നും അറിയാത്തവർ എന്ന് കരുതി നാം എപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കൂ... അവർക്കു കരുണയും ആർദ്രതയും അനുകമ്പയും സ്വഭാവികമായി തന്നെയുണ്ട്... മുന്നിൽ കാണുന്ന എല്ലാവരോടും മത്സരിച്ചു ഭൗതിക സാഹചര്യങ്ങൾ ആർജിക്കൽ അല്ല ജീവിതം എന്ന് നമ്മുടെ മക്കൾക്കെങ്കിലും മാതൃക കാണിച്ചു കൊടുക്കാം... ഏറ്റവും നിഷ്കളങ്കരായ അവരുടെ പുഞ്ചിരിയിൽ സമൂഹത്തിന്റെ ചട്ടക്കൂ ടുകൾ ഉണ്ടാക്കിയ വിഷം കലർത്താതിരിക്കാം...എന്റെ മൂന്ന് കുഞ്ഞുങ്ങൾ എന്റെ മുഖത്തുനോക്കി " അമ്മേ " എന്ന് വിളിക്കുമ്പോൾ അവിടെ അവർക്ക് എന്റെ രൂപം ഇല്ല പകരം മാതൃത്വം പകർന്നു നൽകുന്ന വാത്സല്യം മാത്രം

ആസിഡ് അറ്റാക്ക് സർവൈവർ ലക്ഷ്മി അഗർവാൾ ഒരിക്കൽ ഇങ്ങനെ കുറിച്ചത് ഓർക്കുന്നു - തന്റെ കുഞ്ഞ് തന്റെ മുഖം കണ്ട് പേടിക്കുമോ എന്ന് തുടക്കത്തിൽ അവർ ഭയപ്പെട്ടിരുന്നു... എന്നാൽ അവൾ അമ്മയെ നോക്കി കൊഞ്ചി. അവർ അവളെ വിളിച്ചു "പീഹു" (കിളിക്കൊഞ്ചൽ )... നമ്മൾ ഏത് രൂപത്തിൽ ഉള്ളവർ ആയിക്കോട്ടെ അതിനെ പൂർണമായും സ്നേഹിക്കാൻ ശ്രമിക്കുക.... ഓരോ നിമിഷവും സ്വയം നവീകരിക്കുക.....