Thursday 06 August 2020 11:47 AM IST : By സ്വന്തം ലേഖകൻ

‘ആളുന്ന തീയുടെ നടുവിൽ നിന്ന് അച്ഛന്റെ കണ്ണുകളും വെന്തു ചുവന്നിരിക്കും; ആ കണ്ണുകളിലേക്ക് ഐസ് ക്യൂബുകൾ വച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴുകും’; കുറിപ്പ്

rethu-fb-post

ജീവിതം എപ്പോഴും നമ്മൾ കരുതുന്നപോലെ അത്ര സിമ്പിളല്ല. കാറും കോളുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആകാശം പോലെ കലുഷിതമാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അഴകുള്ള മഴവില്ല് കാണുമ്പോഴാണ് യഥാർത്ഥ ജീവിതത്തിന്റെ സുഖവും സന്തോഷവും അനുഭവിക്കാൻ കഴിയുക. രതു തുളസി എന്ന യുവതി ഫെയ്‌സ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പ് ഹൃദ്യമാണ്. 

രതു തുളസി എഴുതിയ കുറിപ്പ് വായിക്കാം;

കാറും കോളും കൊണ്ട ഒരു ആകാശത്തിനപ്പുറം അഴകുള്ള ഒരു മഴവില്ല് വിരിയുന്നതും കാത്തിരുന്നിട്ടുണ്ടോ? അങ്ങനെ ഒരു മഴവിൽ ഉണ്ടാകുമെന്ന് ചെറുപ്പത്തിലേ എനിക്ക് പഠിപ്പിച്ചുതന്നത് പപ്പാ ആണ്‌. എത്ര ശ്രമിച്ചിട്ടും ഒരിക്കൽ പോലും കാണാൻ സാധിച്ചില്ല അങ്ങനെയൊന്ന്. പിന്നീട് പലപ്പോഴും ഒരു കപ്പിൽ വെള്ളമെടുത്ത് സൂര്യപ്രകാശം അടിക്കുന്ന ഇടത്തേക്ക് ചിതറിത്തെറിപ്പിച്ചു വെള്ളത്തുള്ളികളിൽ മഴവില്ല് ഉണ്ടാകുന്നത് കാണിച്ചുതന്നു.

"നോക്കൂ മോനേ, മഴവില്ല്"

ഞാൻ എങ്ങും കണ്ടില്ല!

പ്രേമവിവാഹം അത്ര സാധാരണമല്ലാത്ത ഒരു കാലത്ത്, എംഎയ്ക്കു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പിതാശ്രീ അങ്ങനെ ഒരു സാഹസം ചെയ്തത്. അക്കാലത്ത് ഒരു പ്രേമവിവാഹത്തിന് ഉണ്ടാകാവുന്ന എല്ലാ കോംപ്ലിക്കേഷനുകളും അവരുടെ ജീവിതത്തിലും ഉണ്ടായി. പ്രത്യേകിച്ച് ആരും സഹായിക്കാനില്ലാതെ പോകാൻ ഒരു ഇടമില്ലാതെ സീറോ ബാലൻസിൽ ഒരു ജീവിതം... പ്രേമത്തിന് അത്ര മധുരം ഇല്ലെന്ന് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലായി!

കല്യാണം കഴിക്കുന്ന സമയത്ത് പപ്പ ഒരു പാരലൽ കോളജ് അധ്യാപകനായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അത് പോരാതെ വന്നപ്പോൾ അധ്യാപക വേഷം അഴിച്ചുവച്ച് ജീവിക്കാൻ വേണ്ടി കുറേ വേഷങ്ങൾ അണിഞ്ഞു. മുപ്പത്തിയഞ്ച് വർഷത്തെ ജീവിതത്തിൽ നിന്ന് വഴിത്തിരിവുകൾ ആയ ഒരേട് മാത്രം ഞാൻ എഴുതുന്നു. ഒരു ചായക്കടക്കാരന്റെ കഥ!

സൈക്കിളിൽ വച്ചുകെട്ടിയ രണ്ടു ചായ ഫ്ലാസ്കുകളും ഒരു ടിൻ ഉണ്ണിയപ്പവും കൊണ്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച് ഓരോ കടകളിലും കയറിയിറങ്ങി വിറ്റ് പപ്പ ഒരു ചായ കച്ചവടക്കാരനായി. ഉച്ചയ്ക്ക് ആരംഭിക്കുന്ന കച്ചവടം തീർന്നു വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ ആയിട്ടുണ്ടാവും.

സൈക്കിൾ ചവിട്ടി മടുത്തു തുടങ്ങിയിട്ടാണോ അതോ കുറച്ചുകൂടി നല്ലൊരു വരുമാന മാർഗ്ഗമായിട്ടോ ടാർപ്പാഷീറ്റ് മറച്ച ഒരു ചെറിയ ചായക്കടയായി കച്ചവടം പുരോഗമിച്ചു. ചില പ്രത്യേക സാഹചര്യങ്ങളാൽ കുറച്ചുനാളുകൾക്കു ശേഷം തന്നെ ആ കട ഉപേക്ഷിക്കേണ്ടി വന്നു. ഒരു ഒറ്റമുറി കട വാടകയ്ക്ക് എടുത്ത് വീണ്ടും ചായ കച്ചവടം തുടങ്ങി. ഹോട്ടലുകൾ ഒന്നും നടത്തി പരിചയം ഇല്ലാത്തതുകൊണ്ട് തന്നെ അതൊരു വലിയ നഷ്ടത്തിലവസാനിച്ചു. അങ്ങനെ ജീവിതം കടക്കെണിയിലായി.

കടങ്ങൾ വീട്ടാൻ പ്രത്യേകിച്ച് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ കുറേ ദൂരത്തായി വേറെ ഒരു സ്ഥലത്ത് വീണ്ടുമൊരു ചെറിയ ഹോട്ടൽ തുടങ്ങി. ആദ്യം വീഴ്ന്നതിനേക്കാളും കുറച്ചുകൂടി ആഴത്തിലുള്ളൊരു കുഴിയിലേക്ക് വീണ്ടും വീണു! ചുറ്റിലും കടക്കാർ.. കടക്കാരെ പേടിച്ചു പാതിരാത്രിയിലെപ്പോഴോ ഒക്കെ പപ്പ വീട്ടിൽ വന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള കച്ചിത്തുരുമ്പുകൾ ഒന്നും കയ്യിൽ തടഞ്ഞില്ല. ജീവിതത്തിന്റെ ഇരുട്ടറയിൽ നാലു ജീവിതങ്ങൾ!

വീടിന്റെ ഓരോ മൂലയിലും വിഷാദം തളിർക്കുകയും പൂക്കുകയും ചെയ്തുകൊണ്ടിരുന്നു. പേടിപ്പെടുത്തുന്ന ഒരു നിസ്സഹായാവസ്ഥയിൽ മരണം തേടി പോകാൻ ആ വീട്ടിൽ ഓരോരുത്തരും ചിന്തിച്ചിരുന്നിരിക്കാം! താളം തെറ്റിയ ഒരു ജീവിതം കണ്ടു അമ്മയ്ക്ക് മനസ്സിന്റെ താളം തെറ്റി പോയി. മരണം പടിവാതിക്കൽ തന്നെ കാവൽ ഉറപ്പിച്ചു! ജീവിക്കാൻ കൂട്ടിക്കൊണ്ടുവന്നവളെ മരണം കൂട്ടിക്കൊണ്ടു പോകാതിരിക്കാനായി പിന്നീടുള്ള  ഒരുപാട് രാത്രികളിൽ കാവൽ ഇരുന്ന് ആ മനുഷ്യൻ!

പിന്നീടങ്ങോട്ടുള്ള ജീവിതം ആശുപത്രി വരാന്തകളിലേക്ക് പറിച്ചുനട്ടു. കൈപിടിച്ചു കയറ്റാൻ  ആരും ഇല്ലാതെ നടുക്കടലിൽ പകച്ച് നിൽക്കുന്ന ഒരു തോണിക്കാരന്റെ ഭാവം ഇടയ്ക്കൊക്കെ പപ്പായുടെ കണ്ണുകളിൽ തെളിഞ്ഞു. തോറ്റു ഓടാൻ ഒരുക്കമല്ലെന്ന ഒരു ഉറപ്പും! ജീവിതം നിശ്ചലമായി കൺമുന്നിൽ നിന്നപ്പോഴാണ് ചെറിയൊരു കാറ്ററിംഗ് സർവീസ് തുടങ്ങിയത്. വളരെ അടുത്തറിയാവുന്നവർ ചെറിയ ചില ഫങ്ഷനുകൾക്ക് അഞ്ചും പത്തും ഊണുകൾ വാങ്ങി. ജീവിതത്തിന്റെ ഉപ്പും പുളിപ്പും മധുരവും ചേർത്തു വിളമ്പിയ സദ്യകൾക്ക് ഒക്കെയും പപ്പയുടെ കൈപ്പുണ്യം മുൻപന്തിയിൽ നിന്നു!

അഞ്ചും പത്തിൽ നിന്നും അഞ്ഞൂറും ആയിരവും ആയി സദ്യകൾ ഒരുങ്ങി. നാലുവശവും കൂട്ടിയ അടുപ്പുകളിൽ ആളുന്ന തീയുടെ നടുവിൽ നിന്ന് വെളുപ്പിനെ മുതൽ ഇളക്കി തുടങ്ങുന്ന അവിയലും സാമ്പാറും പായസവും ഒക്കെ പാകത്തിന് ആകുമ്പോഴേക്കും ആ മനുഷ്യന്റെ കണ്ണുകളും വെന്തു ചുവന്നിരിക്കും! ആ കണ്ണുകളിലേക്ക് ഐസ് ക്യൂബുകൾ വച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴുകും.

എങ്കിലും പരാതികളും പരിഭവങ്ങളും ഇല്ലാതെ, ജീവിതത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി, രവിസ് കിച്ചന്റെ കൗണ്ടറിൽ തല ഉയർത്തി, നടുനിവർത്തി ഇരിക്കുമ്പോൾ, ഇപ്പോൾ ഞാൻ പപ്പായുടെ ചോദ്യത്തിനുള്ള മറുപടി പറയട്ടെ....

"മോനേ, കണ്ടോ മഴവില്ല്?"

"ഹാ! കാണുന്നുണ്ട്  പപ്പാ... ഏഴ് അഴകുള്ള ഒരു മഴവില്ല് "

കറുത്തിരുണ്ട ആകാശത്തിനപ്പുറം അഴകുള്ള ഒരു മഴവിൽ ഉണ്ടാകുമെന്നും അതു കാണാൻ ക്ഷമയോടെ കാത്തിരിക്കണം എന്നും പഠിപ്പിച്ചു തന്നതിന്... പതറി വീഴുമ്പോൾ ഒക്കെയും ധൈര്യമായി പിടിച്ചുനിൽക്കണം എന്നും... ജീവിതത്തിന് കയ്‌പ്പു മാത്രമല്ല, മധുരവും ഉണ്ടെന്നു കാണിച്ചുതന്നതിനും... എല്ലാത്തിനുമുപരി കണ്ടുപഠിക്കാൻ ഒരു ജീവിതം കാണിച്ചു തന്നതിന്... ഇനിയുമൊരു വ്യാഴവട്ടക്കാലം രവിസ് കിച്ചന്റെ അമരക്കാരനായി, ഉണ്ണിയ്ക്കും മഴവില്ല് കാണിച്ചു കൊടുത്തു കൊണ്ട് "വാഴുക, വാഴുക... പല്ലാണ്ട് കാലത്തോളം നീണാൾ വാഴുക! പിറന്നാൾ വാഴ്ത്തുക്കൾ..."

Tags:
  • Spotlight
  • Social Media Viral