Tuesday 11 August 2020 04:26 PM IST : By സ്വന്തം ലേഖകൻ

ചിലര്‍ ഓര്‍മ്മകള്‍ക്ക് ജീവന്‍ കൊടുക്കുന്നത് ഇങ്ങനെയാണ്; മരിക്കാത്ത സ്‌നേഹത്തിന് സല്യൂട്ട്; കുറിപ്പ്

wife-statue

അകാലത്തില്‍ പൊലിഞ്ഞ പ്രിയപ്പെട്ടവളുടെ ഓര്‍മകള്‍ക്ക് പ്രതിമയിലൂടെ ജീവന്‍ പകര്‍ന്ന ശ്രീനിവാസ മൂര്‍ത്തിയുടെ വിശേഷം സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ്. വീടെന്ന സ്വപ്‌നം ബാക്കിയാക്കി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവിയാണ് മരണത്തില്‍ നിന്നും 'മരിക്കാത്ത ഓര്‍മയായി' പുനര്‍ജനിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്  8നായിരുന്നു കര്‍ണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന സുപ്രധാന ചടങ്ങ്. സ്വീകരണമേറ്റു വാങ്ങി ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികള്‍ ഒരു  നിമിഷം ആ കാഴ്ച കണ്ട് അമ്പരന്നു പോയി. വീടിന്റെ സ്വീകണ മുറിയില്‍ ശ്രീനിവാസ മൂര്‍ത്തിയുടെ 'മരിച്ചു പോയ ഭാര്യ' ഇരിക്കുന്നു. ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയായിരുന്നു അതിഥികളെ വരവേല്‍ക്കാന്‍ ആതിഥേയന്‍ കാത്തുവച്ചിരുന്നത്. പുതിയൊരു വീടെന്ന സ്വപ്‌നം മനസില്‍ താലോലിച്ച ഭാര്യ മരിച്ചു പോയെങ്കിലും ആ ഓര്‍മകളെ തിരികെ വിളിക്കുകയായിരുന്നു ശ്രീനിവാസ മൂര്‍ത്തി.  മരണത്തിനും തോല്‍പ്പിക്കാനാകാത്ത ആ അമൂല്യമായ സ്‌നേഹത്തെക്കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് രേവതി രൂപേഷ്. സ്‌നേഹങ്ങള്‍ ഓര്‍മകളായി പുനര്‍ജനിക്കുന്നത് ഇങ്ങനെയാണ് എന്ന ആമുഖത്തോടെ രേവതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ചില സ്‌നേഹങ്ങള്‍ ഇങ്ങനെയാണ് , ഓര്‍മ്മകള്‍ക്ക് ജീവന്‍ കൊടുക്കുമ്പോള്‍ .....

ബംഗളൂരു: പിങ്കും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന സാരി, ആവശ്യത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍.. തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ആ ഗൃഹനാഥ. ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ആ മധ്യവയസ്‌കയെ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ അവര്‍ക്ക് ചലനമില്ലെന്നു കാണാം.. കാരണം അതൊരു സിലിക്കോണ്‍ പ്രതിമയാണ്. മൂന്നു വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ നഷ്ടമായ ഭാര്യയെ അവര്‍ ഏറെ മോഹിച്ച ഗൃഹപ്രവേശന ചടങ്ങില്‍ ഇരുത്താന്‍ ഭര്‍ത്താവ് കണ്ടെത്തിയ വഴിയായിരുന്ന ഭാര്യയുടെ രൂപത്തിലുള്ള ആ പ്രതിമ

കര്‍ണ്ണാടക കൊപ്പല്‍ സ്വദേശി ശ്രീനിവാസ മൂര്‍ത്തിആണ് 3 വര്‍ഷം മുമ്പ് മരിച്ച ഭാര്യയെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തത്തില്‍ വീണ്ടും എത്തിച്ചത്.

കടപ്പാട്