Tuesday 28 December 2021 11:52 AM IST : By സ്വന്തം ലേഖകൻ

ആ സന്തോഷത്തിൽ റിപ്പർ സഹതടവുകാരോട് മനസുതുറന്നു: അതിലൊരാൾ ഇൻഫോർമർ: കുടുങ്ങിയതിങ്ങനെ

ripper

 17 വർഷം മുൻപു നടന്ന ഇരട്ടക്കൊലക്കേസിലെ പ്രതി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റിപ്പർ ജയാനന്ദനാണെന്നു (53) പൊലീസ് കണ്ടെത്തി. പോണേക്കര ശ്രീക‍ൃഷ്ണ ക്ഷേത്രത്തിനു സമീപം എഴുപത്തിനാലുകാരിയെയും ബന്ധുവായ നാരായണ അയ്യരെയും (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിനാണു ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ഉണ്ടായത്. ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റാണു കേസ് അന്വേഷിച്ചത്.

2004 മേയ് 30നായിരുന്നു കൊലപാതകം. കൊല നടന്ന വീട്ടിൽ നിന്നു ജയാനന്ദൻ 44 പവൻ സ്വർണാഭരണങ്ങളും 15 ഗ്രാം വെള്ളി നാണയവും കവർന്നിരുന്നു. വയോധികയെ  ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. പോണേക്കര കൊലപാതക വിവരങ്ങൾ ഇയാൾ സഹതടവുകാരുമായി പങ്കുവച്ചതാണു കേസിനു തുമ്പായതെന്ന് ക്രെംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത് പറഞ്ഞു.

ജയാനന്ദന് എതിരെ മറ്റൊരു ഇരട്ടക്കൊലപാതകം ഉൾപ്പെടെ 8 കൊലക്കേസുകളുണ്ട്. മോഷണം ഉൾപ്പെടെ 19 കേസുകളിൽ പ്രതിയായ ജയാനന്ദൻ 2 പ്രാവശ്യം ജയിൽ ചാടിയിട്ടുമുണ്ട്. എല്ലാ കേസിലെയും ശിക്ഷ ഒന്നിച്ച് അനുഭവിക്കുകയാണ്. പോണേക്കരയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും കണ്ടെത്തിയിരുന്നു. നാരായണ അയ്യരുടെ തലയുടെ പിന്നിലായി 9 മുറിവുകളും തലയോടിനു പൊട്ടലും കണ്ടെത്തി.

നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് സമരം തുടങ്ങിയതോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. പറവൂർ, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്ത ജയാനന്ദനെ ക്രൈംബ്രാഞ്ച് തുടക്കം മുതൽ സംശയിച്ചിരുന്നു. എന്നാൽ, പലതവണ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഒടുവിൽ, വധശിക്ഷ ഇളവുചെയ്യപ്പെട്ടതിന്റെ സന്തോഷത്തിൽ ജയാനന്ദൻ സഹതടവുകാരനോടു മനസ്സു തുറന്നു കൊലപാതക വിവരങ്ങൾ പങ്കുവച്ചപ്പോഴാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.

സെൻട്രൽ ജയിലിലെ 3 തടവുകാർ മാത്രമുള്ള അതീവ സുരക്ഷാ സെല്ലിൽ ജയാനന്ദന് ഒപ്പമുണ്ടായിരുന്ന തടവുകാരൻ ക്രൈംബ്രാഞ്ചിന്റെ ഇൻഫോമർ (വിവരം നൽകുന്നയാൾ) ആയിരുന്നു. കൊല നടന്ന ദിവസം രാത്രി 1.30ന് വീടിനു സമീപം ജയാനന്ദനെ കണ്ടതായി അയൽവാസി തിരിച്ചറിഞ്ഞതും തെളിവായി. 15ന് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെയാണു തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. 

More